ലോകത്ത് ഏറ്റവും ഉയരത്തിൽ പറക്കുന്ന പരുന്തുകൾ!
ഗുണപാഠ കഥ
പണ്ടു പണ്ട് ഉല്ലേലപുരം എന്ന രാജ്യത്ത് പക്ഷിശർമൻ എന്നു പേരുള്ള ഒരു രാജാവ് ഉണ്ടായിരുന്നു. പേരുപോലെ തന്നെ പക്ഷികളെ രാജാവിന് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷികളെ ആരും ഉപദ്രവിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. അങ്ങനെ ചെയ്യുന്നവർക്കു കടുത്ത ശിക്ഷകളാണു രാജാവ് നൽകിയിരുന്നത്. പക്ഷികൾക്കു സുഖമായി താമസിക്കാൻ വലിയ പക്ഷിസങ്കേതം പക്ഷിശർമൻ ഉല്ലേലപുരത്ത് സ്ഥാപിച്ചിട്ടുണ്ട്. ലോകത്തെ എല്ലാ വർഗത്തിലുമുള്ള പക്ഷികൾ ആ കാട്ടിലുണ്ടായിരുന്നു. അവർ ഇഷ്ടംപോലെ ഭക്ഷണം കഴിച്ച് പാറിപ്പറന്ന് ആ കാട്ടിലൂടെ നടന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഉല്ലേലപുരത്തെ പ്രമുഖ വ്യാപാരി ലംബു ലോകം ചുറ്റിവന്നപ്പോൾ രാജാവിനു രണ്ടു പരുന്തുകളെ സമ്മാനമായി കൊടുത്തു.
‘രാജാവേ, ലോകത്ത് ഏറ്റവും ഉയരത്തിൽ പറക്കുന്ന പരുന്തുകളാണ് ഇവ. പക്ഷേ, നമ്മുടെ രാജ്യത്തെ കാലാവസ്ഥ ഇവയ്ക്കു പറ്റാത്തതിനാൽ നല്ല പരിശീലനം കൊടുക്കേണ്ടിവരും. അങ്ങനെ ചെയ്താൽ അങ്ങയുടെ രാജ്യത്തും ഈ പരുന്തുകൾ ഉയരത്തിലുയരത്തിൽ പറക്കും.’
ലംബു പറഞ്ഞു.
‘ഓഹോ, വളരെ നന്ദി. ആരവിടെ, ലംബുവിനു രണ്ടു കിഴി സ്വർണനാണയം സമ്മാനമായി നൽകൂ.’ രാജാവ് ഉത്തരവിട്ടു.
സമ്മാനം വാങ്ങി ലംബു സന്തോഷത്തോടെ കൊട്ടാരം വിട്ടു.
രാജാവ് ഉടൻ രാജ്യത്തെ വിദഗ്ധനായ പക്ഷി പരിശീലകൻ ചന്ദ്രകാന്തനെ വിളിച്ചു വരുത്തി.
‘ ചന്ദ്രകാന്താ, രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പരുന്തുകളെ പരിശീലിപ്പിച്ച് ഉയരത്തിൽ പറക്കുന്നവരാക്കണം.’
രാജാവിന്റെ നിർദേശം കിട്ടിയ ഉടൻ ചന്ദ്രകാന്തൻ പരുന്തുകളുമായി പക്ഷിസങ്കേതത്തിൽ ചെന്നു പരിശീലനം തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞു. രാജാവ് പരുന്തുകൾ പറക്കുന്നതു കാണാൻ പക്ഷി സങ്കേതത്തിൽ എത്തി.
പക്ഷേ, പരുന്തുകളിൽ ഒന്നുമാത്രമേ ഉയരത്തിൽ പറക്കുന്നുള്ളു. മറ്റേ പരുന്ത് മരക്കൊമ്പിൽതന്നെ ഇരിക്കുകയാണ്.
അതു കണ്ട് രാജാവ് കോപാകുലനായി.
‘ചന്ദ്രകാന്താ ഇതെന്തു പറ്റി.’
‘എത്ര ശ്രമിച്ചിട്ടും രണ്ടാമത്തെ പരുന്ത് പറക്കുന്നില്ല രാജാവേ’, ചന്ദ്രകാന്തൻ നിസ്സഹായത വെളിപ്പെടുത്തി.
ആ സമയത്ത് വയോധികനായ രാജ്യത്തെ പഴയ പക്ഷിപരീശീലകൻ അവിടേക്കു വന്നു.
‘രാജാവേ ഇതിനു പരിഹാരം എന്റെ കയ്യിലുണ്ട്.’
രാജാവിനു സന്തോഷമായി.
വയോധികൻ പക്ഷിസങ്കേതത്തിലേക്കു നടന്നുകയറി. കുറച്ചു കഴിഞ്ഞപ്പോൾ അതാ ആകാശത്തു രണ്ടു പരുന്തുകളും ഉയരെയുയരെ വട്ടമിട്ടു പറക്കുന്നു.
പക്ഷിസങ്കേതത്തിൽനിന്നു തിരിച്ചിറങ്ങിവന്ന വയോധികനെ രാജാവ് ഏറെ സന്തോഷത്തോടെ കെട്ടിപ്പിച്ചു. ഇതെങ്ങനെ സാധിച്ചുവെന്ന് അന്വേഷിച്ചു.
അപ്പോൾ വയോധികൻ പറഞ്ഞു:
‘രണ്ടാമത്തെ പരുന്ത് സുഖമായി ഇരുന്ന കൊമ്പ് വെട്ടിമാറ്റുക മാത്രമാണ് ഞാൻ ചെയ്തത്. അതോടെ സ്വസ്ഥമായ വാസസ്ഥലം നഷ്ടപ്പെട്ട് പരുന്ത് ഉയരത്തിൽ പറക്കാൻ തുടങ്ങി. മനുഷ്യനായാലും അങ്ങനെ തന്നെയാണ്. സുഖം പിടിച്ച് എവിടെയെങ്കിലും ഇരുന്നാൽ അവൻ മടിയനായിപ്പോകും. ആ സുഖകരമായ സ്ഥലം തകർത്താൽ മാത്രമേ ഉയരങ്ങൾ നേടാനാകൂ’.
ഏറെ സന്തുഷ്ടനായ രാജാവ് വയോധികനെ കൈനിറയെ സമ്മാനങ്ങളുമായി യാത്രയാക്കി.
Summary : Moral story-highest flying bird eagle