പേടിപ്പെടുത്തുന്നതിൽ നാലാമൻ; ഛിന്നഗ്രഹം ഭൂമിയിൽ വന്നിടിക്കും, 2084 സെപ്റ്റംബർ 16ന്!
ഇന്നിടിക്കും, നാളെ വന്നിടിക്കും എന്നൊക്കെ പലപ്പോഴും ഛിന്നഗ്രഹങ്ങൾ ഭൂമിയെ ‘ഭീഷണി’പ്പെടുത്താറുണ്ട്. മിക്കവയും ഭൂമിയെ തൊടാതെ കടന്നു പോവുകയാണു പതിവ്. പക്ഷേ യൂറോപ്യൻ സ്പേസ് ഏജൻസി(ഇഎസ്എ) അടുത്തിടെ ഒരു കാര്യം പറഞ്ഞു– 2084 സെപ്റ്റംബർ 16ന് ഭൂമിയിലേക്ക് ഒരു ഛിന്നഗ്രഹം വന്നിടിക്കും. അതിന്റെ പേര് 2019 എസ്‌യു3. തമാശ പറഞ്ഞതൊന്നുമല്ല, അടുത്ത 65–70 വർഷത്തിനിടെ എസ്‌യു3 ഛിന്നഗ്രഹം ഭൂമിയിൽ വന്നിടിക്കാൻ ഏറ്റവും സാധ്യതയുള്ള ദിനമാണ് അവർ പുറത്തുവിട്ടത്. ഈ ഛിന്നഗ്രഹത്തെ ‘റിസ്ക് ലിസ്റ്റിൽ’ ഉൾപ്പെടുത്തുകയും ചെയ്തു.
ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ ശതമാനമെങ്കിലും സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെ ഉൾപ്പെടുത്തി തയാറാക്കുന്നതാണ് റിസ്ക് ലിസ്റ്റ്. 46 അടി വ്യാസമുള്ള ഇതിനെ ഭൂമിക്ക് ഏറ്റവും ഭീഷണിയുള്ള നാലാമത്തെ ഛിന്നഗ്രഹമായാണു പട്ടികയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ഇതു ഭൂമിയിലേക്കു വന്നിടിക്കാൻ 152ൽ ഒന്ന് എന്ന കണക്കിനു സാധ്യതയുണ്ട്. ഭൂമിക്ക് ഏറ്റവും അടുത്ത് എസ്‌യു3 എത്തുന്ന 12 ദിവസങ്ങളിലാണ് ഏറ്റവും പേടിക്കേണ്ടത്. എല്ലായിപ്പോഴും കൃത്യമായി നിരീക്ഷിക്കേണ്ട ഛിന്നഗ്രങ്ങളെ ഉൾപ്പെടുത്തിയ മുൻഗണനാ പട്ടികയിലും ഈ ഭീമൻ ഇടംപിടിച്ചിട്ടുണ്ട്. അതിൽനിന്നെല്ലാം തന്നെ അറിയാമല്ലോ എത്രമാത്രം പ്രശ്നക്കാരനാണ് ഇവനെന്ന്.
പക്ഷേ ഭൂമിക്കു മൊത്തം ഭീഷണിയാകുന്ന വിധത്തിലായിരിക്കില്ല എസ്‌യു3 വന്നിടിക്കുകയെന്നും ഗവേഷകർ പറയുന്നു. ഏകദേശം 73,435 മൈൽ ദൂരത്തു നിന്നായിരിക്കും ഇത് 2084ൽ ഭൂമിക്കു നേരെ പാഞ്ഞെത്തുക. എന്നാൽ ചിലപ്പോൾ അത്രയും ദൂരെവരെ വന്നു ഛിന്നഗ്രഹം മാറിപ്പോകാനും സാധ്യതയുണ്ട്. 1930കളിലാണ് ആദ്യമായി എസ്‌യു3 ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കു കടന്നുവരാൻ സാധ്യതയുള്ള പല ഛിന്നഗ്രങ്ങളെയും അക്കാലത്തു കണ്ടെത്തിയിരുന്നു. അത്തരത്തിലുള്ള ഏറ്റവും ആദ്യത്തെ ഛിന്നഗ്രഹത്തിനു നല്‍കിയിരുന്ന പേരായിരുന്നു1862 അപ്പോളോ എന്നതാണ്. പിന്നീട് കണ്ടെത്തിയ എസ്‌യു3 ഉൾപ്പെടെയുള്ള ഛിന്നഗ്രഹങ്ങളും അറിയപ്പെടുന്നത് അപ്പോളോ ആസ്റ്ററോയിഡ്സ് എന്നാണ്.
ഈ ഛിന്നഗ്രഹങ്ങൾ ബുധൻ, ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ ഭ്രമണപഥത്തിലേക്കും ഇടിച്ചു കയറാൻ സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു. പക്ഷേ ഭൂമിയുടെ അടുത്തെത്തിയാൽ ‘ഇടിച്ചേ അടങ്ങൂ’ എന്ന മട്ടിലായിരിക്കും ഇതിന്റെ വരവെന്നും ഗവേഷകർ പറയുന്നു. ആകെയുള്ള ഒരാശ്വാസം, കാര്യമായ നാശനഷ്ടങ്ങളൊന്നുമുണ്ടാക്കാനുള്ളത്ര വലുപ്പം ഇതിനില്ല എന്നതു മാത്രമാണ്. പക്ഷേ അപ്പോഴും നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രയാണെന്നു പറയാനാകില്ല. അടുത്ത 100 വർഷത്തിനിടെ ഭൂമിയെ ഇടിക്കാൻ സാധ്യതയുള്ള ഏകദേശം 878 ഛിന്നഗ്രഹങ്ങളുണ്ടെന്നാണു ഗവേഷകർ പറയുന്നത്. അതിനാൽത്തന്നെ ഇവയെ തടഞ്ഞു നിർത്താനുള്ള പരമാവധി വഴികളും നോക്കുന്നുണ്ട്. ഛിന്നഗ്രഹം വന്നിടിച്ചാല്‍ എങ്ങനെയെല്ലാം പ്രതിരോധിക്കാം എന്നതിന്റെ ‘മോക്ക് ഡ്രില്ലും’ നടത്താനിരിക്കുകയാണ് നാസ.