പുഴുപിടിത്തം മുതൽ മലമുകളിലെ തുണി തേയ്ക്കൽ‌ വരെ;  കേട്ടാൽ ചിരിവരുന്ന കളികൾ, famous,  history, Covid19,  Corona, most funny games, world, Padhippura, Manorama Online

പുഴുപിടിത്തം മുതൽ മലമുകളിലെ തുണി തേയ്ക്കൽ‌ വരെ; കേട്ടാൽ ചിരിവരുന്ന കളികൾ

തയാറാക്കിയത്്: അൻസു അന്ന ബേബി

ലോക്ഡൗണിൽ കുടുങ്ങി, പുറത്തൊന്നിറങ്ങി കളിക്കാൻ കഴിയാത്തതിന്റെ സങ്കടത്തിലാണോ കൂട്ടുകാർ? സാധാരണനിലയിലാണെങ്കിൽ വേനലവധിനാളുകളാണ്. നാടാകെ കളിക്കളങ്ങളിലും കൊയ്ത്തു കഴിഞ്ഞ പാടത്തുമൊക്കെ എന്തെല്ലാമെന്താല്ലം കളികൾ കളിച്ചേനെ നമ്മൾ. സാരമില്ല, കോവിഡിനെ തോൽപിക്കാനുള്ള വലിയൊരു കളിയിലാണല്ലോ നമ്മൾ. അപ്പോൾ പഴയ ചില കളികൾ മാറ്റിവയ്ക്കേണ്ടി വരും. നമ്മുടെ കളിക്കാലം തിരിച്ചു വരിക തന്നെ ചെയ്യും! ക്രിക്കറ്റും ഫുട്ബോളും ബാഡ്മിന്റനും അല്ലാതെ, കേട്ടാൽ തന്നെ ചിരിവരുന്ന ഒരുപാട് കളികളുണ്ട് ലോകത്ത്. അവയിൽ ചിലത് ഇതാ...

വേം ചാമിങ്
പുഴുപിടിത്തമാണ് സംഗതി. ഇംഗ്ലണ്ടിൽ ലോകചാംപ്യൻഷിപ് വരെ നടക്കുന്ന മത്സരയിനമാണിത്. മത്സരാർഥികൾക്ക് കുറച്ച് സ്ഥലം അനുവദിക്കും. അവിടുന്ന് അരമണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പുഴുവിനെ കണ്ടുപിടിക്കുന്നയാൾ വിജയി.

ബെഡ് റേസിങ്
പേരു സൂചിപ്പിക്കുംപോലെ കട്ടിലോട്ടമാണ് മത്സരം. ഒരാൾ കട്ടിലിൽ ഇരിക്കും. 5 പേർ കട്ടിൽ വലിച്ചു കൊണ്ട് ഓടണം. ആദ്യം ഓടിയെത്തുന്നവർ വിജയിക്കും. ഫൈനൽ റൗണ്ടിൽ പുഴയിലൂടെയാണ് ഓടേണ്ടത്. 1965 ൽ അമേരിക്കൻ സൈന്യത്തിലാണ് മത്സരം തുടങ്ങിയത്.


ചെസ് ബോക്സിങ്
ബോക്സിങ്ങും ചെസും കൂട്ടിക്കുഴച്ചു കളിച്ചാൽ എങ്ങനെയിരിക്കും? ഫിൻലൻഡിലാണ് ബുദ്ധിയും കരുത്തും ഒരുപോലെ അളക്കുന്ന ഈ മത്സരയിനമുള്ളത്. മത്സരാർഥികൾ തമ്മിൽ ഒരു റൗണ്ട് ചെസ് കളിക്കും. അടുത്ത റൗണ്ട് ബോക്സിങ്ങാണ്. ഇടി കൊണ്ടും കൊടുത്തും മടുത്തുകഴിയുമ്പോൾ വീണ്ടും ചെസ്. ഇങ്ങനെ 11 റൗണ്ട് വീതമാണ് മത്സരം.

എക്സ്ട്രീം അയണിങ്
തുണി തേയ്ക്കലാണ് മത്സരം. വെറുതെ വീടിനുള്ളിലിരുന്ന് തേച്ചാൽ പോരാ. മലമുകളിലോ മരത്തിൽ തൂങ്ങിക്കിടന്നോ വേണം തേക്കാൻ. അൽപം റിസ്ക് വേണമെന്നു ചുരുക്കം.

ചീസ് റോളിങ്
കുന്നിനു മുകളിൽനിന്നു താഴേക്ക് ഉരുണ്ടോടുന്ന ഒരു കഷണം ചീസ്. അതിനെ പിടിക്കാൻ പിന്നാലെ ഉരുളുന്ന ഒരുകൂട്ടം ആളുകൾ. ഇതാണ് ചീസ് റോളിങ് മത്സരം. ഇംഗ്ലണ്ടിലെ കൂപ്പേഴ്സ് ഹില്ലിൽ ആണ് എല്ലാ വർഷവും ഈ മത്സരം നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ മറ്റു രാജ്യങ്ങളിൽ നിന്നുവരെ ആളുകൾ എത്താറുണ്ട്.