ഞങ്ങളുടെ മക്കളെ മാറ്റി നിർത്തല്ലേ...
മക്കളുടെ ഓൺലൈൻ ക്ലാസുകൾ തീർക്കുന്ന ആശങ്കകളിൽ നിന്നുള്ളതാണ് ഈ കത്ത്. അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വലിയൊരു വിഭാഗം കുട്ടികളുടെ പ്രശ്നങ്ങൾ
സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയാണ് ഈ അമ്മ പഠിപ്പുരയിലൂടെ...
പ്രിയപ്പെട്ട മുഖ്യമന്ത്രീ...
ഞാൻ കോട്ടയം ജില്ലയിലെ വൈക്കത്തു താമസിക്കുന്ന ഒരു അമ്മ. സ്കൂളുകളിലെ ഓൺലൈൻ പഠനം വ്യാപകമാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന നല്ല ശ്രമങ്ങളെ അഭിനന്ദിക്കുന്നു. എനിക്കു മൂന്നു മക്കൾ. മൂത്ത കുട്ടി പ്ലസ്ടുവിൽ, രണ്ടാമത്തെയാൾ ഏഴിലും ചെറിയ കുഞ്ഞ് യുകെജിയിലും പഠിക്കുന്നു. മൂന്നു പേരും വീടിനടുത്തെ അൺഎയ്ഡഡ് സിബിഎസ്ഇ സ്കൂളിലാണ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ജൂൺ ഒന്നിനു തന്നെ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ തുടങ്ങിയല്ലോ. അതൊടൊപ്പം എന്റെ മക്കൾക്കും ക്ലാസ് തുടങ്ങി. പക്ഷേ, പൊതുവിദ്യാലയങ്ങളിലെപ്പോലെ ടിവി വഴിയല്ല, ഓൺലൈനായാണു ക്ലാസ്. അതിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടട്ടെ..
പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കു വിക്ടേഴ്സ് ചാനലിൽ പല ക്ലാസുകൾക്ക്, പല വിഷയങ്ങളിൽ പല സമയത്തായാണല്ലോ ക്ലാസുകൾ. ഇങ്ങനെയാവുമ്പോൾ ഒരു ടിവിയുണ്ടെങ്കിൽ വീട്ടിലെ, പല ക്ലസുകളിൽ പഠിക്കുന്ന മക്കൾക്കു ക്ലാസുകൾ എല്ലാം കാണാം. എന്നാൽ എന്റെ മക്കൾ പഠിക്കുന്ന സ്കൂൾ ഉൾപ്പെടെ മിക്ക അൺഎയ്ഡഡ് സ്കൂളുകാരും ഒരേ സമയത്തു പല ക്ലാസുകൾ എന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെയാകുമ്പോൾ യുകെജിയിലും ഏഴിലും പ്ലസ്ടുവിലും പഠിക്കുന്ന രക്ഷിതാവ് 3 പേർക്കും പ്രത്യേകം സ്മാർട് ഫോണോ ടാബോ ലാപ്ടോപ്പോ സംഘടിപ്പിക്കണം.
ജോലിക്കു പോകേണ്ടതിനാൽ എന്റെയും ഭർത്താവിന്റെയും ഫോൺ വീട്ടിൽ കുട്ടികളെ ഏൽപിച്ചു പോകാനും വയ്യ. ഒരെണ്ണം ഇതിനകം വാങ്ങി. സ്വകാര്യ സ്ഥാപനത്തിലാണ് എനിക്കും ഭർത്താവിനും ജോലി. ഈ പ്രതിസന്ധികാലത്തു മക്കളുടെ ഫീസ് അടയ്ക്കാൻ തന്നെ ബുദ്ധിമുട്ടുമ്പോൾ മൂന്നു സ്മാർട് ഫോൺ വാങ്ങുക, അതിനു നെറ്റ് റീചാർജ് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അത് ഒരു ഇടത്തരം കുടുംബത്തിനെ എങ്ങനെ പ്രയാസത്തിലാക്കുമെന്ന് ഊഹിക്കാമല്ലോ.
മറ്റൊരു പ്രശ്നം ഇന്റർനെറ്റ് സ്പീഡില്ലാത്തതാണ്. ഗ്രാമങ്ങളിലൊക്കെ നെറ്റ് സ്പീഡ് ഇപ്പോഴും ഒരു വെല്ലുവിളിയാണ്. പലപ്പോഴും ക്ലാസുകൾ ചടങ്ങു തീർക്കാൻ വേണ്ടിയുള്ള ഒരു അഭ്യാസം പോലെ തോന്നുന്നു. ആരുടെയും കുറ്റമല്ല, സാങ്കേതിക പരിമിതികൾ കാരണമാണെന്നറിയാം, എന്നാലും എല്ലാ കുട്ടികൾക്കും തുല്യമായ പ്രാതിനിധ്യമില്ലാത്ത പഠനം നല്ല ആശയമാണെന്നു എങ്ങനെ പറയും?
കൗതുകകരമായ ഒരു കാര്യം കൂടി ഞാൻ ചൂണ്ടിക്കാട്ടട്ടെ, യുകെജിയിൽ പഠിക്കുന്ന ചെറിയ കുട്ടിക്കുമുണ്ട് ഓൺലൈൻ ക്ലാസ്! ഈ പ്രായത്തിലുള്ള കുട്ടികളെ ക്ലാസിൽ നേരിട്ടു പഠിപ്പിക്കാൻ തന്നെ പ്രയാസമാണല്ലോ, പിന്നെങ്ങനെ ഈ പിഞ്ചുമക്കളെ ശ്രദ്ധ തെറ്റാതെ ഫോണിനോ കംപ്യൂട്ടറിനോ മുന്നിൽ പിടിച്ചിരുത്തും? അതിനാൽ, ചെറിയ ക്ലാസുകളിൽ ഇത്ര തിരക്കിട്ടു ഓൺലൈൻ ക്ലാസുകൾ നടത്തേണ്ടതുണ്ടോ എന്നതിനെപ്പറ്റി പുനരാലോചിക്കണം
മുകളിൽ പറഞ്ഞതൊന്നും എന്റെ മാത്രം പ്രശ്നമല്ല. മിക്ക രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും അവസ്ഥ ഇതുതന്നെ. അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവരൊക്കെ ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരാണെന്നു കരുതരുത്. പലരും ഞങ്ങളെപ്പോലെയുള്ളവരാണ്. യാത്രാ സൗകര്യമുൾപ്പെടെ പല സാഹചര്യങ്ങൾ പരിഗണിച്ചാണു ഞങ്ങളൊക്കെ മക്കളെ അൺഎയ്ഡഡ് സ്കൂളിൽ ചേർത്തത്. അതിനാൽ, അൺഎയ്ഡഡുകാരല്ലേ എന്നു കരുതി ഞങ്ങളുടെ കുട്ടികളെ മാറ്റി നിർത്തരുതേ...
ഓൺലൈൻ ക്ലാസുകൾ, ഫീസ് എന്നിവ സംബന്ധിച്ച് അൺഎയ്ഡഡ് സ്ഥാപനങ്ങൾക്കു കൃത്യമായ മാർഗനിർദേശം പുറപ്പെടുവിക്കാനും അതു നടപ്പാക്കുന്നതിൽ ഇടപെടാനും സർക്കാർ തയാറാകണം. ചുരുങ്ങിയപക്ഷം ക്ലാസുകൾ വ്യത്യസ്ത സമയത്താക്കാനും പ്രൈമറി ക്ലാസുകളിലെ ഓൺലൈൻ ക്ലാസുകൾ വേണ്ടെന്നു വയ്ക്കാനുമെങ്കിലും നടപടിയുണ്ടാകണം. കോവിഡ് പ്രതിസന്ധി ഓൺലൈൻ പഠന സൗകര്യമുള്ളവരും ഇല്ലാത്തവരും എന്ന രീതിയിൽ നമ്മുടെ കുട്ടികളെ വിഭജിക്കാൻ കാരണമാകരുതേ എന്നാണ് എന്റെ അഭ്യർഥന. അങ്ങയുടെ ഇടപെടൽ പ്രതീക്ഷിച്ചു കൊണ്ട്..