വർഷങ്ങളായി തിളച്ചു മറിയുന്ന ലാവ തടാകം കണ്ടിട്ടുണ്ടോ?
നവീൻ മോഹൻ
ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവതങ്ങൾ– ‘ആക്ടീവ് വോൾക്കാനോസിനെ’ വിശേഷിപ്പിക്കുന്നതങ്ങനെയാണ്. ലോകമെമ്പാടും 1500–നടുത്ത് സജീവ അഗ്നിപർവതങ്ങളുണ്ട്. എന്നാൽ സജീവമാണെന്നു കരുതി അഗ്നിപർവതമുഖത്ത് എല്ലായിപ്പോഴും തിളച്ചുമറിയുന്ന ലാവ തടാകമുണ്ടെന്നു കരുതരുത്. ഭൂരിപക്ഷം അഗ്നിപർവതങ്ങളും അവയുടെ ഉൾവശത്താണ് ലാവ സംഭരിച്ചിരിക്കുന്നത്. ഭൂകമ്പം പോലുള്ള ‘അനുകൂല’ സാഹചര്യം വരുന്നതോടെ സമ്മർദം കാരണം പുറത്തുവരികയും ചെയ്യും. എല്ലായിപ്പോഴും തിളച്ചുമറിയുന്ന ലാവ വഹിച്ചിരിക്കുന്ന അഗ്നിപർവതങ്ങളുമുണ്ട്. അത്തരത്തിൽ ഏഴെണ്ണത്തെയാണ് ഇതുവരെ തിരിച്ചറിഞ്ഞിരുന്നത്. ഇപ്പോഴിതാ ലോകത്തിനു മുന്നിലേക്ക് എട്ടാമനും എത്തിയിരിക്കുന്നു.
ബ്രിട്ടനു കീഴിലുള്ള വിദൂര ദ്വീപുകളിലൊന്നായ സോണ്ടേഴ്സിലാണ് മൗണ്ട് മൈക്കേൽ എന്ന ഈ അഗ്നിപർവതം. സൗത്ത് അറ്റ്‍ലാന്റിക്കിലെ ഈ ദ്വീപിൽ ‘ചൂടൻ’ ലാവ ശേഖരവുമായി നിലനിൽക്കുന്ന അഗ്നിപർവതത്തെ തിരിച്ചറിഞ്ഞത് സാറ്റലൈറ്റ് ദൃശ്യങ്ങളിൽ നിന്നായിരുന്നു. സ്ട്രാറ്റോ വോൾക്കാനോ വിഭാഗത്തിൽപ്പെട്ടതാണ് മൗണ്ട് മൈക്കേൽ. അതായത് മറ്റൊരു അഗ്നിപർവതത്തിൽ നിന്നു പുറന്തള്ളപ്പെട്ട ലാവയും ചാരവുമെല്ലാം കുമിഞ്ഞു കൂടി, പാളികളായി രൂപപ്പെട്ടത്. സാധാരണ അഗ്നിപർവതങ്ങളെപ്പോലെ ‘കോൺ’ ആകൃതിയിൽത്തന്നെയാണ് ഇതിന്റെയും രൂപം. ഏകദേശം 990 മീറ്റർ ഉയരമുള്ള മൗണ്ട് മൈക്കേലിന്റെ രൂപത്തിലുള്ള പ്രത്യേകത കാരണം പർവതാരോഹകർക്ക് അപ്രാപ്യമാണ് ഇവിടം. അതിലാണ് ലോകത്തിനു മുന്നിൽ ഈ ലാവ തടാകം ഇതുവരെ ‘അപ്രത്യക്ഷ’മായിരുന്നത്.
1990–കൾ മുതൽ തന്നെ പർവതത്തിൽ നിന്നുള്ള താപനിലയിലെ അസാധാരണമായ വ്യത്യാസം സെൻസറുകളിലൂടെ തിരിച്ചറിഞ്ഞിരുന്നു 1820ലാണ് ആദ്യമായി ഈ അഗ്നിപർവതത്തെപ്പറ്റി ഒരു അടയാളപ്പെടുത്തലുണ്ടാകുന്നത്. റഷ്യൻ പര്യവേഷകനായ ഫാബിയാൻ ഗോട്ട്ലിബ് ആയിരുന്നു അതിനു പിന്നിൽ. പർവതത്തിന്റെ മുകൾ ഭാഗത്തു നിന്നു സദാസമയവും ഉയർന്നുവരുന്ന നീരാവിയെപ്പറ്റിയും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളിലും അഗ്നിപർവതത്തിന്റെ മുകൾഭാഗം മുഴുവനും മഞ്ഞുമൂടിക്കിടക്കുന്നതു പോലെ വെളുത്ത പുതപ്പാണ്. ഇതിനു പിന്നിലെ കാരണവും ഗവേഷകർ കണ്ടെത്തി.
2003 മുതൽ 2018 വരെയുള്ള ഡേറ്റ വിശകലനം ചെയ്ത് ഈ രഹസ്യങ്ങളെല്ലാം തിരിച്ചറിഞ്ഞത് ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെയും ബ്രിട്ടിഷ് അന്റാർട്ടിക് സർവേയിലെയും ഗവേഷകരായിരുന്നു.ഏകദേശം രണ്ടു ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പമുണ്ട് മൗണ്ട് മൈക്കേലിലെ ലാവ തടാകത്തിന്. ലാവയുടെ ഏറ്റവും ഉയർന്ന ചൂട് ചില ഘട്ടങ്ങളിൽ 1280 ഡിഗ്രി സെൽഷ്യസ് വരെയെത്തും. ഈ ചൂട് 1000 ഡിഗ്രി സെൽഷ്യസായിത്തന്നെ നിലനിന്നു പോരുകയും ചെയ്യുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി. ഇത്രയും കാലം എങ്ങനെ തിളച്ചു മറിയുന്ന ലാവ തടാകത്തെ നിലനിർത്താൻ മൗണ്ട് മൈക്കേലിനായി? എന്തുകൊണ്ട് ലാവ തടാകം ഉറഞ്ഞു കട്ടിയായില്ല?
രണ്ടു തരം വസ്തുക്കളാണ് അഗ്നിപർവതങ്ങളിൽ നിന്നു പുറന്തള്ളപ്പെടുക. ഉരുകിയ ലാവയുടെയും ചാരത്തിന്റെയുമെല്ലാം രൂപത്തിലുള്ള പാറയാണ് ഒന്ന്. രണ്ടാമത്തേതാണ് ചൂടു വാതകങ്ങളും നീരാവിയുമെല്ലാം. കാർബൺഡൈ ഓക്സൈഡും സൾഫർ ഡൈ ഓക്സൈഡുമെല്ലാം ഇതിൽ ഉൾപ്പെടും. ഈ വാതകങ്ങളുടെയും, പ്രത്യേകിച്ച് സൾഫറിന്റെയും, നീരാവിയുടെയും സാന്നിധ്യമാണ് മൗണ്ട് മൈക്കേൽ അഗ്നിപർവതത്തിനു മുകളിലെ വെള്ളപ്പുതപ്പിനു കാരണം. സജീവ അഗ്നിപർവതങ്ങളിലേറെയും ലാവയെ പുറന്തള്ളുകയാണു പതിവ്. എന്നാൽ പുറത്തേക്കു കടക്കാൻ തക്കതായ വിധം ലാവയുടെ ‘ഓവർഫ്ലോ’ മൗണ്ട് മൈക്കേലിലുണ്ടായിരുന്നില്ല. അൽപാൽപമായിട്ടായിരുന്നു ലാവ ഭൂമിയുടെ പാളിയായ മാന്റിലിൽ നിന്നു വന്നുകൊണ്ടിരുന്നത്. ഈ ലാവയ്ക്കൊപ്പം വൻതോതിൽ ചൂടുവാതകങ്ങളും ഉണ്ടായിരുന്നു. അവയാണ് ഇതിനെ കാലങ്ങളായി ‘തിളപ്പിച്ചു’ കൊണ്ടേയിരിക്കുന്നതും.
മൗണ്ട് മൈക്കേൽ ഇന്നേവരെ പൊട്ടിത്തെറിച്ചതായും രേഖകളില്ല. അതിനാൽത്തന്നെ ലാവയും വാതകങ്ങളും തമ്മിൽ ചൂടിന്റെ കാര്യത്തിൽ കൃത്യമായ അനുപാതം സൂക്ഷിക്കുന്നുവെന്നതു വ്യക്തം. എന്തായാലും പർവതത്തിന്റെ നേരത്തേയുള്ള ‘സ്വഭാവം’ മനസ്സിലാക്കാൻ കൂടുതൽ ഡേറ്റ തേടുകയാണ് ഗവേഷകർ. വർഷങ്ങളായി ഭൂമിയിലെ പ്രധാന കേന്ദ്രങ്ങളുടെ ചിത്രം പകർത്തുന്ന അമേരിക്കൽ ലാൻഡ്സാറ്റ് എർത്ത്–ഒബ്സർവേഷൻ പ്രോഗ്രാമിൽ നിന്നുള്ള ഡേറ്റയാണ് ഇക്കാര്യത്തിൽ സഹായകമാകുമെന്നു കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ 1989 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ ഒരിക്കലും ലാവ തടാകം വറ്റിയതായി കണ്ടെത്തിയിട്ടില്ല. പിന്നീടെപ്പോഴെങ്കിലും അതു സംഭവിച്ചിട്ടുണ്ടോയെന്ന് അറിയുകയാണു ലക്ഷ്യം. മൗണ്ട് മൈക്കേലിനെപ്പറ്റിയുള്ള വിശദമായ പഠനം വോൾക്കാനോളജി ആൻഡ് ജിയോതെർമൽ റിസർച് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.