സ്വര്‍ണത്തിനു വേണ്ടി കുഴിച്ചു, കിട്ടിയത് അതിലും വലിയ ‘മമ്മി’ നിധി!

വടക്കന്‍ കാനഡയിൽ രണ്ടു വർഷം മുൻപാണു സംഭവം. അവിടെ യുക്കോണ്‍ നദിയുടെ തീരത്ത് സ്വര്‍ണം തേടി ഒരുകൂട്ടം ഖനിത്തൊഴിലാളികളെത്തി. എണ്‍പതിനായിരം വര്‍ഷം മുന്‍പ് പൊട്ടിത്തെറിച്ച ഒരു അഗ്നിപര്‍വത്തിന്റെ ചാരം അടിഞ്ഞു കൂടിയ പ്രദേശമായിരുന്നു അത്. ഭാഗ്യപരീക്ഷണത്തിന് പറ്റിയ ഇടം. യുക്കോൺ നദീതടത്തിൽ ഇതിനു മുൻപും സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ‘യുക്കോൺ ഗോള്‍ഡ്’ എന്ന പേരിൽ ഒരു സിനിമ വരെ പുറത്തിറങ്ങിയിട്ടുണ്ട്. നാലു പേർ സ്വർണം തേടി പോകുന്ന കഥയായിരുന്നു അത്. എന്നാൽ ഇവിടെ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു തൊഴിലാളികളുടെ ഖനനം. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് 2016 ജൂലൈ 13ന് ആ നിധി അവര്‍ക്കു മുന്നില്‍ തെളിഞ്ഞു. അതുപക്ഷേ സ്വര്‍ണമായിരുന്നില്ല, എന്നാല്‍ ജീവശാസ്ത്രത്തെ സംബന്ധിച്ച് അതിനേക്കാളും വിലപിടിപ്പുള്ള കണ്ടെത്തലായിരുന്നു.

മഞ്ഞുപാളികള്‍ക്കിടയില്‍ ഒരു പോറലു പോലും പറ്റാത്ത വിധം സംരക്ഷിക്കപ്പെട്ടിരുന്ന ചെന്നായയുടെ മൃതദേഹമായിരുന്നു അത്. മൂക്കു മുതല്‍ വാലിന്റെയറ്റം വരെ യാതൊരു കുഴപ്പവും പറ്റാതെ കണ്ണടച്ചുറങ്ങും വിധമുള്ള ഒരു ചെന്നായ മമ്മി. അതിനെന്താണ് ഇത്ര പ്രത്യേകതയെന്നല്ലേ? ആ ചെന്നായ്ക്കുട്ടി അടുത്തകാലത്തൊന്നുമല്ല മഞ്ഞില്‍പ്പെട്ടു ചത്തത്. അരലക്ഷം വര്‍ഷം പഴക്കമുള്ള മൃതദേഹമായിരുന്നു അത്. വൈകാതെ തന്നെ ഈ വിവരം ഖനിത്തൊഴിലാളികള്‍ ഗവേഷകരെ അറിയിച്ചു. അവരെ സംബന്ധിച്ചിടത്തോളം ലോകത്ത് ഇതാദ്യമായിട്ടായിരുന്നു ഹിമയുഗത്തില്‍ ജീവിച്ചിരുന്ന ഒരു ചെന്നായയുടെ മൃതദേഹം ഇത്രയും കൃത്യമായി സംരക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. പാലിയന്റോളജിസ്റ്റുകളുടെയും ജനിതക വിദഗ്ധരുടെയും ഉള്‍പ്പെടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ മൃതദേഹം പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഇതു പൊതുജനത്തിനു മുന്നില്‍ പ്രദര്‍ശനത്തിനെത്തിച്ചത്. കണ്ടവരെല്ലാം അന്തംവിട്ടു പോയി. അരലക്ഷം വര്‍ഷം പഴക്കമുള്ളതാണെന്ന് ഒരു കാരണവശാലും പറയാത്ത വിധം സംരക്ഷിക്കപ്പെട്ടിരുന്നു ആ മൃതദേഹം.

ഇതോടൊപ്പം ഒരു മാന്‍കുട്ടിയുടെ പാതിമൃതദേഹവും ലഭിച്ചിരുന്നു. അതിലും ശരീര കലകള്‍ക്കു പോലും കാര്യമായ കേടുപാടുകള്‍ പറ്റിയിരുന്നില്ല. ചെന്നായയുടെ മൃതദേഹത്തിലും അതു തന്നെയാണു സ്ഥിതി. ഇന്നുവരെ ഇവയുടെ എല്ലുകളും പല്ലുമൊക്കെയേ ഗവേഷകര്‍ക്ക് ലഭിച്ചിട്ടുള്ളൂ. ഇപ്പോഴിതാ രോമവും തൊലിയും പേശികളും വരെ കൃത്യമായി സംരക്ഷിക്കപ്പെട്ടു മുന്നിലെത്തിയിരിക്കുന്നു. ജനിതക പഠനം സാധ്യമാകും വിധം ഡിഎന്‍എ വേര്‍തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഹിമയുഗത്തിലെ ജീവികളുടെ ദേശാടനം, അവയുടെ ഭക്ഷണരീതി, ജനറ്റിക്സ്, ഇന്നു വടക്കന്‍ കാനഡയില്‍ കാണപ്പെടുന്ന തരം ഹിമച്ചെന്നായ്ക്കളും മാനുകളുമായി ഇവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നെല്ലാം ഇനി മനസ്സിലാക്കാനുണ്ട്. ഹിമയുഗത്തിന്റെ അവസാനകാലത്ത്, അതായത് ഏകദേശം 50,000 വര്‍ഷം മുന്‍പ് യുക്കോണ്‍ നദിയുടെ തീരത്ത് സ്വൈരവിഹാരം നടത്തിയിരുന്നവയാണ് ഈ ചെന്നായും മാനുമെന്നാണു കരുതുന്നത്.

ഇന്നത്തെ കാനഡയുടെ മിക്കഭാഗവും ഹിമയുഗത്തില്‍ മഞ്ഞുമൂടിക്കിടക്കുകയായിരുന്നു. എന്നാല്‍ യുക്കോണ്‍ നദീതടത്തില്‍ മാത്രം മഞ്ഞുപാളികള്‍ കനംകുറഞ്ഞു നിന്നു. അതോടെ മാമത്തുക്കളും കടുവകളും ചെന്നായ്ക്കളും മാനുകളുമെല്ലാം അവിടേക്കെത്തി. എല്ലാറ്റിനും ആവശ്യമായ ഭക്ഷണവുമുണ്ടായിരുന്നു. മേഖലയില്‍ ജന്തുജീവിതം സമൃദ്ധിയോടെ തുടര്‍ന്നു. അതിനിടെയുണ്ടായ അപ്രതീക്ഷിത മഞ്ഞുവീഴ്ചയാണ് ഹിമയുഗത്തിലെ അവസാനത്തെ കണ്ണിയെയും ഇല്ലാതാക്കിയെന്നാണു കരുതുന്നത്. ചാകുമ്പോള്‍ ഈ ചെന്നായ്ക്ക് വെറും എട്ടുമാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂവെന്നും കണ്ടെത്തിയിട്ടുണ്ട്. എന്തായാലും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ‘മമ്മിഫൈഡ്’ ചെന്നായയെന്ന വിശേഷണം ഇതിനു ലഭിച്ചു കഴിഞ്ഞു. അതിനാല്‍ത്തന്നെ പൊതുജനങ്ങള്‍ക്കും കാണുന്നതിനായി കാനഡയിലെ വൈറ്റ്‌ഹോഴ്‌സ് മ്യൂസിയത്തിലേക്ക് ചെന്നായ ‘മമ്മി’യെയും ‘മാന്‍മമ്മി’യെയും മാറ്റാനാണു തീരുമാനം.



അലാവുദ്ദീനും അദ്ഭുതവിളക്കും