ഈജിപ്ഷ്യൻ അദ്ഭുതം വീണ്ടും; പൂച്ചമമ്മിക്ക് വാലുകൾ 3, പിൻകാലുകൾ 5!
ആകാശത്തു നിന്ന് തീമഴ പെയ്യിക്കും, മണൽക്കാറ്റായി ആഞ്ഞടിക്കും, മരിച്ചവരെ പുനർജനിപ്പിക്കും... ‘ദ് മമ്മി’ സിനിമയിലെ വില്ലൻ ഈമോതെപ്പിനാണ് ഈ കഴിവുകളെല്ലാമുള്ളത്. സിനിമ കണ്ട കൊച്ചുകൂട്ടുകാർക്ക് അത്ര പെട്ടെന്നൊന്നും ഈ ഭീകരനെ മറക്കാനാകില്ല. പക്ഷേ കൊടുംക്രൂരനായ ഈ ഈജിപ്ഷ്യൻ പുരോഹിതൻ ഒരു കുഞ്ഞൻ ജീവിയെ കണ്ടാൽ മാത്രം അലറി വിളിച്ചുകൊണ്ടോടും. പൂച്ചയാണ് ആ ജീവി. പുരാതന കാലത്തെ ഈജിപ്തിൽ അത്രയേറെ ദൈവികതയുണ്ടായിരുന്നു പൂച്ചകൾക്ക്. പൂച്ചയുടെ തലയുള്ള ബാസ്റ്റെത് എന്ന ദൈവം വരെയുണ്ടായിരുന്നു ഈജിപ്തിൽ. മാതൃത്വത്തിന്റെയും യുദ്ധത്തിന്റെയുമെല്ലാം ദൈവമായിരുന്നു ബാസ്റ്റെത്. ഈ ദൈവത്തിനുള്ള ബലിയായി പൂച്ചകളുടെ മമ്മികളെ തയാറാക്കി കല്ലറകളിൽ അടക്കുന്ന പതിവും ഈജിപ്തിലുണ്ടായിരുന്നു. ഫറവോമാരും മറ്റും മരിക്കുമ്പോൾ അവരുടെ പ്രിയപ്പെട്ട പൂച്ചകളെ ഒപ്പം മമ്മിയാക്കി അടക്കുന്ന രീതിയുമുണ്ടായിരുന്നു. ഇത്തരത്തിൽ മമ്മിഫിക്കേഷനു വിധേയമാക്കപ്പെട്ട ഒരു പൂച്ചയാണ് ഇപ്പോൾ പുരാവസ്തു ഗവേഷകർക്കിടയിലെ ചർച്ചാ വിഷയം.
ഈജിപ്തിൽ നിന്നു കണ്ടെടുത്ത 2500 വർഷം പഴക്കമുള്ള പൂച്ചമമ്മിയെ സ്കാൻ ചെയ്തു നോക്കിയതായിരുന്നു ഗവേഷകർ. ഫ്രാന്‍സിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സിൽ സൂക്ഷിച്ചിരിക്കുന്ന ഈ മമ്മിയെ സിടി സ്കാൻ വഴിയാണു പരിശോധിച്ചത്. കണ്ടെത്തിയ കാര്യങ്ങൾക്കു മുന്നിൽ ഗവേഷകർ അമ്പരന്നു പോയി. ആ പൂച്ചയ്ക്ക് മൂന്നു വാലുകളുണ്ടായിരുന്നു, അഞ്ച് പിൻകാലുകളും! ചരിത്രപരമായി ഏറെ പ്രധാന്യമുള്ളതിനാൽ മമ്മിയെ ചുറ്റിയിരിക്കുന്ന പ്രത്യേകതരം തുണി എടുത്തുമാറ്റാനും സാധിക്കില്ല. അതോടെ കൂടുതൽ സൂക്ഷ്മമായ സ്കാനിങ് നടത്താനുറപ്പിച്ചു ഗവേഷകർ. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പൂച്ചയുടെ ആന്തരികഘടനയുടെ ത്രീഡി രൂപം തയാറാക്കാനായിരുന്നു തീരുമാനം.
പക്ഷേ ഫ്രഞ്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിവന്റിറ്റിവ് ആർക്കിയോളജിക്കൽ റിസർച്ചിലെ ഗവേഷകരെ അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു പിന്നീടങ്ങോട്ട്. പൂച്ച മമ്മിയുടെ തലയുടെ സ്ഥാനത്ത് ഒരു തുണിയുണ്ടയായിരുന്നു. പൂച്ചയുടെ നട്ടെല്ലും വാരിയെല്ലും നീക്കം ചെയ്ത നിലയിലുമായിരുന്നു. കൂടുതൽ പരിശോധിച്ചപ്പോഴാണ് വ്യക്തമായത്, സംഗതി ഒരൊറ്റ പൂച്ചയല്ല. പലതരം പൂച്ചകളുടെ ശരീരഭാഗങ്ങൾ കൂട്ടിച്ചേർത്തതായിരുന്നു ആ മമ്മി. ലക്ഷക്കണക്കിന് മൃഗമമ്മികളെ കണ്ടെത്തിയിട്ടുണ്ട് ഈജിപ്തിൽ നിന്ന്. പക്ഷേ ഇതുപോലുള്ളവ അപൂർവമെന്നു പറയുന്നു ഗവേഷകർ.
പുരാതന ഈജിപ്തിൽ നിലനിന്നിരുന്ന പലതരം മമ്മിഫിക്കേഷനുകളിൽ ഒന്നാണിതെന്നാണു ഗവേഷകരിലെ ഒരു വിഭാഗം കരുതുന്നത്. അതല്ല, മമ്മിഫിക്കേഷനിലെ ഏതോ നിഗൂഢതയാണ് പൂച്ചയിലൂടെ വ്യക്തമാകുന്നതെന്ന് മറുഭാഗം. മനുഷ്യന്റെ മൃതദേഹ ഭാഗങ്ങൾ കൂട്ടിച്ചേർത്തു ജീവൻ നൽകി രൂപപ്പെടുത്തിയ ഫ്രാങ്കൻസ്റ്റൈനിനെപ്പറ്റി വായിച്ചിട്ടില്ലേ? അതുപോലൊരു പരീക്ഷണമാകാനും സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. പൂച്ചകളെ മാത്രമല്ല, നായ്ക്കളെയും മീൻ, മുതല, എലി, പക്ഷി, കുരങ്ങ് തുടങ്ങിയവയെയും ഈജിപ്തിൽ മമ്മികളാക്കിയിട്ടുണ്ട്.
2015ൽ എണ്ണൂറോളം മൃഗമമ്മികളെ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർ സിടി സ്കാൻ നടത്തി നോക്കിയിരുന്നു. പക്ഷേ മൂന്നിലൊന്ന് മമ്മികളിലും മൃഗാവശിഷ്ടങ്ങളുടെ പൊടിപോലുമുണ്ടായിരുന്നില്ല. പുരാതന ഈജിപ്തിൽ മൃഗങ്ങളുടെ മമ്മികൾക്ക് വൻ ഡിമാൻഡ് ഉണ്ടായിരുന്നതായാണു കരുതപ്പെടുന്നത്. ആചാരപരമായ ചടങ്ങുകൾക്കായി യഥാർഥ മൃഗങ്ങളെ കിട്ടാതായതോടെ പ്രതീകാത്മകമായി മമ്മികളെ നിർമിച്ചതാകാം ഇത്. അല്ലെങ്കിൽ മൃഗമമ്മികളാണെന്നു പറഞ്ഞു പറ്റിച്ചു വിൽപന നടത്തിയതുമാകാം. മഫ്ദെത്ത് എന്ന പേരിലുള്ള പൂച്ചദൈവത്തെ ഈജിപ്തുകാർ പ്രാർഥിച്ചിരുന്ന ബിസി 3400–3000 കാലഘട്ടത്തിൽ പൂച്ചമമ്മികൾക്കു വൻ വിലയുമായിരുന്നു. ഈ ദൈവമാണ് പിന്നീട് ബാസ്റ്റെതിനു വഴിമാറിയത്. വിഷപ്പാമ്പുകളുടെ ദംശനത്തിൽ നിന്നു വരെ രക്ഷ നൽകുന്ന ദൈവമായിരുന്നു ബാസ്റ്റെത് എന്നാണു കരുതുന്നത്. എന്തായാലും പല പൂച്ചകളുടെ ശരീരാവശിഷ്ടങ്ങളുമായി ലഭിച്ച മമ്മിയുടെ രഹസ്യത്തെപ്പറ്റി അന്വേഷിക്കാൻ തന്നെയാണു ഗവേഷകരുടെ തീരുമാനം.
Summary : Mysterious ancient Egyptian cat mummy with 3 tails 5 legs