ഹെറഡോട്ടസ് പറഞ്ഞതു നുണയല്ല; നൈൽ നദിയുടെ ആഴങ്ങളിൽ ഒളിച്ച രഹസ്യം അതിനു തെളിവ്, Mysterious ancient ship, Herodotus, Nile, Padhippura, Manorama Online

ഹെറഡോട്ടസ് പറഞ്ഞതു നുണയല്ല; നൈൽ നദിയുടെ ആഴങ്ങളിൽ ഒളിച്ച രഹസ്യം അതിനു തെളിവ്

കൂട്ടുകാർ ഹെറഡോട്ടസ് എന്നു കേട്ടിട്ടില്ലേ? ചരിത്ര പുസ്തകങ്ങളിലൂടെ ഏറെ പരിചിതമായ പേര്. ലോക പ്രശസ്തനായ ഗ്രീക്ക് ചരിത്രകാരൻ, ചരിത്ര രചനയുടെ പിതാവെന്നറിയപ്പെടുന്ന മഹാൻ. ബിസി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹം തന്റെ യാത്രകളിലൂടെയായിരുന്നു ലോകചരിത്രത്തിലേറെയും വിശദമാക്കിയത്. ഹിസ്റ്റോറിയ (Histories) എന്ന അദ്ദേഹത്തിന്റെ പുസ്തകം ഇന്നും ചരിത്ര വിദ്യാർഥികൾക്കൊരു വിലപ്പെട്ട റഫറൻസ് ഗ്രന്ഥമാണ്. ഈജിപ്തിലേക്കു താൻ നടത്തിയ യാത്രയെപ്പറ്റിയും ഈ പുസ്തകത്തിൽ ഹെറഡോട്ടസ് വിശദീകരിച്ചിട്ടുണ്ട്. എന്നാൽ അതില്‍പ്പറഞ്ഞ ഒരു കാര്യം മാത്രം നൂറുകണക്കിനു വർഷങ്ങളായി പുരാവസ്തു ഗവേഷകർ വിശ്വസിക്കാൻ തയാറായിരുന്നില്ല. കഴിഞ്ഞ ദിവസം ഈജിപ്തിലെ നൈൽ നദിയുടെ ആഴങ്ങളിൽ നിന്ന് ആ സത്യം വീണ്ടെടുക്കുന്നതു വരെ.
ഹെറഡോട്ടസ് ഹിസ്റ്റോറിയയിൽ വിവരിച്ചിരുന്ന ഒരു പായ്ക്കപ്പലിന്റെ കാര്യത്തിലായിരുന്നു പുരാവസ്തു ഗവേഷകരുടെ ആശയക്കുഴപ്പം. ഈജിപ്തിലെ നൈൽ നദീതീരത്തെ ഒരു പായ്‌വഞ്ചി നിർമാണ ശാലയിലായിരുന്നു താനതു കണ്ടതെന്ന് ഹെറഡോട്ടസ് വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ടായിരത്തിലേറെ വർഷമായി അതിനെ സാധൂകരിക്കുന്ന ഒരു തെളിവും ഗവേഷകർക്കു ലഭിച്ചില്ല. അടുത്തിടെ നൈൽ നദിയുടെ ആഴങ്ങളിൽ പണ്ടു മുങ്ങിപ്പോയ ഒരു തീരഗ്രാമത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഗവേഷകർക്ക് ആവശ്യത്തിനു തെളിവു ലഭിച്ചു. ഹെറഡോട്ടസ് തന്റെ പുസ്തകത്തിൽ വിശദീകരിച്ച അതേ രൂപത്തോടെ ഒരു പായ്ക്കപ്പൽ.
രണ്ടായിരത്തിലേറെ വർഷം വെള്ളത്തിൽ കിടന്നിട്ടും അതിന്റെ 70 ശതമാനത്തോളം ഭാഗം ഗവേഷകർക്ക് വീണ്ടെടുക്കാനായി എന്നതാണ് ഏറെ അദ്ഭുതപ്പെടുത്തുന്നത്. അതോടെ ആഴങ്ങളിൽ മുങ്ങിക്കിടന്നിരുന്ന ഒരു ഈജിപ്ഷ്യൻ രഹസ്യം കൂടി ലോകത്തിനു മുന്നിലേക്ക്. ‘ബാരിസ്’ എന്ന പേരിൽ നിർമിക്കുന്ന കപ്പലിനെപ്പറ്റി ഹിസ്റ്റോറിയയിൽ 23 വരികളാണ് ഹെറഡോട്ടസ് എഴുതിച്ചേർത്തത്. നീളമുള്ള ‘വാരിയെല്ലുകളായിരുന്നു’ കപ്പലിന് എന്നായിരുന്നു അദ്ദേഹം വിശദമാക്കിയത്. ഇതെന്താണെന്ന് ആർക്കും പിടികിട്ടിയില്ല. അത്തരമൊരു കപ്പൽ നിർമാണരീതി ഇന്നേവരെ എവിടെയും കണ്ടെത്തിയിട്ടുമില്ല. എന്നാൽ കട്ടിയേറിയ മരപ്പലകകൾ നിരത്തിവച്ച് അവ തുളച്ച് മരക്കമ്പുകൾ കയറ്റി പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലായിരുന്നു ഹെറഡോട്ടസ് പറഞ്ഞ ബാരിസിന്റെ നിർമാണം. ശരിക്കും വാരിയെല്ലു പോലെത്തന്നെ.
കൃത്യമായ അർധചന്ദ്രാകൃതിയിലാണു പായ്ക്കപ്പലിന്റെ നിർമാണം. പങ്കായം സ്ഥാപിച്ച രീതിയിലുമുണ്ടായിരുന്നു വ്യത്യാസം. ഒരു വലിയ മരക്കമ്പ് തുളച്ച് അതിൽ പങ്കായങ്ങൾ സ്ഥാപിച്ചു തുഴയുന്നതായിരുന്നു രീതി. ഇതെല്ലാം ഈജിപ്തിൽ നിലനിന്ന നിർമാണ രീതിയായിരുന്നെന്ന് ഹെറഡോട്ടസ് വ്യക്തമാക്കിയിട്ടും തെളിവ് ലഭിക്കാതായതോടെയാണ് പുരാവസ്തു ഗവേഷകർ കുഴങ്ങിയത്. എന്നാലിപ്പോൾ ഹെറഡോട്ടസ് എഴുതിയ അതേ കപ്പൽശാലയിലെ പായ്ക്കപ്പലാണോ തങ്ങൾക്കു ലഭിച്ചതെന്ന സംശയത്തിലാണു ഗവേഷകർ. അത്രയേറെ സാമ്യതയുണ്ടായിരുന്നു പുസ്തകത്തിലെ വിവരണവും കണ്ടുപിടിച്ച കപ്പലും തമ്മിൽ. ഷിപ് 17 എന്നു പേരിട്ട ഈ പദ്ധതിക്കു നേതൃത്വം നൽകിയത് ഓക്സ്ഫഡ് സർവകലാശാലയിലെ സെന്റർ ഫോർ മാരിടൈം ആർക്കിയോളജിയായിരുന്നു.

Summary : Mysterious ancient ship, Herodotus, Nile