തടാകത്തിനു നടുവിലെ ‘അദ്ഭുത ദ്വീപുകൾ’, Mysterious, Islands, scotlands, Padhippura, Manorama Online

തടാകത്തിനു നടുവിലെ ‘അദ്ഭുത ദ്വീപുകൾ’

നവീൻ മോഹൻ

സ്കോട്‌ലൻഡ് നാവികസേനയിൽ ഡൈവറായിരുന്നു ക്രിസ് മുറേ. പുള്ളിക്കാരൻ ജോലിയിൽ നിന്നൊക്കെ വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹത്തിന്റെ വീടിനടുത്തായിരുന്നു ഐൽ ഓഫ് ലൂയിസ് എന്ന കുഞ്ഞൻ ദ്വീപ്. ലൂയി തടാകത്തിനു നടുവിലായതു കൊണ്ടായിരുന്നു ദ്വീപിന് ആ പേര്. സ്കോട്‌ലൻഡിലെയും അയർലൻഡിലെയും തടാകങ്ങൾക്കു നടുവില്‍ അത്തരത്തിലുള്ള ഒട്ടേറെ ദ്വീപുകളുണ്ട്. എല്ലാം കൃത്രിമ ദ്വീപുകളാണ്. അതായത് മനുഷ്യൻ നിർമിച്ചവ. ഇവ എന്തിനു വേണ്ടി നിർമിച്ചതാണെന്ന് ഇതുവരെ പുരാവസ്തു ഗവേഷകർക്കു പൂര്‍ണമായും മനസ്സിലായിട്ടില്ല. പാറകളും മണ്ണും തടിക്കഷ്ണങ്ങളുമൊക്കെ ഉപയോഗിച്ചാണ് തടാകത്തിൽ തീരത്തു നിന്ന് അൽപം മാത്രം മാറി ഇത്തരം കുഞ്ഞൻ ദ്വീപുകൾ നിർമിച്ചിരിക്കുന്നത്. ക്രനോഗ്സ് എന്നു പേരിട്ടിരിക്കുന്ന ഈ ദ്വീപുകൾ കൃഷിക്കും വീടു നിർമിക്കാനുമൊക്കെയായിട്ടായിരിക്കും കെട്ടിപ്പൊക്കിയതെന്നും ഗവേഷകർ കരുതിപ്പോന്നു. ക്രിസ് മുറേ പക്ഷേ ഈ വിശ്വാസത്തെയെല്ലാം തകർത്തു കളഞ്ഞു.

2012ലാണ് മുറേയെയും ദ്വീപിനെയും ‘സെലിബ്രിറ്റികളാക്കിയ’ സംഭവം നടക്കുന്നത്. ഡൈവിങ് ഏറെ ഇഷ്ടമായതിനാൽ മുറേ ഇടയ്ക്ക് ലൂയി തടാകത്തിലേക്കു മുങ്ങാംകുഴിയിട്ടു പോകാറുണ്ട്. ഇത്തവണയും അത്തരമൊരു നീന്തലായിരുന്നു ലക്ഷ്യം. ദ്വീപിന്റെ ഏറ്റവും താഴെ എന്തെന്നു കണ്ടെത്തണം. അങ്ങനെ അദ്ദേഹം തടാകത്തിന്റെ അടിത്തട്ടിലെത്തി. നോക്കുമ്പോഴുണ്ട് അവിടെ നിറയെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചകൾ. പ്രത്യേകതരത്തിൽ നിര്‍മിച്ച സെറാമിക് പാത്രങ്ങളായിരുന്നു അത്. ചിലതിനൊന്നും ഒരു പൊട്ടൽ പോലുമേറ്റിട്ടില്ല. മറ്റു ചിലതാകട്ടെ വലിയ കഷ്ണങ്ങളായി പൊട്ടിച്ചിതറിയിരിക്കുന്നു. ദ്വീപിനു മുകളിലെ വീട്ടിലുണ്ടായിരുന്നവർ താഴേക്കു വലിച്ചെറിഞ്ഞതാകാൻ വഴിയില്ല, കാരണം ആ ദ്വീപിൽ ഒരു വീടുണ്ടായിരുന്നതിന്റെ യാതൊരു ലക്ഷണവുമില്ലായിരുന്നു. ഇനിയിപ്പോൾ ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപൊരു വീടുണ്ടായിരുന്നെങ്കിലോ?
എന്തായാലും മുറേ താൻ കണ്ടെത്തിയ കാര്യങ്ങൾ പുരാവസ്തു ഗവേഷകരെ അറിയിച്ചു. തങ്ങൾക്കു വേണ്ടി ഇനിയും വെള്ളത്തിൽ ചാടാൻ തയാറാണോയെന്നായിരുന്നു ഗവേഷകർ തിരികെ ചോദിച്ചത്. മുറേ സന്തോഷത്തോടെ സമ്മതിച്ചു. അങ്ങനെ കൂടുതൽ സാങ്കേതിക സൗകര്യങ്ങളുമായി ലൂയിസ് തടാകത്തിലെയും സമീപപ്രദേശങ്ങളിലെയും അഞ്ചു ദ്വീപുകളിൽ സംഘം ഗവേഷണത്തിനെത്തി. ആചാരപരമായ ചടങ്ങുകള്‍ക്കു വേണ്ടിയാണു ദ്വീപുകളും പാത്രങ്ങളും നിർമിച്ചതെന്നായിരുന്നു അവരുടെ കണ്ടെത്തൽ. ദ്വീപിന്റെ ‘പ്രായം’ സംബന്ധിച്ചും അതോടെ തീരുമാനമായി. പാത്രങ്ങളിൽ കാർബൺ ഡേറ്റിങ് നടത്തിയപ്പോൾ തെളിഞ്ഞത് അവയ്ക്ക് ഏകദേശം 5700 വർഷത്തെ പഴക്കമുണ്ടെന്നാണ്. അതായത് നിയോലിതിക് യുഗത്തിൽ. അതുവരെ കരുതിയിരുന്നത് ദ്വീപുകൾ ഇരുമ്പുയുഗത്തിലാണു കെട്ടിപ്പൊക്കിയതെന്നായിരുന്നു. നിയോലിതിക് യുഗം കഴിഞ്ഞ് 3000 വർഷത്തിനപ്പുറമായിരുന്നു ഇരുമ്പുയുഗം. അതായത് ദ്വീപുകൾക്ക് കരുതിയിരുന്നതിനേക്കാൾ 2700 വർഷത്തെ പ്രായക്കൂടുതലുണ്ട്. ക്രനോഗ്സ് ദ്വീപുകളിൽ ഏറെയും അടിത്തട്ടിൽ നിന്നു പാറകൾ തടാകത്തിന്റെ ഉപരിതലം വരെ കൂട്ടിയിട്ടതും, അടിത്തട്ടിലെ പാറകൾക്കു മുകളിൽ തടികൊണ്ടു തടം കെട്ടി അതിൽ മണ്ണുനിറച്ചതുമായിരുന്നു. ഇതിൽ ചില ദ്വീപുകളിൽ ഇന്നും മരങ്ങൾ മാത്രമാണു വളർന്നു നിൽക്കുന്നത്. ചിലയിടങ്ങളിൽ കൃഷി ചെയ്തതിന്റെയും വീടുകളുടെയും അവശിഷ്ടങ്ങളും.

എന്നാൽ പുതിയ കണ്ടെത്തലോടെ ഒരു കാര്യം കൂടി വ്യക്തമായി–ആചാരത്തിന്റെ ഭാഗമായും ഇത്തരം ദ്വീപുകൾ നിർമിച്ചിരുന്നു. പക്ഷേ ആരാണിതെല്ലാം നിർമിച്ചത്? ശരിക്കും എന്തായിരുന്നു ഇവയുടെ നിർമാണം കൊണ്ടു ലക്ഷ്യമിട്ടത്? സ്കോട്‌ലൻഡിലും അയർലൻഡിലുമായി ഏകദേശം 570 ദ്വീപുകൾ ഗവേഷകർ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ 10 ശതമാനത്തിന്റെ മാത്രമേ കാർബൺ ഡേറ്റിങ് ഇതുവരെ നടത്തിയിട്ടുള്ളൂ. അതിൽത്തന്നെ മുക്കാൽപങ്കും ഫലം വന്നിട്ടുമില്ല. ഉത്തരം കിട്ടാൻ ഇനിയും ചരിത്രത്തിലേക്ക് ഏറെ മുങ്ങാംകുഴിയിട്ടു പോകേണ്ടി വരുമെന്നു ചുരുക്കം!