വെള്ളം കൊണ്ട് പ്രവർത്തിക്കുന്ന ‘അദ്ഭുത സാറ്റലൈറ്റ്’; ചരിത്രനേട്ടത്തിൽ നാസ, NASA, Steam powered cubesats, Padhippura, Manorama Online

വെള്ളം കൊണ്ട് പ്രവർത്തിക്കുന്ന ‘അദ്ഭുത സാറ്റലൈറ്റ്’; ചരിത്രനേട്ടത്തിൽ നാസ

മോട്ടർവാഹന ഗതാഗതം ആരംഭിച്ച കാലത്തെ പ്രധാനപ്പെട്ട ഇന്ധനങ്ങളിലൊന്ന് നീരാവിയായിരുന്നു. കാറുകളും ട്രെയിനുകളുമെല്ലാം ആവി എൻജിനിൽ ചറപറ ഓടിയ കാലമുണ്ടായിരുന്നു. പക്ഷേ ഇപ്പോഴതെല്ലാം മാറി. പെട്രോളിലും ഡീസലിലും മാത്രമല്ല സൂര്യപ്രകാശത്തിലും ബാറ്ററിയിലും ജൈവ ഇന്ധനത്തിലും വരെ ഓടുന്ന വാഹനങ്ങളെത്തി. അങ്ങനെ ഇന്ധന ഉപയോഗത്തിന്റെ കാര്യത്തിൽ ലോകം മുന്നോട്ടോടുമ്പോൾ അമേരിക്കയുടെ ബഹിരാകാശ സംഘടനയായ നാസ അൽപം ‘പിന്നിലേക്കു’ പോയി. അതായത് ആവി എൻജിനുകളുടെ കാലത്തിലേക്ക്. ലോകത്തിൽ ആദ്യമായൊരു ബഹിരാകാശ പേടകം വെള്ളം ഉപയോഗിച്ചു പ്രവർത്തിപ്പിച്ച് വിജയം കണ്ടിരിക്കുകയാണ് നാസ. അതായത് വെറും പച്ചവെള്ളത്തിൽ ഒരു പേടകം പറത്തിയെന്നർഥം.

ഇക്കഴിഞ്ഞ ജൂണിലായിരുന്നു പരീക്ഷണം. അടുത്തിടെയാണ് ഇതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നു മാത്രം. ബഹിരാകാശത്തു ജലം ‘തിളപ്പിച്ച്’ നീരാവിയാക്കി പേടകം പറത്തിയത് പക്ഷേ ആവി എൻജിൻ സാങ്കേതികവിദ്യ പരീക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നില്ല, ഉപഗ്രഹങ്ങളിൽ നിന്നു ഭൂമിയിലേക്കും തിരികെയും എങ്ങനെ ഡേറ്റ ഫലപ്രദമായി കൈമാറ്റം ചെയ്യാമെന്നറിയുകയും കൂടിയായിരുന്നു. ഇതിനു വേണ്ടി ടിഫിൻ ബോക്സിനേക്കാളും അൽപം കൂടി മാത്രം വലുപ്പമുള്ള രണ്ട് സാറ്റലൈറ്റുകളാണ് ഉപയോഗിച്ചത്. അതിലൊന്നിന്റെ പേര് ഒസിഎസ്ഡി–ബി, രണ്ടാമത്തേത് ഒസിഎസ്ഡി–സി. രണ്ടിന്റെയും ഭാരം ഏകദേശം രണ്ടരക്കിലോഗ്രാം വീതമായിരുന്നു. ക്യൂബ്സാറ്റ്സ് എന്നാണ് ഇത്തരം കുഞ്ഞൻ സാറ്റലൈറ്റുകൾ അറിയപ്പെടുന്നത്.

വലുപ്പം കുറവായതിനാൽത്തന്നെ ഇവയുടെ ബഹിരാകാശത്തെ പ്രവർത്തനങ്ങൾ ഏറെ ബുദ്ധിമുട്ടായിരുന്നു. ആകാശത്ത് ഇവ ഭൂമിയെ ഭ്രമണം ചെയ്യുന്ന ദൂരത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ഇത്രയും നാളും ബുദ്ധിമുട്ടായിരുന്നു. സ്വയം ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ചാണ് വലിയ പേടകങ്ങൾ ഇതെല്ലാം ചെയ്യുന്നത്. ഭൂമിയിൽ നിന്നുള്ള ‘കമാൻഡ്’ അനുസരിച്ചായിരിക്കും ത്രസ്റ്ററുകള്‍ ആവശ്യമുള്ളത്ര സമയത്തേക്ക് ജ്വലിപ്പിക്കുക. പക്ഷേ ക്യൂബ്സാറ്റുകളുടെ വലുപ്പക്കുറവ് കാരണം ത്രസ്റ്ററുകളുടെ ഉപയോഗം വലിയ വെല്ലുവിളിയായിരുന്നു. ബിയുടെയും സിയുടെയും ‘ചേട്ടനായ’ ഒസിഎസ്ഡി–എ നേരത്തേതന്നെ നാസ പരീക്ഷിച്ചിരുന്നു. പിന്നീട് 2017 നവംബറിലായിരുന്നു ബിയും സിയും വിക്ഷേപിക്കപ്പെടുന്നത്.

ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻസ് ആൻഡ് സെൻസർ ഡെമൻസ്ട്രേഷൻ മിഷൻ എന്നാണ് ഒസിഎസ്ഡിയുടെ മുഴുവൻ പേര്. കഴിഞ്ഞ ഒന്നരക്കൊല്ലമായി രണ്ട് ക്യൂബ്സാറ്റുകളും ഏകദേശം ഒൻപതു കിലോമീറ്റർ ദൂരവ്യത്യാസത്തിൽ ലോവർ എർത്ത് ഓർബിറ്റിൽ (എൽഇഒ) ചുറ്റിക്കറങ്ങുകയായിരുന്നു (ഭൂമിയിൽ നിന്ന് പരമാവധി 2000 കിലോമീറ്റർ വരെ ദൂരത്തിൽ ഉൾപ്പെടുന്നതാണ് എൽഇഒ). പലതരം പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇക്കഴിഞ്ഞ ജൂണ്‍ 21ന് ഒസിഎസ്ഡി ബിയിലെയും സിയിലെയും ആവി ‘എൻജിൻ’ പരീക്ഷിക്കാന്‍ നാസ തീരുമാനിച്ചത്. രണ്ട് പേടകത്തിന്റെയും ഇന്ധനടാങ്കിൽ വെള്ളമായിരുന്നു നിറച്ചിരുന്നത്. ഇവ പ്രവർത്തിപ്പിച്ച് രണ്ടു പേടകങ്ങളും തമ്മിലുള്ള ദൂരം പത്തിൽതാഴെ മീറ്ററിലേക്ക് എത്തിക്കുയെന്നതായിരുന്നു പരീക്ഷണദൗത്യം.

ഒസിഎസ്ഡി ബിയും സിയും പരസ്പരം റേഡിയോ ഫ്രീക്വൻസി കമ്യൂണിക്കേഷനിലൂടെ ബന്ധപ്പെട്ടിരുന്നു. അതായത് ബി ‘ഹലോ’ പറഞ്ഞാൽ തിരിച്ച് സിയ്ക്കും ‘ഹലോ’ പറയാൻ പറ്റാവുന്ന വിധത്തിലായിരുന്നു ഇരു പേടകങ്ങളും തമ്മിലുള്ള ബന്ധം. അങ്ങനെ പരീക്ഷണ ദിവസം പേടകം ബിയിൽ നിന്ന് സിയിലേക്ക് ഒരു കമാൻഡ് പോയി. ത്രസ്റ്റർ ആക്ടിവേറ്റ് ചെയ്യാനായിരുന്നു നിർദേശം. അതിന് ഇന്ധനടാങ്ക് പ്രവർത്തിപ്പിക്കണം. ടാങ്കിലാണെങ്കിൽ പച്ചവെള്ളവും. അതിനെ ‘പ്രവർത്തനക്ഷമമാക്കണമെങ്കിൽ’ ചൂടാക്കി നീരാവി ഉൽപാദിപ്പിക്കണം. ഈ വെള്ളത്തെ നീരാവിയാക്കിയായിരുന്നു ത്രസ്റ്റർ പ്രവർത്തിപ്പിച്ചത്. പേടകം ഭൂമിയിൽ നിന്നുള്ള ഗവേഷകരുടെ നിർദേശമനുസരിച്ച് സഞ്ചരിക്കാൻ തുടങ്ങി. അങ്ങനെ ഒന്നര വർഷത്തിനു ശേഷം ബിയും സിയും തൊട്ടടുത്തെത്തി വീണ്ടും ‘കൂട്ടുകാരായി’.

വെള്ളം കൊണ്ടു പ്രവർത്തിക്കുന്ന രണ്ടു പേടകങ്ങൾ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ലോവർ എർത്ത് ഓർബിറ്റിൽ പരസ്പരം കമാൻഡ് കൈമാറി പ്രവർത്തിച്ചത്. ഇങ്ങനെ പലതരം ക്യൂബ്സാറ്റുകളുടെ കൂട്ടം വഴി ബഹിരാകാശത്തു നിന്നുള്ള ഡേറ്റ എളുപ്പം ഭൂമിയിലേക്കു കൈമാറാകുമോയെന്നാണ് നാസ പരിശോധിക്കുന്നത്. അതിനു വേണ്ടിയുള്ള ഗവേഷണത്തിന്റെ നിർണായകഘട്ടം വിജയിച്ചതോടെ ഇനി കൂടുതല്‍ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് ബഹിരാകാശ സംഘടന.