സൗരയൂഥത്തിനു പുറത്ത് മനുഷ്യൻ ‘പകർത്തിയ’ ആദ്യ വസ്തു പേരുമാറ്റുന്നു; കാരണം?
ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ... അങ്ങനെ പോയിപ്പോയി നമ്മുടെ സൗരയൂഥത്തിലാകെ എട്ടു ഗ്രഹങ്ങളുണ്ട് (കൂട്ടത്തിലുണ്ടായിരുന്ന പ്ലൂട്ടോയെ ഗവേഷകർ കുള്ളൻ ഗ്രഹമായി തരംതാഴ്ത്തിയല്ലോ) സൗരയൂഥത്തിലെ ഏറ്റവും അവസാന ഗ്രഹമായ നെപ്റ്റ്യൂണിനുമപ്പുറമാണ് കൈപ്പെർ ബെൽറ്റ് എന്ന പ്രദേശം. സൂര്യനിൽ നിന്നു കോടിക്കണക്കിനു കിലോമീറ്റർ അകലെയായതിനാൽ ഈ പ്രദേശത്തു മുഴുവൻ മഞ്ഞു നിറഞ്ഞ വസ്തുക്കളാണ് ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത്. കൈപ്പെർ ബെൽറ്റിൽ ശരിക്കും ഒരു മഞ്ഞുമനുഷ്യനുണ്ടെന്ന കാര്യം കൂട്ടുകാർക്ക് അറിയാമോ? അതിന്റെ പേരാണ് അൾട്ടിമ ടൂലി. അയ്യോ, ഇനി മുതൽ അതിനെ ആ പേരു വിളിക്കാൻ പറ്റില്ല. ഗവേഷകരെല്ലാം ചേർന്ന് ആ വിദൂര ബഹിരാകാശ വസ്തുവിനു പുതിയൊരു പേരിട്ടിരിക്കുകയാണ്– അറോകോട്ട്. അതെന്താണ് അങ്ങനെ എന്നല്ലേ?
അൾട്ടിമ ടൂലിയിലെ ‘ടൂലി’ എന്ന പേരാണു പ്രശ്നക്കാരനായത്. സൗരയൂഥത്തിനും അപ്പുറത്തുള്ള അജ്ഞാത ഗ്രഹത്തിന് സയൻസ് ഫിക്‌ഷൻ നോവലുകളിലും മറ്റും നൽകിയിരിക്കുന്ന പേരാണ് ടൂലി. ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യന്മാർ അവിടെ നിന്നാണു വരുന്നതെന്നാണ് നാസികളിൽ ചിലർ വിശ്വസിക്കുന്നത്. ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്‌ലറുടെ നാസിപ്പടയോട് അനുഭാവമുള്ള പലരും ഇപ്പോഴും പലയിടത്തുമുണ്ട്. അത്തരമൊരു സംഘടനയുടെ പേരു തന്നെ ടൂലി സൊസൈറ്റിയെന്നാണ്. അങ്ങനെയാണ് ടൂലിയെന്ന പേരിനോട് ലോകത്തിന്റെ പല ഭാഗത്തു നിന്നും എതിർപ്പുയർന്നത്. നാസയും അക്കാര്യം അറിഞ്ഞിരുന്നു. അതോടെ അൾട്ടിമ ടൂലിയെ അറോക്കോട്ട് എന്നു പുനർനാമകരണം ചെയ്യാനും തീരുമാനിച്ചു. പക്ഷേ ഇതാണു കാരണമെന്ന് നാസ ഔദ്യോഗികമായി പറഞ്ഞിട്ടില്ല.
അറോക്കോട്ട് എന്നാൽ അമേരിക്കൻ ഗോത്രവിഭാഗക്കാരായ പൗഹട്ടനുകളുടെ ഭാഷയിൽ ‘ആകാശം’ എന്നർഥം. പൗഹട്ടൻ വിഭാഗത്തിലെ മുതിർന്നവരുടെ അനുവാദം നേരിട്ടു ചെന്നു ചോദിച്ചാണു ഗവേഷകർ ഈ പേര് തന്നെ തിരഞ്ഞെടുത്തത്. ബഹിരാകാശത്തിലെ പല വസ്തുക്കൾക്കും ഇത്തരത്തിലുള്ള ‘നാടൻ’ പേരിടണമെന്ന ആവശ്യം ഇതോടെ പല ഭാഗത്തു നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ബഹിരാകാശത്തെ മഞ്ഞുമനുഷ്യൻ എന്നാണ് അറോക്കോട്ടിന്റെ വിളിപ്പേര്. മഞ്ഞിന്റെ ഉണ്ടകൾ ഒന്നിനു മീതെ ഒന്നായി വച്ചുണ്ടാക്കിയ മഞ്ഞുമനുഷ്യരെ കണ്ടിട്ടില്ലേ. അതുപോലെത്തന്നെയാണ് അറോക്കോട്ടിന്റെയും രൂപം. രണ്ടു വലിയ ഉരുണ്ട ഭാഗങ്ങൾ കൂടിച്ചേർന്നതാണിത്.
അൾട്ടിമ എന്നു പേരുണ്ടായിരുന്ന ഭാഗത്തിന് 22 കിലോമീറ്ററായിരുന്നു നീളം. ടൂലിക്ക് 15കിലോമീറ്ററും. ഇനി ഇവ രണ്ടും ചേർന്ന 37 കിലോമീറ്റർ നീളമുള്ള വസ്തു ഔദ്യോഗികമായി 2014 എംയു69 എന്നും അറിയപ്പെടും. അറോക്കോട്ടിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സൗരയൂഥത്തിനു പുറത്ത് ഏറ്റവും ദൂരെ മനുഷ്യൻ കണ്ടെത്തി ചിത്രം പകർത്തിയ ആദ്യ വസ്തു കൂടിയാണിത്. 2014ൽ നാസയുടെ ഹബിൾ സ്പെയ്സ് ടെലിസ്കോപ്പാണ് അറോക്കോട്ടിനെ കണ്ടെത്തുന്നത്. അന്നുപക്ഷേ ലഭിച്ചത് ഒരു മങ്ങിയ ചിത്രമായിരുന്നു. പിന്നീട് ന്യൂ ഹൊറൈസൺസ് എന്ന പേടകമാണ് അറോക്കോട്ടിന്റെ വ്യക്തതയുള്ള ചിത്രം പകർത്തിയത്. ഈ പേടകത്തെ നിരീക്ഷിക്കുന്ന നാസയിലെ സംഘവും ബഹിരാകാശ വസ്തുക്കൾക്കു പേരിടുന്ന ഇന്റർനാഷനല്‍ ആസ്ട്രണോമിക്കൽ യൂണിയനും കൂടിയാണ് അൾട്ടിമ ടൂലിയുടെ പേരു മാറ്റിയ വിവരം ലോകത്തെ അറിയിച്ചതും.
ആകാശത്തേക്കു കണ്ണും നട്ട്, നക്ഷത്രങ്ങൾക്കുമപ്പുറത്തുള്ള മറ്റൊരു ലോകത്തേക്കു മനസ്സു പായിക്കാന്‍ ഓരോ മനുഷ്യനെയും പ്രേരിപ്പിക്കുന്നതാണ് അറോക്കോട്ട് എന്ന പേരെന്നും ഗവേഷകർ പറയുന്നു. 450 കോടി വർഷം മുൻപ് സൗരയൂഥം രൂപപ്പെട്ടതു മുതൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല അറോക്കോട്ടിനെന്നാണു പറയപ്പെടുന്നത്. അതിനാൽത്തന്നെ സൗരയൂഥം രൂപപ്പെട്ടതെങ്ങനെയെന്ന അന്വേഷണത്തിൽ ഏറെ സഹായിക്കും ഈ ബഹിരാകാശ വസ്തു.