നരകം പോലൊരു ശുക്രഗ്രഹം; അവിടേക്കൊരു സെൻസർ വേണം, സമ്മാനം 21 ലക്ഷം!
ചൊവ്വയേക്കാളും ഭൂമിക്ക് അടുത്തുള്ള ഗ്രഹം, ചൊവ്വയേക്കാൾ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം, സൂര്യന്റെ രശ്മികൾ ചൊവ്വയേക്കാൾ നന്നായി തടഞ്ഞുനിർത്താൻ കഴിവുള്ള അന്തരീക്ഷമുള്ള ഗ്രഹം, ഛിന്നഗ്രഹങ്ങളുടെ ആക്രമണവും ചൊവ്വയേക്കാൾ കുറവ്... ഇത്രയേറെ സൗകര്യങ്ങളുണ്ടായിട്ടും ശുക്ര ഗ്രഹത്തേക്കാൾ (വീനസ്) ഭൂമിയിലെ ഗവേഷകർക്കിഷ്ടം ചൊവ്വയിൽ താമസിക്കാനാണ്. അതെന്തായിരിക്കും കാരണം? ശുക്രനെ അത്രയ്ക്കു വിശ്വസിക്കാനാകില്ല എന്നതുതന്നെ.
സൗരയൂഥത്തിന്റെ ആരംഭകാലത്ത് ഭൂമിയിലെപ്പോലെ ശുക്രനിലും വെള്ളമുണ്ടായിരുന്നുവെന്നാണു കരുതുന്നത്. എന്നാൽ പെട്ടെന്നൊരു ദിവസം ശുക്രനിലെ കാലാവസ്ഥ മാറി, കൊടുംചൂടിൽ വെള്ളം ഉരുകി ആവിയായി, അഗ്നിപര്‍വതങ്ങൾ ചറപറ പൊട്ടിത്തെറിച്ച് ശുക്രൻ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലായി. എന്താണു ശുക്രനു സംഭവിച്ചതെന്നറിയാൻ ഭൂമിയിലെ ഗവേഷകർ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാരണം, എന്നെങ്കിലുമൊരിക്കൽ ഭൂമിക്കും ഇതേ അവസ്ഥ വന്നുചേർന്നേക്കാം. അന്നു രക്ഷപ്പെടാൻ ശുക്രനിൽനിന്നു ശേഖരിക്കുന്ന വിവരങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നാസ.
ശുക്രനിൽ അവസാനമായിറങ്ങിയ പേടകം റഷ്യയുടെ വീഗ 2 ആണ്. 1985 ജൂണിൽ ഗ്രഹത്തിലിറങ്ങി ഒരു മണിക്കൂറായപ്പോഴേക്കും പേടകത്തിന്റെ പണിതീർന്നു. അത്രയേറെ കാഠിന്യമേറിയ അന്തരീക്ഷമാണ് ശുക്രനിൽ. കൊടുംചൂടിൽ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും പ്രവർത്തിക്കില്ല. ഗ്രഹത്തിലെ മർദം താങ്ങാൻ പോലുമാകില്ല. കുഴികളും വിള്ളലുകളും കുത്തനെയുള്ള കുന്നുകളുമെല്ലാമായി ശുക്രന്റെ ഉപരിതലവും ആകെ ‘ജഗപൊഗ’യാണ്. ഇങ്ങനെയൊരിടത്തേക്ക് മാസങ്ങളോളം നീളുന്ന ഒരു പേടകം അയയ്ക്കാനൊരുങ്ങുകയാണ് നാസ. ഗ്രഹത്തിലിറങ്ങി, കറങ്ങിനടന്ന് ഡേറ്റ ശേഖരിക്കുന്ന റോവർ തയാറാക്കിക്കഴിഞ്ഞു. പക്ഷേ റോവറിന്റെ യാത്രയ്ക്കിടയിൽ വഴിയിലെ തടസ്സങ്ങൾ തിരിച്ചറിഞ്ഞു മുന്നറിയിപ്പ് നൽകാൻ ഒരു സെൻസർ വേണം. സോളർപാനൽ പോലും പ്രവർത്തിക്കാത്ത ഗ്രഹത്തിൽ വിൻഡ് ടര്‍ബൈൻ അഥവാ കാറ്റാടി ഉപയോഗിച്ചു വേണം സെൻസറും റോവറും പ്രവർത്തിപ്പിക്കാൻ.
ശുക്രനിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 2 മൈൽ ആണെങ്കിലും ഉയർന്ന മർദം കാരണം കൂടുതൽ ശക്തമായി വീശാനാകും. റോവർ നാസ തയാറാക്കിയെങ്കിലും സെൻസർ തയാറാക്കാനുള്ള അവസരം പൊതുജനത്തിനു നൽകിയിരിക്കുകയാണിപ്പോൾ. ഒറ്റയ്ക്കും ടീമായും മത്സരിക്കാം. ഏതെങ്കിലുമൊരു ടീമിൽ ചേരാനും അവസരമുണ്ട്. www.herox.com/VenusRover എന്ന വെബ്സൈറ്റ് വഴിയാണ് സെൻസറിന്റെ ഡിസൈൻ സമർപ്പിക്കേണ്ടത്. ‘നരകത്തിൽ’ ചുറ്റിയടിക്കാനൊരുങ്ങുന്ന റോവറിന്റെ വഴിയിലെ തടസ്സം മാറ്റാം എന്നാണു മത്സരത്തിനു നൽകിയിരിക്കുന്ന തലക്കെട്ടുതന്നെ. അത്രയേറെ സങ്കീർണമാണു ഗ്രഹത്തിലെ കാര്യങ്ങൾ. ഏകദേശശം 840 ഡിഗ്രി ഫാരൻഹീറ്റാണ് താപനില, ഭൂമിയേക്കാൾ 90 മടങ്ങ് അധികമാണ് ഉപരിതല മർദം. മാർച്ച് 29 വരെ ഡിസൈനുകൾ സമർപ്പിക്കാം, ജൂലൈ ആറിനു ഫലം വരും. തിരഞ്ഞെടുക്കപ്പെടുന്ന ഡിസൈന് ഏകദേശം 11 ലക്ഷം രൂപയാണ് സമ്മാനം. ആകെ 21 ലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ട്. മാത്രവുമല്ല ശുക്രനിലേക്കുള്ള പേടകം തയാറാക്കുന്ന നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബറട്ടറി സംഘത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കും.
Summary : NASA is crowdsourcing a sensor which can survive Venus