സമുദ്രവും അതിൽ ജീവനും നിറഞ്ഞൊരു ഗ്രഹം; ട്രൈറ്റോൺ രഹസ്യങ്ങൾ തേടി നാസ
സമുദ്രത്തിന്റെ അധിപനായൊരു ഗ്രീക്ക് ദൈവമുണ്ട്. പൊസെയ്ഡൻ എന്നാണു പേര്. അദ്ദേഹത്തിന്റെ മകന്റെ പേരാണ് ട്രൈറ്റോൺ. സമുദ്രത്തിലെ സന്ദേശവാഹകൻ എന്നാണ് ആ ദൈവം അറിയപ്പെടുന്നത്. പാതി മനുഷ്യനും പാതി മത്സ്യവുമായ ട്രൈറ്റോണു കടൽത്തിരകളെ ശാന്തമാക്കാനും ഇളക്കിമറിക്കാനും കഴിവുണ്ടെന്നാണു വിശ്വാസം. ട്രൈറ്റോണിന്റെ കയ്യിലുള്ള ശംഖ് നീട്ടിയൊന്നൂതിയാൽ കടലാകെ ഇളകിമറിയുമെന്നും നേർത്ത ശബ്ദമാണെങ്കിൽ ശാന്തമാകുമെന്നും ഗ്രീക്ക് കഥകൾ. എന്തായാലും സമുദ്രവുമായി ബന്ധപ്പെട്ട ഒരു ഉപഗ്രഹത്തെ കണ്ടെത്തിയപ്പോൾ ഗവേഷകരും ട്രൈറ്റോണിനെ ഓർത്തു. ആ ദൈവത്തിന്റെ പേരു തന്നെ ഉപഗ്രഹത്തിനു നൽകി.
നെപ്റ്റ്യൂണിന്റെ, കണ്ടുപിടിക്കപ്പെട്ടതും ഏറ്റവും വലുതുമായ ഉപഗ്രഹത്തിനാണ് ട്രൈറ്റോൺ എന്നു പേരുള്ളത്. 1846 ഒക്ടോബർ പത്തിനാണ് ട്രൈറ്റോണ്‍ കണ്ടുപിടിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെ ജ്യോതിശാസ്ത്ര വിദഗ്ധനായ വില്ല്യം ലസ്സലായിരുന്നു കണ്ടെത്തലിനു പിന്നിൽ. സൂര്യനിൽ നിന്ന് ഏറെ അകലെയുള്ള ഉപഗ്രഹമായതിനാൽത്തന്നെ ഇവിടെ തണുത്തുറഞ്ഞ നിലയിലെങ്കിലും സമുദ്രങ്ങളുണ്ടാകുമെന്നും അവയിൽ ജീവൻ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ വിശ്വസിക്കുന്നു. സമുദ്രങ്ങൾ വഴി ജീവന്റെ സന്ദേശം മനുഷ്യനു നൽകാൻ സാധ്യതയുള്ള ഉപഗ്രഹത്തിന് ട്രൈറ്റോണ്‍ എന്നല്ലാതെ മറ്റെന്തു പേരു നൽകാനാണ്?
എന്തായാലും നാസയുടെ അടുത്ത ദൗത്യം ഈ വിദൂര ഉപഗ്രഹത്തിലേക്കാണ്. ട്രൈറ്റണിന്റെയും അച്ഛന്റെ പൊസെയ്ഡനിന്റെയും കയ്യിൽ ഒരു ത്രിശൂലമുണ്ട്–ട്രൈഡന്റ് എന്നാണു പേര്. അതു തന്നെയാണ് നാസ തങ്ങളുടെ പേടകത്തിനും നൽകിയിരിക്കുന്ന പേര്. ട്രൈറ്റോണിന്റെ അന്തരീക്ഷവും അവിടത്തെ രാസവസ്തുക്കളുടെ സാന്നിധ്യവുമൊക്കെ പഠിക്കുകയാണു ലക്ഷ്യം. ജീവൻ നിലനില്‍ക്കാനുള്ള സാധ്യതയെപ്പറ്റിയുള്ള പഠനമാണ് ഇക്കാര്യത്തിൽ മുന്‍പന്തിയിലെന്നും പേടകം അയയ്ക്കുന്ന നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി വിദഗ്ധർ പറയുന്നു. പക്ഷേ നാസയ്ക്കുള്ള ബജറ്റ് വെട്ടിക്കുറയ്ക്കുന്ന ഇക്കാലത്ത് പേടകത്തിനു വേണ്ടി അധികം തുക ചെലവിടാനൊന്നും പറ്റില്ല. ചന്ദ്രനിലേക്ക് ഒരു പേടകം അയയ്ക്കുന്നതിനു വരുന്ന അതേ ചെലവു മാത്രമേ ട്രൈഡന്റിനും വരൂ. അത്തരത്തിലുള്ള സാങ്കേതികത ഇപ്പോൾ നിലവിലുണ്ടെന്നും നാസ വ്യക്തമാക്കുന്നു.
വ്യാഴത്തിന്റെ ഉപഗ്രഹമായ ‘ലോ’യിലും ശുക്രനിലും യാത്രയ്ക്കിടെ ട്രൈഡന്റ് സന്ദർശനം നടത്തും. ഏകദേശം 20 വർഷം മുൻപാണ് അവസാനമായി ഒരു പേടകം, കസീനി, ശുക്രനിലെത്തിയത്. നെപ്റ്റ്യൂണിന്റെ ഒരു നല്ല ചിത്രം അവസാനമായി നാസയ്ക്കു ലഭിച്ചത് 1989ലാണെന്നും ഓര്‍ക്കണം. അന്ന് വോയേജർ 2 പേടകമാണ് ആദ്യമായി ഈ ഗ്രഹത്തിനു സമീപത്തു കൂടെ പറന്ന് വിഡിയോ പകർത്തിയത്. ടിവി ക്യാമറയും ഫാക്സുമൊക്കെ പ്രവർത്തിക്കുന്ന 1970കളിലെ സാങ്കേതികത ഉപയോഗിച്ചായിരുന്നു വോയേജറിന്റെ നിർമാണം. എന്നാൽ കാലമേറെ മാറിയതോടെ ഇത്തവണ കൂടുതൽ മിഴിവുള്ള ചിത്രങ്ങൾ ട്രൈഡന്റ് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് നാസ. പുതിയ ഈ ബഹിരാകാശ യാത്രാ പദ്ധതി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണിപ്പോൾ.
Summary : Nasa, Moon, Triton, Neptune