ബഹിരാകാശത്ത് മുളക് നടാൻ നാസ; ചൊവ്വയും ലക്ഷ്യം, എന്തുകൊണ്ട് ഈ ചെടി?, NASA To grow, Chili peppers, Space, Manorama Online

ബഹിരാകാശത്ത് മുളക് നടാൻ നാസ; ചൊവ്വയും ലക്ഷ്യം, എന്തുകൊണ്ട് ഈ ചെടി?

ബഹിരാകാശത്ത് നാസ ഇതുവരെ ചൈനീസ് കാബേജ് നട്ടു, കടുക് ചെടി വളർത്തി, റഷ്യൻ ചുവന്ന കാബേജും വച്ചുപിടിപ്പിച്ചു. പച്ചക്കറികൾ കൂടാതെ സിന്നിയ എന്നൊരു പൂച്ചെടിയും ബഹിരാകാശത്തു വച്ചുപിടിപ്പിച്ചിരുന്നു. എല്ലാം വിജയകരമായി വളരുകയും ചെയ്തു. ഇതുകൊണ്ടൊന്നും തീരുന്നില്ല. നാസയുടെ അടുത്ത ലക്ഷ്യം ബഹിരാകാശത്ത് പഴവർഗത്തിൽപ്പെട്ട എന്തെങ്കിലും വളർത്തിയെടുക്കണമെന്നാണ്. അതിനു വേണ്ട ചെടി ഏതാണെന്നും നാസ തീരുമാനിച്ചു കഴിഞ്ഞു. പഴവർഗമാണല്ലോയെന്നു വച്ച് അതിനു മധുരമാകുമെന്നു കരുതരുത്. ലോകത്ത് ഏറ്റവും എരിവുള്ള കാപ്സിക്കം ചെടികളിലൊന്നാണ് നാസ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഫാമിലേക്ക് അയയ്ക്കുന്നത്.

ലോകത്ത് പതിനായിരക്കണക്കിനു തരം പഴങ്ങളുണ്ട്. എന്നിട്ടും എന്തിനാണ് ഈ കാപ്സിക്കം തന്നെ നാസ തിരഞ്ഞെടുത്തത്. അല്ലെങ്കിൽത്തന്നെ ലോകത്ത് എത്രയോ തരം മറ്റു കാപ്സിക്കങ്ങളുണ്ട്. എന്നിട്ടെന്തിനാണ് എസ്പാനൊല ചില്ലി പെപ്പർ (Capsicum annuum) എന്ന ഇനം തന്നെ തിരഞ്ഞെടുത്തത്? ഇതിനുമുണ്ട് നാസയുടെ കയ്യിൽ ഉത്തരം. ഭൂമിക്കു മുകളിൽ ഏകദേശം 330–435 കിമീ ദൂരത്തിൽ ചുറ്റിക്കറങ്ങുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിൽ സജ്ജീകരിച്ച പ്രത്യേക ഫാമിലാണ് നാസയുടെ ‘കൃഷി’. വിജയം കണ്ടാൽ ബഹിരാകാശ നിലയത്തിൽ വളർത്തിയെടുത്ത ആദ്യത്തെ പഴം എന്ന റെക്കോർഡും എസ്പാനൊലയ്ക്കു സ്വന്തം.

ഭൂമിയിലേതു പോലെയല്ല, ബഹിരാകാശത്തു വളരണമെങ്കിൽ ചെടികൾക്കു ചില പ്രത്യേക ‘കഴിവുകൾ’ ഉണ്ടായേ മതിയാകൂ. പ്രത്യേകിച്ച് കാർബൺ ഡൈ ഓക്സൈഡ് നിറഞ്ഞ അന്തരീക്ഷത്തിൽ വളരാനുള്ള കഴിവ്. എളുപ്പത്തിൽ പരാഗണം നടത്താനും സാധിക്കണം. നിലയത്തിലെ ഫാമിൽ ബഹിരാകാശ അന്തരീക്ഷവും മറ്റും കൃത്രിമമായി തയാറാക്കിയാണ് ചെടി വളർത്തുന്നത്. അതിനാൽത്തന്നെ വളരെ ‘കൺട്രോൾഡ്’ ആയി വളരുന്ന ചെടിയും ആകണം. വൻതോതിൽ കായ്ഫലമുണ്ടാകുമെങ്കിലും അധികം വളരില്ല എസ്പാനൊല എന്നതാണ് ഇക്കാര്യത്തിൽ ഗുണകരമായത്. എത്ര ഉയരത്തിൽ വേണമെങ്കിലും വളരാനുള്ള കഴിവുമുണ്ട് ഈ മുളകുചെടിക്ക്.

ബഹിരാകാശ നിലയത്തിലെ ഗവേഷകർക്കു സഹായകരമായ മറ്റൊരു കാരണവുമുണ്ട് എസ്പാനൊലയെ തിരഞ്ഞെടുക്കാൻ. കൂടുതൽ സ്പൈസിയും രുചികരവുമായ ഏതെങ്കിലുമൊന്നു വളർത്തിയെടുക്കാൻ നാളുകളായി നാസയോട് പേടകത്തിലെ ഗവേഷകർ ആവശ്യപ്പെടുന്നു. നാളുകളോളം കേടുകൂടാതെയിരിക്കുന്ന ഭക്ഷണമാണ് ഗവേഷകർ മിക്കപ്പോഴും കഴിക്കാറുള്ളത്. അതിന് അൽപം ‘എരിവ്’ പകരാനായി മുളകുചെടി തന്നെ നട്ടാൽ നല്ലതായിരിക്കുമെന്ന് അങ്ങനെയാണു തോന്നിയതെന്നും നാസയിലെ പ്ലാന്റ് സൈക്കോളജിസ്റ്റ് റേ വീലർ പറയുന്നു. ബഹിരാകാശ യാത്രികർക്ക് ഏറെ ആവശ്യമുള്ള വൈറ്റമിൻ സിയും ഈ കാപ്സിക്കത്തിലുണ്ട്. യാത്രികരുടെ ആരോഗ്യപരമായ പ്രശ്നങ്ങൾക്കു വരെ പരിഹാരം ലഭിക്കും ഈ കാപ്സിക്കം വഴി.

ഉദാഹരണത്തിന്, ബഹിരാകാശ പേടകത്തിലെ ഗവേഷകർക്ക് രുചി തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്ന പ്രശ്നമുണ്ടാകാറുണ്ട്. കാഴ്ചയ്ക്കും ഇടയ്ക്ക് പ്രശ്നം സംഭവിക്കും. അതിനെല്ലാം പരിഹാരമാണ് വൈറ്റമിൻ സി. ചൊവ്വയിലേക്കു നടക്കാനിരിക്കുന്നതു പോലെ ഏറെ നാൾ നീളുന്ന പര്യവേഷണ യാത്രയിൽ പേടകത്തിൽ തന്നെ വൈറ്റമിൻ സി ഉൽപാദിപ്പിക്കാനുള്ള വഴി നോക്കേണ്ടത് അത്യാവശ്യമാണ്. എസ്പാനൊല കൃഷി വിജയകരമായാൽ ചൊവ്വായാത്രയിലും നിർണായക സഹായകമാകുമെന്നു ചുരുക്കം. 2019 നവംബറിനും 2020 ജനുവരിക്കും ഇടയിൽ എപ്പോൾ വേണമെങ്കിലും എസ്പാനൊല ചെടികൾ ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.