സൂര്യനല്ലാതെ ദൂരെ ‘തീതുപ്പുന്ന’ നക്ഷത്രം; ഭൂമിയിലെത്തിയാൽ സർവനാശം, പക്ഷേ..., NASA, Solar eruption, Alien star hr9024, Padhippura, Manorama Online

സൂര്യനല്ലാതെ ദൂരെ ‘തീതുപ്പുന്ന’ നക്ഷത്രം; ഭൂമിയിലെത്തിയാൽ സർവനാശം, പക്ഷേ...

എല്ലാ ദിവസവും നേരം വെളുത്താലുടൻ ‘തലനീട്ടി’ പുറത്തേക്കിറങ്ങും, എന്നിട്ടങ്ങനെ കത്തിജ്വലിച്ചു നിൽക്കും. മഴയാണെങ്കിൽ മേഘങ്ങൾക്കിടയിൽ ഒളിക്കും. എന്തൊക്കെ സംഭവിച്ചാലും സന്ധ്യയോടെ മറയുകയും ചെയ്യും– കോടിക്കണക്കിനു വർഷങ്ങളായി സൂര്യൻ ഇതാണു തുടരുന്നത്. ഇനിയും കോടിക്കണക്കിനു വർഷം ഇങ്ങനെത്തന്നെയായിരിക്കുകയും ചെയ്യും. പക്ഷേ ഒരിക്കൽ സൂര്യൻ കത്തിത്തീരും, അന്നു ഭൂമി ഇല്ലാതാകുമെന്നതും ഉറപ്പ്. വർഷങ്ങളായി സൂര്യനെ നിരീക്ഷിച്ചിട്ടും പല കാര്യങ്ങളും ഇപ്പോഴും ഗവേഷകർക്കു പൂർണമായും മനസ്സിലായിട്ടില്ല. സൂര്യന്റെ ചൂട് തന്നെ അധികം ‘അടുക്കാതിരിക്കാനുള്ള’ പ്രധാന കാരണം.

സൂര്യനെപ്പോലെ മറ്റു നക്ഷത്രങ്ങളുണ്ടെങ്കിൽ അവയിലെങ്കിലും ഗവേഷണം നടത്തി നോക്കാമായിരുന്നു. എന്തായാലും ജ്യോതിശാസ്ത്രത്തിന്റെ ചരിത്രത്തിലാദ്യമായി അത്തരമൊരു നക്ഷത്രം കണ്ടെത്തിയിരിക്കുകയാണ് നാസ. സൂര്യനിൽ നടക്കുന്ന കൊറോണൽ മാസ് ഇജക്‌ഷൻ (സിഎംഇ) എന്ന പ്രതിഭാസമാണ് അങ്ങൂ ദൂരെ ദൂരെയുള്ള ഒരു നക്ഷത്രത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 450 പ്രകാശവർഷം അകലെയുള്ള ഈ ‘ഏലിയൻ’ നക്ഷത്രത്തിന്റെ പേരാണ് എച്ച്ആർ 9024. എന്താണീ സിഎംഇ എന്നായിരിക്കും കൂട്ടുകാരിപ്പോൾ ആലോചിക്കുന്നത്! സംഗതി അൽപം പ്രശ്നക്കാരനാണ്.

സൂര്യനിൽ നിന്നു സാധാരണഗതിയിലുള്ള ചൂട് തന്നെ പലപ്പോഴും നമുക്ക് താങ്ങാനാകാറില്ല. അതിനിടെ ഇടയ്ക്ക് സൂര്യനിൽ നിന്ന് കൊടുംചൂടുള്ള സൗര വാതകങ്ങളും പ്ലാസ്മയും ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനുമൊക്കെ പുറന്തള്ളപ്പെടാറുണ്ട്. ഭൂമിയിൽ കോടിക്കണക്കിന് ഹൈഡ്രജൻ ബോംബുകളിട്ടാൽ എങ്ങനെയുണ്ടാകും? അത്രയും തീവ്രശേഷിയുമായിട്ടാണ് ഈ പ്രത്യേക സൗരവാതവും ഭൂമിക്കു നേരെ വരാറുള്ളത്. സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ നിന്നാണ് സിഎംഇയുടെ വരവ്. ഇത് ഇടയ്ക്കിടെ സംഭവിക്കാറുമുണ്ട്. എന്നാൽ പലപ്പോഴും ഭൂമിയിലേക്കു കടക്കാറില്ലെന്നു മാത്രം. ഇതു വരുന്ന വഴിയിൽ ഭൂമിയിലെ ഏതെങ്കിലും സാറ്റലൈറ്റുകൾ പെട്ടുപോയാൽ തീർന്നു; അവ നശിച്ചു പോകും.

ഭൂമിയിലേക്കു വരാനാണെങ്കിൽ സിഎംഇക്ക് ഏതാനും ദിവസങ്ങൾ കൊണ്ടു സാധിക്കും. ഭൂമിയിൽ വൈദ്യുതിവിതരണത്തിനുള്ള ട്രാൻസ്ഫോർമറുകൾ വരെ ഇവയേറ്റാൽ തകർന്നു പോകും. അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും ഗവേഷകർ പറയുന്നു. എന്നാൽ പുതുതായി കണ്ടെത്തിയ നക്ഷത്രത്തിലെ സിഎംഇ ഒരിക്കലും ഭൂമിയിലേക്കു വരില്ല. അത്രയേറെ ദൂരെയാണു സംഗതിയെന്നതു തന്നെ കാരണം. നാസ ബഹിരാകാശത്തു സ്ഥാപിച്ചിരിക്കുന്ന ചന്ദ്ര എന്ന എക്സ്–റേ ഒബ്സർവേറ്ററിയാണ് ഈ പുതിയ നക്ഷത്രത്തെ കണ്ടെത്തിയത്. വളരെ സജീവമായ ഒരു നക്ഷത്രത്തിൽ നിന്നാണ് സിഎംഇയുടെ വരവെന്ന് എക്സ്–റേ രശ്മികളുടെയും പ്ലാസ്മയുടെയും സാന്നിധ്യം കൊണ്ട് വ്യക്തമാവുകയായിരുന്നു.

പ്ലാസ്മയുടെ വേഗം പരിശോധിച്ചതിൽ നിന്നും ഗവേഷകർക്ക് ആവശ്യമായ വിവരം ലഭിച്ചു. ഈ സൗരവാതത്തിന്റെ സഞ്ചാരത്തിലുള്ള പാറ്റേണിലും വ്യത്യാസമുണ്ട്. സൂര്യനിലെ സിഎംഇയുടെ അതേ രീതിയിൽ തന്നെയായിരുന്നു എച്ച്ആർ നക്ഷത്രത്തിൽ നിന്നുള്ള സൗരവാതത്തിന്റെ വരവും. ഇതിന്റെ ശക്തിയും നാസ ഗവേഷകർ പരിശോധിച്ചു. സൂര്യനിൽ നിന്ന് ഇന്നേവരെയുണ്ടായിട്ടുള്ള ഏറ്റവും വിനാശകാരിയായ സൗരവാതത്തേക്കാൾ 10,000 മടങ്ങ് ശക്തമാണ് എച്ച്ആർ നക്ഷത്രത്തിൽ നിന്നുള്ള വരവെന്നായിരുന്നു കണ്ടെത്തൽ. ഭൂമിയിലേക്കു പതിച്ചാൽ ഇവിടത്തെ വാർത്താവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെ തവിടുപൊടിയാകുമെന്നു ചുരുക്കും. സൂര്യന്റെ ബന്ധുവായ പുതിയ നക്ഷത്രത്തെപ്പറ്റി ഗവേഷകർ കണ്ടെത്തിയ കാര്യങ്ങൾ നേച്ചർ ആസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.