ചൊവ്വയിലേക്കു യാത്ര പോകേണ്ടേ? പേടകത്തിനു വഴി കാണിക്കാന്‍ നമുക്കും അവസരം , NASA's mars curiosity rover, drivers need your help, Padhippura, Manorama Online

ചൊവ്വയിലേക്കു യാത്ര പോകേണ്ടേ? പേടകത്തിനു വഴി കാണിക്കാന്‍ നമുക്കും അവസരം

എന്നെങ്കിലുമൊരിക്കല്‍ ഒരു അന്യഗ്രഹജീവി വഴിതെറ്റി ഭൂമിയിലെത്തിയാലുള്ള കാര്യം ആലോചിച്ചിട്ടുണ്ടോ? ഭൂമിയിലെ കെട്ടിടങ്ങളും കാടും മലനിരകളും തടാകങ്ങളും പുഴകളും പാര്‍ക്കുകളുമൊക്കെ അവയ്ക്കു കൗതുകമായിരിക്കും. എങ്ങോട്ടു പോകും, എന്തു ചെയ്യും എന്നൊന്നുമറിയാതെ അന്യഗ്രഹജീവി പകച്ചു പോവുകയും ചെയ്യും. പക്ഷേ ആകാശത്തുനിന്നു വളരെ നേരത്തേത്തന്നെ ഭൂമിയെ മാപ് ചെയ്തിട്ടാണ് അന്യഗ്രഹജീവി വരുന്നതെങ്കിലോ? അവയ്ക്കു യാതൊന്നും പേടിക്കേണ്ടി വരില്ല. ഭൂമിയിലേക്കെത്തുന്ന അന്യഗ്രഹജീവികളുടെ അതേ അവസ്ഥയിലാണിപ്പോള്‍ ചൊവ്വാ ഗ്രഹത്തിലേക്കു യാത്രയ്‌ക്കൊരുങ്ങുന്ന മനുഷ്യര്‍ക്കും.

ഗർത്തങ്ങളും കൂറ്റന്‍ മലനിരകളും അപകടം പതിയിരിക്കുന്ന വിള്ളലുകളും മണൽക്കെണികളുമെല്ലാമുള്ള ചൊവ്വയില്‍ വഴിയറിയാതെ ചെന്നുപെട്ടാല്‍ ജീവന്‍തന്നെ നഷ്ടത്തിലാകുമെന്നത് ഉറപ്പ്. പക്ഷേ ചൊവ്വയില്‍ സുഗമമായ യാത്ര സാധ്യമാക്കാന്‍ ഇപ്പോള്‍ ശാസ്ത്രസ്നേഹികളുടെ സഹായവും തേടിയിരിക്കുകയാണു നാസ. കൊച്ചുകൂട്ടുകാര്‍ക്ക് ജ്യോതിശാസ്ത്രത്തിലും ബഹിരാകാശ സാങ്കേതികതയിലുമൊക്കെ താല്‍പര്യമുണ്ടെങ്കില്‍ ഈ പ്രോജക്ടിന്റെ ഭാഗമാകാം. 2012 മുതല്‍ ചൊവ്വയില്‍ ചുറ്റിയടിച്ച് അവിടുത്തെ കാഴ്ചകള്‍ ഭൂമിയിലേക്ക് അയയ്ക്കുന്ന റോവറാണ് ക്യൂരിയോസിറ്റി. പക്ഷേ പലപ്പോഴും ചൊവ്വയിലെ അപകടം പതിയിരിക്കുന്ന പല വഴികളും മുന്‍കൂട്ടി കാണാനാകാതെ ക്യൂരിയോസിറ്റി കുരുക്കില്‍പ്പെട്ടിട്ടുണ്ട്.


മനുഷ്യന്റെ ചൊവ്വായാത്രയ്ക്കു മുന്നോടിയായി ഗ്രഹത്തിന്റെ പ്രതലം മുഴുവനും മാപ് ചെയ്യുകയാണ് ക്യൂരിയോസിറ്റിയുടെ ലക്ഷ്യം. അതിന് പേടകത്തെ സഹായിക്കാനാണ് നാസ സാധാരണക്കാരുടെ സഹായം തേടിയിരിക്കുന്നത്. zoonierse.org എന്ന വെബ്‌സൈറ്റിലൂടെ ഗവേഷകര്‍ക്ക് തങ്ങളുടെ വിവിധ വിഷയങ്ങളില്‍ സാധാരണക്കാരുടെ സഹായം തേടാനാകും. നാസയും ഈ വഴിയാണ് പിന്തുടരുന്നത്. ഈ വെബ്‌സൈറ്റില്‍ എഐ4മാർസ് എന്ന ഓണ്‍ലൈൻ‍ ടൂൾ വഴി ആർക്കു വേണമെങ്കിലും ചൊവ്വയുടെ വിവിധ ഭാഗങ്ങള്‍ അടയാളപ്പടുത്താം. മെഷീന്‍ ലേണിങ് സാങ്കേതികതയിലൂടെയാണ് ഇതിന്റെ പ്രവർത്തനം. അതായത് എല്ലാ വിവരങ്ങളും വിശകലനം ചെയ്യാനുള്ള കഴിവുണ്ട്.

ക്യൂരിയോസിറ്റിക്ക് വഴി കാണിക്കുന്ന സംവിധാനങ്ങള്‍ ഈ മാപ് ഉപയോഗപ്പെടുത്തി റോവറിന്റെ യാത്ര സുഗമമാക്കുകയാണു ചെയ്യുക. തടസ്സങ്ങളൊന്നുമില്ലാതെ സഞ്ചരിക്കാന്‍ റോവറുകള്‍ക്കു വഴി കാണിക്കുന്ന സംവിധാനമില്ലാത്തതാണ് നിലവില്‍ ചൊവ്വയില്‍ അനുഭവപ്പടുന്ന ഏറ്റവും വലിയ പ്രശ്‌നവും. ക്യൂരിയോസിറ്റി തന്നെയായിരുന്നു ഈ പ്രശ്‌നത്തിന്റെ ഏറ്റവും വലിയ ഇരയായതും. തുടക്കത്തില്‍ ചൊവ്വയിലെ മൂര്‍ച്ചയേറിയ പാറക്കൂട്ടത്തിനിടയില്‍ പെട്ടുപോയ റോവര്‍ മുന്നോട്ടു പോകാനാകാതെ ഏറെ കഷ്ടപ്പെട്ടതാണ്. സ്പിരിറ്റ് എന്നു പേരിട്ട മറ്റൊരു റോവറാകട്ടെ ചൊവ്വയിലെ മണല്‍ക്കെണികളിലൊന്നില്‍ പുതഞ്ഞുപോയി എന്നന്നേക്കുമായി പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. 2010ലായിരുന്നു ആ സംഭവം.


ലോകത്തിന്റെ പല ഭാഗത്തിരുന്നു ഗവേഷകര്‍ നിലവില്‍ ചൊവ്വയെ മാപ് ചെയ്യുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ സഹായം കൂടി ലഭിക്കുന്നതോടെ മാപ്പിങ്ങിന്റെ വേഗം കൂടും. എഐ4മാര്‍സില്‍ ചൊവ്വാ പ്രതലത്തിന്റെ ഏകദേശം 8000 ചിത്രങ്ങള്‍ ഇതിനോടകം അപ്‌ലോഡ് ചെയ്തുകഴിഞ്ഞു. ഓരോ ചിത്രവും പരിശോധിച്ച്, നാസയുടെ ട്യൂട്ടോറിയൽ വഴി പൊതുജനത്തിനും മാപ്പിങ് നടത്താം. ക്യൂരിയോസിറ്റിയുടെ ഓരോ യാത്രയും ഭൂമിയില്‍ പ്ലാൻ ചെയ്താണു നടപ്പാക്കുന്നത്. ഏതു വഴി പോകണം, യാത്രയ്ക്കിടെ എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങള്‍ കോഡ് ചെയ്താണ് റോവറിനെ പഠിപ്പിക്കുന്നത്. ഈ പ്ലാനിങ്ങിനുതന്നെ നാലഞ്ചു മണിക്കൂറെടുക്കും.

ജിയോളജിസ്റ്റുകളായിരിക്കും ചൊവ്വയുടെ ഉപരിതലത്തിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുക. ഭൂമിയുമായി കൃത്യമായ വിധത്തില്‍ റോവറിന്റെ ആന്റിന സെറ്റ് ചെയ്യുന്നത് മറ്റൊരു കൂട്ടരായിരിക്കും. പ്രതലത്തില്‍ നിഴൽ‍ വീണ് റോവറിന്റെ അളവെടുപ്പിനു പ്രശ്‌നം പറ്റാതിരിക്കാന്‍ ശ്രദ്ധിക്കുന്ന വിഭാഗവുമുണ്ട്. ഇത്തരത്തിൽ‍ ക്യൂരിയോസിറ്റിയുടെ യാത്ര സുഗമമാക്കാന്‍ നടത്തുന്ന കൂട്ടായ പ്രയത്‌നത്തിലേക്കാണ് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഇപ്പോൾ‍ സാധാരണക്കാരുടെയും വിദ്യാര്‍ഥികളുടെയുമെല്ലാം സഹായം തേടിയിരിക്കുന്നത്. ഒപ്പം ചേരുകയല്ലേ കൂട്ടുകാരേ? -