തലയ്ക്കു മുകളിൽ തിളച്ചു മറിയുന്ന ലാവ; ‘ആകാശത്ത്’ പറന്നു നടക്കുന്ന അഗ്നിപർവതം!
ഭൂമിയിൽ ഒരു അഗ്നിപർവതം പൊട്ടാൻ പോകുകയാണെന്നു കേട്ടാൽ അതിന്റെ ഏഴയലത്തു പോലും പിന്നെയൊരാളെ അടുപ്പിക്കില്ല. പരിസരത്തു നിന്നു കിലോമീറ്ററുകളോളം അകലത്തിലുള്ളവരെ ഉൾപ്പെടെ ഒഴിപ്പിക്കും. അഗ്നിപർവതം ചാരവും മറ്റും പുറന്തള്ളി സൂചന തരുമ്പോൾ തന്നെ ഈ ഒഴിപ്പിക്കൽ തുടങ്ങും. അത്രയേറെ പേടിക്കണം അഗ്നിപർവതത്തിൽ നിന്നു പുറത്തേക്ക് ഒലിക്കുന്ന ലാവയെ. അങ്ങനെയാണെങ്കിൽ തലയ്ക്കു മുകളിലൂടെ നിറയെ അഗ്നിപർവതങ്ങൾ പറന്നു നടക്കുന്ന കാര്യമൊന്ന് ആലോചിച്ചു നോക്കിക്കേ? എപ്പോഴാണ് അവ പൊട്ടിത്തെറിക്കുകയെന്നു പോലും അറിയില്ല. പൊട്ടിയാലോ, ചുട്ടുപഴുത്ത ലാവ ആകാശത്തു നിന്നായിരിക്കും ഭൂമിയിലേക്കു പതിക്കുക. കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു, അല്ലേ? പക്ഷേ പേടിക്കേണ്ട. സംഗതി ബഹിരാകാശത്താണ്.
ചുട്ടുപഴുത്ത ലാവ നിറച്ച ഛിന്നഗ്രഹങ്ങൾ അഥവാ ആസ്റ്ററോയ്ഡുകൾ ഒരുകാലത്ത് ബഹിരാകാശത്തിലൂടെ കറങ്ങി നടന്നിരുന്നുവെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. അതും കോടിക്കണക്കിനു വർഷം മുൻപ്, സൂര്യനും ഭൂമിയുമൊക്കെ ഉൾപ്പെട്ട സൗരയൂഥം രൂപപ്പെട്ടു വരുന്ന സമയത്ത്. നാസയാണ് ഇതു സംബന്ധിച്ച പഠനം ജ്യോഗ്രഫിക്കൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ചത്. ബഹിരാകാശത്തു ചുറ്റിക്കറങ്ങുന്ന കൂറ്റൻ പാറകളും ലോഹക്കഷ്ണങ്ങളുമാണ് ഛിന്നഗ്രഹങ്ങൾ. ഏകദേശം 450 കോടി വർഷം മുൻപ് ഗ്രഹങ്ങളും മറ്റും രൂപപ്പെട്ടപ്പോൾ അവയ്ക്കൊപ്പമുണ്ടായ അവശിഷ്ടങ്ങളാണ് ഇവ. പലതിലും ഇരുമ്പും നിക്കലുമൊക്കെയുണ്ട്. ചിലതാകട്ടെ ഭാരമേറിയ പാറകളാണ്. എന്നാൽ തുടക്ക കാലത്ത് ഇവ ഉരുകിയൊലിക്കുന്ന ഇരുമ്പ് കട്ടിയായ നിലയിലായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
മെറ്റാലിക് ആസ്റ്ററോയ്ഡ് അഥവാ എം ടൈപ്പ് ആസ്റ്ററോയ്ഡുകളാണ് ഇത്തരത്തിൽ ഉരുകി കട്ടിയായ നിലയിലായിരുന്നത്. ഇവയ്ക്കുള്ളിൽ ഉരുകിയൊലിക്കുന്ന ഇരുമ്പ് ഉണ്ടായിരുന്നുവെന്നാണു ഗവേഷകർ പറയുന്നത്. ഇടയ്ക്കിടെ ഇരുമ്പിന്റെ കട്ടി കൂടിയ ആവരണം തുളച്ച് ഇവ പുറത്തേക്കു ചാടിയിരുന്നെന്നും! പക്ഷേ ഭൂമിയിലെ പോലെ തിളച്ചുമറിഞ്ഞ ഇരുമ്പ് ചുറ്റിലേക്കും ഒഴുകില്ല. ബഹിരാകാശമല്ലേ, സംഗതി പെട്ടെന്നു തന്നെ തണുത്ത് ഉറച്ചു കട്ടിയാകും. പക്ഷേ ഛിന്നഗ്രഹത്തിന്റെ ചില ഭാഗങ്ങളിൽ ദ്വാരങ്ങളുണ്ടാകും. അതുവഴിയാകും അഗ്നിപർവത്തിൽ നിന്നുള്ള വാതകങ്ങൾ പുറത്തു പോവുക. ഭൂമിയിലേതു പോലെ ഈ പർവതങ്ങൾക്ക് ‘കോൺ’ ആകൃതിയൊന്നുമുണ്ടാകില്ലെന്നും ഗവേഷകർ പറയുന്നു. നിലവിൽ ഇപ്പറഞ്ഞതെല്ലാം നിഗമനങ്ങളാണ്. ഇവ സത്യമാണെന്നു തെളിയിക്കാനുള്ള വിവരങ്ങൾക്ക് ഇനിയും ഏഴു വർഷം കൂടി കാത്തിരിക്കണം.
പ്രപഞ്ചത്തിൽ നാസ കണ്ടെത്തിയ ഏറ്റവും വലിയ ലോഹ ഛിന്നഗ്രഹമാണ് സൈക്കി. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ‘ആസ്റ്ററോയ്ഡ് ബെൽറ്റ്’ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇവൻ ചുറ്റിക്കറങ്ങുന്നത്. ഇതിലേക്ക് ഇടിച്ചിറങ്ങാൻ നാസ ഒരു പേടകം തയാറാക്കുന്നുണ്ട്. നാലു വർഷം കഴിഞ്ഞ് അനുയോജ്യമായ ഒരു ദിവസം സൈക്കിയിലേക്ക് ഇടിച്ചിറങ്ങും. അതിന്റെ ചിത്രങ്ങളെടുത്ത് ഭൂമിയിലേക്ക് അയയ്ക്കും. ഉപരിതലത്തിലെ സാംപിളുകൾ പരിശോധിക്കും. സൈക്കിയിൽ ഭൂമിയിലെ അഗ്നിപർവതങ്ങളിൽ കാണുന്നതു പോലുള്ള വിള്ളലുകളുണ്ടോ, ഉപരിതലത്തിൽ ഉരുകിയൊലിച്ച ഇരുമ്പ് തീർത്ത അടയാളങ്ങളുണ്ടോ, വാതകങ്ങൾ പുറന്തള്ളപ്പെട്ട ദ്വാരങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പേടകം പരിശോധിക്കുക. മുൻകാലങ്ങളിൽ എപ്പോഴെങ്കിലും അഗ്നിപർവത സ്ഫോടനം ഉണ്ടായിരുന്നോ എന്ന് ഈ തെളിവുകളിൽ ഏതെങ്കിലും ഒന്നിലൂടെ വ്യക്തമാകും. ‘ഫെറോ വോൾക്കാനിസ’ത്തിന്റെ തെളിവു തേടിയാണ് സൈക്കി മിഷനെന്നു ചുരുക്കം. അതെന്താ ഈ ഫെറോ വോൾക്കാനിസം? അഗ്നിപർവതം പൊട്ടി ഇരുമ്പ് ഒലിക്കുന്നതു തന്നെ–‘ഫെറോ’ എന്നാൽ ഇരുമ്പ് എന്നാണ് അർഥം.
Summary : NASA, Mission, Metal Asteroid Psyche