നാസ തന്നെ കാണിച്ചുതന്നു: അതാ ചൊവ്വാ ഗ്രഹത്തിൽ ‘എട്ടുകാലിക്കൂട്ടം’!!
നവീൻ മോഹൻ
ജൂലൈ 13നായിരുന്നു അത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഒരു ചിത്രം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവച്ചു. ഒറ്റനോട്ടത്തിൽ മരുഭൂമിക്കു സമാനമായ പ്രതലത്തിലൂടെ കറുത്ത കുറച്ചു ജീവികൾ പാഞ്ഞു പോകുന്നു. എന്താണിതു സംഗതിയെന്നു കരുതി നോക്കിയവർക്കായി ‘സൂക്ഷിച്ച നോക്കണ്ട്റാ ഉണ്ണീ...’ എന്ന മട്ടിലുള്ള നാസയുടെ തന്നെ മറുപടിയും എത്തി. ‘ചൊവ്വാഗ്രഹത്തിൽ കണ്ടെത്തിയ ‘എട്ടുകാലി’കളാണവ!’
ഉത്തരം കേട്ട ആരായാലും അന്തംവിട്ടു പോകും. നാസ പുറത്തിറക്കിയതാണെന്നു പറഞ്ഞ് ഒട്ടേറെ തട്ടിപ്പു വാർത്തകൾ പലരും പ്രചരിപ്പിക്കാറുണ്ട്. ഇതുപക്ഷേ നാസ ഔദ്യോഗികമായിത്തന്നെ പറയുന്നു ചൊവ്വയിൽ എട്ടുകാലികളുണ്ടെന്ന്. അങ്ങനെയെങ്കിൽ അതൊരു വമ്പൻ സംഭവമല്ലേ? ഇങ്ങനെയൊക്കെയാണോ അക്കാര്യം ലോകത്തെ അറിയിക്കേണ്ടത്? ഇതിനെല്ലാമുള്ള ഉത്തരം തൊട്ടടുത്ത വരികളിൽ തന്നെ നാസ ഒളിപ്പിച്ചു വച്ചിരുന്നു.
ആരും തോക്കിൽക്കയറി വെടിവയ്ക്കല്ലേ. സംഗതി എട്ടുകാലി തന്നെയാണ്. പക്ഷേ വിളിപ്പേരാണെന്നു മാത്രം. ചൊവ്വാഗ്രഹത്തിൽ ചില പ്രത്യേക ഭാഗങ്ങളിലെ പ്രതലത്തിൽ കാണപ്പെടുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേരാണ് സ്പൈഡർ എന്ന്. ‘അരേനിയ്ഫോം ടെറയ്ൻ(araneiform terrain)’ എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ‘അരേനിയ്ഫോം’ എന്നാൽ ‘എട്ടുകാലിയെപ്പോലുള്ളത്’ എന്നർഥം.
ഇക്കഴിഞ്ഞ മേയ് 13നു നാസയുടെ മാർസ് റിക്കോണസെൻസ് ഓർബിറ്ററാണ് ഈ ചിത്രം പകർത്തി ഭൂമിയിലേക്ക് അയച്ചത്. ചൊവ്വാഗ്രഹത്തിൽ കറങ്ങിയടിച്ച് സാധിക്കാവുന്നയിടത്തെല്ലാം നിരീക്ഷണം നടത്താനായി നാസ 2005ൽ അയച്ച പേടകമാണ് ഈ ഓർബിറ്റർ. ഇക്കഴിഞ്ഞ മേയിൽ ചൊവ്വയിലെ ദക്ഷിണ ധ്രുവത്തിലായിരുന്നു പേടകത്തിന്റെ പരിശോധന. അതിനിടെ കണ്ടെത്തിയ കാഴ്ച ഗവേഷകർക്ക് അയയ്ക്കുകയും ചെയ്തു. ഓര്‍ബിറ്റർ അയച്ച ചിത്രങ്ങളിലുടെ ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തെപ്പറ്റി ഏകദേശ ധാരണയുണ്ടാക്കുകയെന്നതാണു ഗവേഷകരുടെ ജോലി. എന്തായാലും സംഗതി എന്താണെന്ന് അവർ കണ്ടെത്തി.
ചൊവ്വയിലെ മണ്ണിനടിയിൽ കാർബൺ ഡൈ ഓക്സൈഡ് ഐസ് പരുവത്തിൽ കിടപ്പുണ്ട്. ഗ്രഹത്തിൽ ചൂടു കൂടുമ്പോൾ ഈ മഞ്ഞുകട്ട ഉരുകുകയല്ല മറിച്ച് ആവിയായിപ്പോകും (ഖരരൂപത്തിൽ നിന്ന് വാതകമായി മാറുന്ന അവസ്ഥ) പക്ഷേ ഈ ആവി എങ്ങനെ പുറത്തേക്കു പോകും? അതു പ്രതലത്തിനു തൊട്ടുതാഴെ ഇങ്ങനെ തട്ടീംമുട്ടീം നിൽക്കും. അതിനിടെ പലയിടത്തു നിന്നും കാർബൺ ഡൈ ഓക്സൈഡ് ഐസ് ആവിയായിത്തുടങ്ങിയിട്ടുണ്ടാകും. ഇവയെല്ലാം കൂട്ടത്തോടെ എത്തും. എല്ലാവരും ചേർന്നതോടെ തങ്ങളെ തടഞ്ഞ മണ്ണിന്റെ പാളിയെ തകർത്തു കളയാനുള്ള ശക്തിയായി. പിന്നെ ജെറ്റു പോലെ ഈ വായു കുതിച്ചൊരു പോക്കാണ് മുകളിലേക്ക്. ആ വരവിൽ മണ്ണെല്ലാം വശങ്ങളിലേക്കു തെറിക്കും. കാറ്റും കൂടി വീശുന്നതോടെ പരിസരത്തെ മണ്ണ് പാറിപ്പറന്ന് വെള്ളമൊഴുകിയതു പോലെ അടയാളങ്ങളും ഉണ്ടാകും.
കാർബൺ ഡൈ ഓക്സൈഡ് ഐസ് ആവിയായി പുറത്തുവന്ന ദ്വാരത്തിനു ചുറ്റിലും മണ്ണു കൂടിക്കിടക്കുന്നുണ്ടാകും. ഇതെല്ലാം പക്ഷേ ദൂരെ നിന്നു നോക്കുമ്പോൾ എട്ടുകാലിപ്പറ്റങ്ങൾ പോലെ തോന്നുകയും ചെയ്യും. എന്നാൽ ഭൂമിയിൽ ഒരിക്കലും ഇത്തരമൊരു പ്രതിഭാസം നടക്കില്ല. അതിനാൽത്തന്നെ ചൊവ്വയിലെ അന്തരീക്ഷത്തിലെയും മണ്ണിനടിയിലെയും പ്രത്യേകതകൾ മനസ്സിലാക്കാൻ ഇത്തരം ‘എട്ടുകാലി’ക്കാഴ്ചകൾ ഏറെ സഹാകരവുമാണ്.
അപ്പോഴും ചൊവ്വയിൽ ജീവനുണ്ടോയെന്ന ചോദ്യം ബാക്കി.‘ഇതു പോലുള്ള ഗംഭീരൻ കാഴ്ചകൾ ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു, കാത്തിരിക്കൂ...’ എന്ന് അതിനുള്ള നാസയുടെ മറുപടിയും.