ബഹിരാകാശ ഗവേഷണത്തിന് ഇനി രൂപം മാറുന്ന റോബട്ടുകള്‍ !
എസ്.നവനീത് കൃഷ്ണൻ
ട്രാന്‍സ്ഫോമേഴ്സ് എന്ന സിനിമ കണ്ടിട്ടില്ലേ. ഇഷ്ടമുള്ള രൂപം സ്വീകരിക്കാന്‍ കഴിയുന്ന റോബട്ടുകള്‍ മറ്റൊരു ലോകത്തില്‍നിന്ന് ഭൂമിയിലെത്തുന്ന കഥകളാണ് ആ സിനിമാസീരീസില്‍. അത്തരം റോബട്ടുകള്‍ പിന്നെ കളിപ്പാട്ടങ്ങളായും വന്നിരുന്നു.
ഇത്തരം ആശയങ്ങളെ അങ്ങനങ്ങ് വിട്ടുകളയാന്‍ ബഹിരാകാശഗവേഷകര്‍ തയാറല്ല. നാസ വളരെ കാര്യമായിട്ടാണ് ഇത്തരം ഒരു ആശയത്തെ കാണുന്നത്. രൂപം മാറുന്ന റോബട്ടുകള്‍ക്ക് ബഹിരാകാശ പര്യവേക്ഷണത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. മറ്റു ഗ്രഹങ്ങളിലേക്കും മറ്റും പര്യവേക്ഷണത്തിന് പോകുമ്പോള്‍ പല ആവശ്യങ്ങള്‍ക്കുള്ള പല രൂപത്തിലുള്ള റോബട്ടുകള്‍ ആവശ്യം വരും.
ആവശ്യാനുസരണം പറക്കാനും ഇഴയാനും ഉരുളാനും നടക്കാനും നീന്താനും ഒക്കെ കഴിയുന്ന ഒരു റോബട് സങ്കൽപിച്ചുനോക്കിക്കേ...കുറെയധികം കുഞ്ഞുറോബട്ടുകള്‍ ചേര്‍ന്ന് വലിയൊരു റോബട് ആകുന്ന ഒരു ആശയമാണ് ഇപ്പോള്‍ നാസയുടെ മുന്നിലുള്ളത്. ആകാശത്ത് പറക്കാനും നിലത്ത് ഉരുളാനും വെള്ളത്തില്‍ നീന്താനും പൊങ്ങിക്കിടക്കാനും ഒക്കെ കഴിയുന്ന കുഞ്ഞുകുഞ്ഞു റോബട്ടുകള്‍. അൽപം കഴിഞ്ഞ് ഇവയെല്ലാം കൂടിച്ചേര്‍ന്ന് ഒരു വലിയ റോബട്.
ഇത്തരമൊരു റോബട്ടിന്റെ പ്രാഥമികരൂപത്തിന്റെ പരീക്ഷണം ഈയടുത്ത് നാസ നടത്തുകയുണ്ടായി. പറക്കാനും ഉരുളാനും മാത്രമാണ് ഈ പ്രോട്ടോടൈപ്പിന് കഴിഞ്ഞത്.
ശനിയുടെ ഉപഗ്രഹമായ ടൈറ്റാനെ ലക്ഷ്യം വച്ചാണ് ഈ റോബട്ടുകളുടെ പരീക്ഷണങ്ങള്‍ നടക്കുന്നത്. നാസയുടെ ഡ്രാഗണ്‍ഫ്ലൈ എന്ന പേടകം അധികം വൈകാതെ ടൈറ്റനിൽ ഇറങ്ങുമെന്നു പ്രതീക്ഷിക്കാം. പറക്കാന്‍ കഴിയുന്ന ഒരു പേടകമാണിത്. അതിനു ശേഷമാവും രൂപം മാറുന്ന റോബട്ടുകള്‍ ടൈറ്റനിലെത്തുക.
ഷേപ്പ്ഷിഫ്റ്റിങ് റോബട്ടുകള്‍ എന്ന ആശയം തലയില്‍ കയറിയതോടെ ഇരിക്കപ്പൊറുതിയില്ലാതെ അതിന്റെ പുറകെയാണ് നാസയിലെ കുറെ ശാസ്ത്രജ്ഞര്‍.
സ്വയം കൂടിച്ചേര്‍ന്ന് വലിയ റോബട് ആവാന്‍ ശേഷിയുള്ള കുറെ കുഞ്ഞുറോബട്ടുകളുമായി അവര്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കോബട്ടുകള്‍ എന്നാണ് ഈ കുഞ്ഞുറോബട്ടുകളെ വിളിക്കുന്നത്. ഇതിന്റെ ആശയതലത്തില്‍ നിന്നു പ്രായോഗികതലത്തിലേക്കു മാറിയതിന്റെ ആദ്യപടിയായിരുന്നു ഉരുളാനും പറക്കാനും കഴിയുന്ന ആദ്യ പ്രോട്ടോടൈപ്.
ടൈറ്റാനിലോ മറ്റ് ആകാശഗോളങ്ങളിലോ മാത്രമാകില്ല ഇത്തരം റോബട്ടുകളുടെ ഉപയോഗം. രക്ഷപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഭൂമിയിലും ഉപയോഗിക്കാനാവും ഇത്തരം റോബട്ടുകള്‍.