പച്ചകുത്തൽ അപകടമോ?

സുജിത്കുമാർ

ഇപ്പോൾ ഫുട്ബോൾ കാണുമ്പോൾ മെസ്സിയുടെയും നെയ്മറിന്റെയും ഒക്കെ ശരീരത്തിൽ വലിയ ചിത്രങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ..? എന്താണിത്..? എങ്ങനെയാണ് അത് വരയ്ക്കുന്നത്..?

പച്ചുകുത്തുന്നതിന്റെ ബയോളജി
ത്വക്കിന്റെ ഏറ്റവും പുറമെയുള്ള ഭാഗമായ എപ്പിഡെർമിസിനു തൊട്ടു താഴെയുള്ള ഡെർമിസിലേക്ക് വിവിധ നിറങ്ങളിലുള്ള മഷി കുത്തിവച്ച് ചിത്രങ്ങളും ചിഹ്നങ്ങളുമൊക്കെ വരച്ചു ചേർക്കുന്ന റ്റാറ്റൂയിങ് അഥവാ നമ്മുടെ പച്ച കുത്തലിന് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. 1991ൽ വീണ്ടെടുത്ത- BC 3400 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഹിമമനുഷ്യൻ എന്ന പേരിൽ അറിയപ്പെടുന്ന 'ഒയേട്സി' എന്ന മമ്മിയുടെ വിവിധ ശരീര ഭാഗങ്ങളിൽ പച്ചകുത്തിയ അടയാളങ്ങളുണ്ട്. ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം മനുഷ്യനും പച്ചകുത്തലും തമ്മിൽ എത്ര പഴയ ബന്ധമാണുള്ളതെന്ന്. ‘To Strike’ എന്നർത്ഥം വരുന്ന Tatau എന്ന സമോവൻ ഭാഷയിലെ വാക്കിൽ നിന്നാണ്‌ റ്റാറ്റൂ ഉണ്ടായത്. പ്രധാനമായും പച്ച നിറത്തിന്റെ വകഭേദങ്ങളായ മഷി ഉപയോഗിക്കുന്നതിനാൽ നമ്മൂടെ നാട്ടിൽ ഇത് പച്ച കുത്തൽ എന്ന പേരിൽ അറിയപ്പെടുന്നു. ആചാരങ്ങളുടെ ഭാഗമായും സൗന്ദര്യ സങ്കൽപ്പങ്ങളുടെ ഭാഗമായുമൊക്കെ ചെറിയ ചിഹ്നങ്ങൾ മുതൽ ശരീരം മൊത്തം മറയ്ക്കുന്ന രീതിയിലുമെല്ലാമുള്ള പച്ചകുത്തൽ സമ്പ്രദായങ്ങൾ നിലനിൽക്കുന്നുണ്ട്. ചില ഗോത്രവർഗങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായതിനാൽ പടിഞ്ഞാറൻ രാജ്യങ്ങളിൽ പച്ചകുത്തലിന് പരിഷ്കൃത സമൂഹത്തിൽ സ്വീകാര്യത വളരെ കുറവായിരുന്നു. മാഫിയാ സംഘങ്ങളും കുറ്റവാളികളുമെല്ലാം റ്റാറ്റൂ പ്രേമികൾ ആയതും ഇതിനൊരു കാരണമായി വിലയിരുത്തപ്പെടുന്നു. എങ്കിലും കഴിഞ്ഞ ഒന്നു രണ്ടു ദശാബ്ദങ്ങളായി ആഗോള തലത്തിൽ തന്നെ പച്ചകുത്തലിനു വലിയ തോതിൽ സ്വീകാര്യത ലഭിച്ചു വരുന്നതായി കാണാം. പ്രാകൃതമായ- വേദനയുണ്ടാക്കുന്ന പച്ചകുത്തൽ സമ്പ്രദായത്തിൽ നിന്നു മാറി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വേദനയറിയാത്ത രീതികളും വർണ്ണ വൈവിധ്യങ്ങളാൽ മനോഹരങ്ങളായ ഡിസൈനുകളും പ്രശസ്ത സിനിമാ/ടെലിവിഷൻ താരങ്ങളെയും കായിക താരങ്ങളെയും അനുകരിക്കാനുള്ള പ്രവണതയുമെല്ലാം യുവതലമുറയെ ഇതിലേക്ക് ആകർഷിപ്പിച്ചതിന്റെ പ്രധാന കാരണങ്ങളാണ്‌.

മായുന്നതും മായാത്തതും
പ്രധാനമായും രണ്ടു തരത്തിലുള്ള പച്ചകുത്തലുകളാണ്‌ നിലവിലുള്ളത്. ഒന്ന് ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ മാത്രം ആയുസ്സുള്ള താൽക്കാലികമായവയും ആജീവനാന്തം നിലനിൽക്കുന്ന സ്ഥിരമായ പച്ചകുത്തലുകളും. ഇവയിൽ പൊതുവെ സ്ഥിരമായ പച്ചകുത്തലുകൾക്കാണു കൂടുതൽ പ്രചാരം. മാറി വരുന്ന സൗന്ദര്യ സങ്കൽപങ്ങളുടെ ഭാഗമായി പച്ചകുത്തുന്നത് പലപ്പോഴും ഊരാക്കുടുക്കിൽ ആയിരിക്കും കൊണ്ടുചെന്നെത്തിക്കുക. പ്രത്യേകിച്ച്, വസ്ത്രങ്ങൾക്കു പുറത്ത് കാണുന്ന ശരീര ഭാഗങ്ങളിലും മുഖത്തും എല്ലാം ഉള്ള പച്ചകുത്തലുകൾ. സ്ഥിരമായ പച്ചകുത്തലുകൾ പിന്നീടെപ്പോഴെങ്കിലും നീക്കം ചെയ്യണമെങ്കിൽ പ്ലാസ്റ്റിക് സർജറി പോലെയുള്ള മാർഗങ്ങളെ ആശ്രയിക്കേണ്ടി വരും. ഇതിനാകട്ടെ പച്ചകുത്തുന്നതിന്റെ പതിന്മടങ്ങ് ചെലവും. സ്ഥിരമായുള്ള പച്ചകുത്തലുകൾക്ക് പല രാജ്യങ്ങളിലും നിയമപരമായ വിലക്കുകളും ഉണ്ട്. ഇന്ത്യയിൽ സൈനികർക്ക് പച്ചകുത്തൽ അനുവദനീയമല്ല എന്നു മാത്രമല്ല പച്ചകുത്തിയവർക്ക് സൈന്യത്തിൽ ജോലി ലഭിക്കാനും നിയമപരമായ തടസ്സങ്ങളുമുണ്ട്. ജർമനിയിൽ നാസി ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും പച്ചകുത്തുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. ശ്രീ ബുദ്ധന്റെ ചിത്രം പച്ചകുത്തുന്നത് ശ്രീലങ്ക ഉൾപ്പെടെ,ബുദ്ധമത വിശ്വാസികൾക്ക് പ്രാമുഖ്യമുള്ള രാജ്യങ്ങളിൽ അനുവദനീയമല്ല. ഇറാനിൽ ഈ അടുത്ത കാലത്ത് എല്ലാ തരത്തിലുമുള്ള പച്ചകുത്തലുകളും നിരോധിച്ചിരുന്നു.

ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
പച്ചകുത്തൽ ഏതുതരത്തിലുള്ളതായാലും അതിനോടു ബന്ധപ്പെട്ട് വിവിധ ആരോഗ്യ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. പച്ചകുത്താനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ഉപയോഗിക്കുന്ന സൂചി, മെഷീൻ ഇവയെല്ലാം മൂലം രോഗാണുബാധകളും അലർജിയും ഒക്കെ ഉണ്ടാകാനുള്ള വലിയ സാദ്ധ്യതകൾ നിലനിൽക്കുന്നു. പച്ച കുത്തുന്നതിനു മുൻപ്, ഉപയോഗിക്കുന്ന രാസവസ്തുക്കൾ - അതിനി ജൈവ ഉൽപന്നങ്ങൾ ആണെങ്കിൽ കൂടി ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അലർജിയോ അസ്വസ്ഥകളോ ഉണ്ടാക്കുന്നതാണോ എന്നൊന്നും പരിശോധിക്കാൻ പലരും മിനക്കെടാത്തത് ഇതിനെ അപകടകരമാക്കുന്നു.

പ്രത്യേക തരം സൂചികളും മുള്ളുകളും ഉപയോഗിച്ച് പച്ചകുത്തുന്ന പ്രാചീന രീതിയിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ ആധുനിക യന്ത്ര സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും ഇവ വേണ്ട രീതിയിൽ അണുവിമുക്തമാക്കാതെ ഉപയോഗിക്കുന്നത് ഹെപ്പറ്റൈറ്റിസ്-ബി, എയിഡ്സ്, മറ്റു ത്വക് രോഗങ്ങൾ എന്നിവ ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പരക്കുന്നതിനു കാരണമാകുന്നു. ഇരുമ്പ് സംയുക്തങ്ങൾ അടങ്ങിയ മഷികൊണ്ടു പച്ച കുത്തപ്പെട്ട ശരീര ഭാഗങ്ങൾ ഏതെങ്കിലും കാരണവശാൽ വിവിധ രോഗ നിർണ്ണയങ്ങൾക്കായി എംആർഐ സ്കാൻ ചെയ്യേണ്ടി വരികയാണെങ്കിൽ ഈ ലോഹസംയുക്തങ്ങൾ കാന്തികവൽക്കരിക്കപ്പെടുകയും മാഗ്നറ്റിക് ഹിസ്റ്റെറിസിസ് എന്ന പ്രതിഭാസത്തിന്റെ ഫലമായി ഈ ഭാഗങ്ങൾ ചൂടാകാനും പൊള്ളലേൽക്കാനും സാദ്ധ്യതയുണ്ട്. വിവിധ ലോഹങ്ങൾ അടങ്ങിയ മഷികൾ ഉപയോഗിച്ചുകൊണ്ടുള്ള പച്ചകുത്തലുകൾ ത്വക്കിലെ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കും കാരണമാകാം.