ഡിഎൻഎ പരീക്ഷണവും പറയുന്നു: തടാകത്തിലുണ്ടാകാം ആ അജ്ഞാത ഭീമൻ...!
ലോകത്ത് ഇന്നേവരെ എവിടെയും കാണാത്ത ജീവി, പ്രാചീന കാലത്തെ ദിനോസർ, ഭീമൻ ക്യാറ്റ് ഫിഷ്... ഇങ്ങനെ പല തരം വിശേഷണങ്ങളുണ്ട് സ്കോട്‌ലൻഡിലെ നെസിക്ക്. അവിടുത്തെ പ്രശസ്തമായ നെസ് തടാകത്തിൽ പലപ്പോഴായി കണ്ടിട്ടുള്ളതിനാലാണ് ഈ അജ്ഞാതജീവിക്ക് നെസിയെന്ന പേരു വീണത്. പ്രദേശത്തേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണ്ടി പ്രചരിപ്പിച്ച തട്ടിപ്പാണ് ഇതെന്നും പറയുന്നവരുണ്ട്. എന്തായാലും ആറാം നൂറ്റാണ്ടിലെ ഒരു ഐറിഷ് സന്യാസി മുതലിങ്ങോട്ട് നെസിയെ കണ്ടവരേറെയാണ്. പലരും ചിത്രങ്ങളും വിഡിയോകളും ശബ്ദവും വരെ റിക്കാർഡ് ചെയ്തെടുത്തു. പക്ഷേ ഒന്നും വ്യക്തമായിട്ടുള്ളവയായിരുന്നില്ല. ഏറ്റവും പ്രശസ്തമായ നെസിയുടെ ചിത്രം പോലും ഒരു അന്തർവാഹിനിയിൽ നെസിയുടെ നീളൻ കൃത്രിമക്കഴുത്തും തലയും കെട്ടിവച്ചുണ്ടാക്കിയതാണെന്നായിരുന്നു വിമർശനം.
സര്‍ക്കാർ ഇടപെട്ട് അത്യാധുനിക ഉപകരണങ്ങളുമായി തടാകം അരിച്ചു പെറുക്കിയിട്ടു പോലും ഇതുവരെ ലോക് നെസ് മോൺസ്റ്ററെന്ന നെസിയെ കണ്ടെത്താനായിട്ടില്ല. അങ്ങനെ അവസാനത്തെ പിടിവള്ളിയായി സർക്കാർ തന്നെ ഒരു വിദഗ്ധനെ നിയോഗിച്ചു. ന്യൂസീലൻഡിലെ ഒട്ടാഗ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രഫ. നീൽ ഗെമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2018 ജൂണിൽ നെസിയെ തേടി വ്യത്യസ്തമായ ഒരു ഗവേഷണപദ്ധതി ആവിഷ്കരിച്ചത്. അവർക്കു മുന്നിലും പക്ഷേ നെസി പിടികൊടുത്തില്ല. എങ്കിലും കഴിഞ്ഞ ദിവസം ചില സുപ്രധാന തെളിവുകൾ പുറത്തുവിടാൻ നീലിനും സംഘത്തിനും സാധിച്ചു.
എൻവയോണ്മെന്റൽ ഡിഎൻഎ അഥവാ ഇഡിഎൻഎ സാംപ്ലിങ് എന്നായിരുന്നു പദ്ധതിയുടെ പേര്. നെസിയുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടി തടാകത്തിലിറങ്ങി അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു ഇവരുടെ തിയറി. മറിച്ച് തടാകത്തിലെ ചില പ്രത്യേകയിടങ്ങളിലെയും ആഴങ്ങളിലെയും വെള്ളം മാത്രം മതി. വെള്ളത്തിലുള്ള തൊലിയുടെ അംശം, ശൽക്കങ്ങള്‍, തൂവലുകള്‍, രോമം, കാഷ്ഠം ഇവയൊക്കെ തരംതിരിച്ചു പരിശോധിക്കുന്നതാണ് രീതി. ഇതുവഴി തടാകത്തിലെ ഓരോ ജീവിയുടെയും ഡിഎൻഎ വിശകലനം ചെയ്യാം. നേരത്തേ തന്നെ പലതരം ജീവികളുടെ ഡിഎൻഎ അനാലിസിസ് നടത്തി പലയിടത്തും ശേഖരിച്ചു വച്ചിട്ടുണ്ട്. വെള്ളത്തിൽ നിന്നു ലഭിച്ചവയുടെ ഡിഎൻഎ റിപ്പോർട്ട് ഇവയുമായി താരതമ്യം ചെയ്തു നോക്കിയാൽ മതി. ഏതെങ്കിലുമൊക്കെ ചേരാതെ വന്നാൽ ഉറപ്പിക്കാം തടാകത്തിനടിയിലൊരു അജ്ഞാത ജീവി, അല്ലെങ്കിൽപുതിയ തരം ജീവികളുണ്ട്!
തടാകത്തിലെ 250 ഇടങ്ങളിൽ നിന്ന് നീലും സംഘവും വെള്ളം ശേഖരിച്ചു. അതിന്റെ സാംപിളുകള്‍ ഓസ്ട്രേലിയ, ഡെന്മാർക്ക്, ഫ്രാൻസ്, ന്യൂസീലൻഡ് എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയച്ചു. അങ്ങനെ ലഭിച്ച റിപ്പോർട്ടുകളിൽ നിന്ന് ഏകദേശം 3000 ജീവികളുടെ ഡിഎൻഎ തിരിച്ചറിയാൻ സാധിച്ചു. അക്കാര്യം പ്രത്യേകം വാർത്താസമ്മേളനം വിളിച്ച് അറിയിക്കുകയും ചെയ്തു. അന്നു പറഞ്ഞ ചില കാര്യങ്ങൾ നെസിയെക്കുറിച്ചുള്ള സംശയങ്ങൾ കൂടുതൽ ബലപ്പെടുത്തുന്നതായിരുന്നു. തിരിച്ചറിഞ്ഞ ഡിഎൻഎ സാംപിളുകളിലേറെയും കുഞ്ഞൻ ജീവികളുടേതായിരുന്നു. പലതിനെയും നഗ്നനേത്രങ്ങൾ കൊണ്ടു കാണാന്‍ പോലും സാധിക്കില്ല. നെസ് തടാകത്തിന്റെ ജൈവവൈവിധ്യം പരിശോധിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നു പറയുന്നു പ്രഫ. നീൽ. അതിനിടയ്ക്ക് ഒരുപക്ഷേ ബോണസായി നെസിയുടെ വിവരങ്ങൾ ലഭിച്ചെങ്കിലേയുള്ളൂ. പക്ഷേ നീലിനും സംഘത്തിനും നിരാശയായിരുന്നു ഫലം.
നെസിയെ പ്രതീക്ഷിച്ച അവർക്കു ലഭിച്ചത് നിറയെ ഈൽ മത്സ്യങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്ന ഡിഎൻഎയായിരുന്നു. തടാകത്തിൽ ജീവിക്കുന്ന കൂറ്റന്‍ ഈൽ മത്സ്യങ്ങളെയായിരിക്കും പലരും നെസിയായി തെറ്റിദ്ധരിച്ചതെന്ന് ഗവേഷകർ പറയുന്നു. പക്ഷേ എത്ര വമ്പനാണെന്നു പറഞ്ഞാലും ഈലുകൾക്കു പരമാവധി നാലു മുതൽ ആറടി വരെയേ വലുപ്പം കാണുകയുള്ളൂ. വെള്ളത്തിൽ കഴിയുന്ന ഡ്രാഗണാണ് നെസി എന്നു തെളിയിക്കുന്ന യാതൊരു തെളിവും തടാകത്തിൽ ഉണ്ടായിരുന്നില്ല. ജുറാസിക് കാലത്തു ജീവിച്ചിരുന്ന നീണ്ട കഴുത്തുള്ള പ്ലെസിയോസോറുകളായിരിക്കും നെസിയെന്നു കരുതിയിരുന്നവരുമുണ്ട്. 6.5 കോടി വർഷം മുൻപ് വംശനാശം സംഭവിച്ചു പോയവയാണ് ഈ ദിനോസറുകൾ. പക്ഷേ ഉരഗജീവികളുടെ സാന്നിധ്യം തെളിയിക്കുന്ന യാതൊന്നും ജലത്തിൽ കണ്ടെത്താനായില്ല. അതോടെ ദിനോസറിനുള്ള സാധ്യതയും പോയി.
വമ്പൻ ക്യാറ്റ് ഫിഷായിരിക്കാം നെസിയെന്നു പറയപ്പെടുന്നുണ്ട്. പക്ഷേ അതിനും യാതൊരു തെളിവും കിട്ടിയില്ലെന്നും പ്രഫ. നീൽ പറയുന്നു. വെള്ളത്തിൽ നിന്നു കിട്ടിയ ഈൽ ഡിഎൻഎയുടെ അളവു വച്ചു നോക്കുമ്പോൾ അവ തന്നെയാണ് നെസിയെന്ന ഏകദേശ ധാരണയിലെത്തിയിട്ടുണ്ട് ഗവേഷകർ. അപ്പോഴും അതിന്റെ വലുപ്പം സംബന്ധിച്ച സംശയം തുടരുകയാണ്. നെസി ഉണ്ടെന്നു കരുതുന്നവർക്ക് കൂടുതൽ പ്രതീക്ഷ പകരുന്നതായിരുന്നു പ്രഫ. നീലിന്റെ അടുത്ത വാക്കുകൾ– ‘തെളിവ് ലഭിച്ചില്ല എന്നു കരുതി ഒരു ജീവി ഇല്ല എന്നു പറയാനാകില്ല. നെസ് തടാകത്തിൽ ഒരു ഭീമൻ ഉണ്ടായേക്കാം. പക്ഷേ ഞങ്ങൾക്ക് അതിനെ കണ്ടുപിടിക്കാനായില്ലെന്നു മാത്രം...’