അയല, മത്തി, ചൂര, കാരി...ഇനി പുതിയൊരു മീനും!
നവീൻ മോഹൻ
അയല, മത്തി, ചൂര, കാരി, കണവ, കിളിമീന്‍, കൂരി, കരിമീന്‍... ഇങ്ങനെ എത്രയെത്ര മീനുകളെ കറിയാക്കി കഴിക്കുന്നു. ഈ മീനുകളല്ല, ഇതിനേക്കാളുമേറെ മീനുകളുടെ പേരും നമുക്കറിയാം. ചാളയുണ്ടോ, അയിലയുണ്ടോ എന്നൊക്കെ എടുത്തു ചോദിച്ചാണ് മീൻ വാങ്ങുന്നതു തന്നെ. പക്ഷേ ശാസ്ത്രത്തിന് ഇന്നേവരെ യാതൊരു പിടിയുമില്ലാതിരുന്ന ഒരു മീനിനെ ഇത്രയും കാലം ഓസ്ട്രേലിയക്കാർ തിന്നു കൊണ്ടിരിക്കുകയായിരുന്നു. അതും ആ രാജ്യത്തെ തീൻമേശകളിലെ ഏറ്റവും പ്രശസ്തമായ മീനുകളിലൊന്നിനെ!
2000ത്തിലായിരുന്നു കഥയുടെ തുടക്കം. ക്വീൻസ്‌ലൻഡ് മ്യൂസിയത്തിലെ മത്സ്യഗവേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജെഫ് ജോൺസനെ കാണാൻ ഒരു മത്സ്യത്തൊഴിലാളിയെത്തി. അദ്ദേഹത്തിന്റെ കയ്യിൽ ചില ഫോട്ടോകളുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ ഹമോർ മീനുകൾ എന്നറിയപ്പെടുന്ന ‘ഗ്രൂപ്പർ ഫിഷിന്റെ’ ചിത്രങ്ങളായിരുന്നു അത്. പക്ഷേ ഒറ്റനോട്ടത്തിൽ തന്നെ എന്തോ ചില പ്രത്യേകതകളുണ്ട്. പിന്നെയും പലതവണ ഇതിന്റെ ചിത്രങ്ങൾ ജെഫിനു ലഭിച്ചു. അപ്പോഴും ജീവനോടെയോ ചത്തിട്ടോ ഉള്ള ഇതിന്റെ ശരീരം മാത്രം കണ്ടെത്താനായില്ല. സത്യം പറഞ്ഞാൽ, മീനിനെ തേടി ജെഫ് നടക്കുന്ന സമയത്ത് ഇതു ഹമോറാണെന്നു പറഞ്ഞു പല ചന്തകളിലും വിൽപന നടക്കുന്നുണ്ടായിരുന്നു.
2017ൽ പക്ഷേ ജെഫിന് താൻ തേടി നടന്ന മീനിനെ കിട്ടി. അതും ഒന്നല്ല, അഞ്ചെണ്ണം. ഒറ്റനോട്ടത്തിൽ തന്നെ ഏറെ പ്രത്യേകതകളുള്ളതാണ് ആ മീനെന്ന് ജെഫ് ഉറപ്പിച്ചിരുന്നു. ബ്രിസ്ബെയ്‌നിലെ ഫിഷ് മാർക്കറ്റിൽ നിന്നു വാങ്ങിയ അതിനെ കയ്യോടെ മ്യൂസിയത്തിലെത്തിച്ചു. ജനിതക വിഭാഗത്തിലെ ഡോ. ജെസിക്ക വർതിങ്ടനിന്റെ നേതൃത്വത്തിൽ പരിശോധനയും ആരംഭിച്ചു. അതോടൊപ്പം തന്നെ മറ്റു മ്യൂസിയങ്ങളിൽ നിന്നുള്ള വിവിധയിനം ഗ്രൂപ്പർ മീനുകളുടെ വിവരങ്ങളും ശേഖരിച്ചു. ജനിതകപരവും ശാരീരികപരവുമായ പ്രത്യേകതകൾ പരിശോധിച്ചതിൽ നിന്ന് ഒരു കാര്യം വ്യക്തമായി– ചന്തയിൽ നിന്നു തനിക്കു കിട്ടിയ അഞ്ചു മീനുകളും ലോകത്ത് ഇന്നേവരെ ആരും തിരിച്ചറിയാതെയിരുന്നതാണ്.
അതിനു ഗവേഷകർ ഒരു ശാസ്ത്രീയനാമവും നൽകി– Epinephelus fuscomarginatus. എപ്പിനെഫെലസ് വിഭാഗത്തിലെ 92–ാമത്തെ മത്സ്യ ഇനമായി ഇതിനെ ചേർക്കുകയും ചെയ്തു. ഓസ്ട്രേലിയയിലെ ഏറ്റവും രുചികരമായ മീനുകളിലൊന്നായി അതിനോടകം ഈ മത്സ്യം പേരെടുത്തിരുന്നു. വിദഗ്ധർക്കല്ലാതെ സാധാരണക്കാർക്ക് ഗ്രൂപ്പർ ഫിഷുമായി ഇവയ്ക്കുള്ള വ്യത്യാസം മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. ഇരുണ്ട ചാരനിറത്തിൽ ദേഹം മുഴുവന്‍ കറുത്ത പുള്ളികളുള്ളതാണ് ഗ്രൂപ്പർ ഫിഷ്. പുള്ളികളില്ലാതെയും ചിലയിനം മീനുകളുണ്ടായിരുന്നു. പുതുതായി കണ്ടെത്തിയ മീനിലും കറുത്ത പുള്ളികളുണ്ടായിരുന്നില്ല. അവയുടെ ചിറകിന്റെ ഓരത്താകട്ടെ ഇരുണ്ട ചില അടയാളങ്ങളും ഉണ്ടായിരുന്നു. ‘ഇരുണ്ട അറ്റത്തോടുകൂടിയത്’ എന്നാണ് fuscomarginatus എന്ന വാക്കിന്റെ ലാറ്റിൻ അർഥവും.
ഇതുവരെയുണ്ടായിരുന്ന ഗ്രൂപ്പർ മീനുകളേക്കാൾ അൽപം വലുപ്പം കൂടുതലാണ് പുതിയതിന്– ഏകദേശം 70 സെന്റി മീറ്റർ. കടലിൽ ഏകദേശം 220–230 മീറ്റർ താഴെയാണു താമസം. പ്രശസ്ത പവിഴപ്പുറ്റ് കേന്ദ്രമായ ഗ്രേറ്റ് ബാരിയർ റീഫിനു സമീപമാണ് ഇവ ധാരാളമായി കാണപ്പെടുന്നത്.
ഇതാദ്യമായല്ല ഇത്തരത്തിൽ തീൻമേശയിൽ നിന്ന് ഒരു പുതിയ ഇനം മീനിനെ ഗവേഷകർ കണ്ടെത്തുന്നത്. 2011ൽ തായ്‌വാനിലെ ഒരു ചന്തയിൽ നിന്ന് പുതിയ ഇനം സ്രാവിനെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം മുംബൈയിൽ നിന്നും അത്തരമൊരു സ്രാവിനെ കണ്ടെത്തി. വർഷങ്ങളോളം കണ്ടെത്താനാകാതെ, വംശനാശം വന്നെന്നു കരുതിയിരുന്ന സ്രാവിനെയായിരുന്നു ചന്തയിൽ നിന്നു കണ്ടെത്തിയത്.