ജെയ്‌ലിഗാങ്ങിലെ പറക്കും അണ്ണാൻ !
നവീൻ മോഹൻ
മുറ്റത്തു തത്തിത്തത്തി, തുള്ളിച്ചാടി ചിലച്ചു നടക്കുന്ന അണ്ണാറക്കണ്ണന്മാരുണ്ട്. ആരെങ്കിലും പിന്നാലെ ഓടിയാൽ അതിലും വേഗത്തിൽ അവ ചാടി മരത്തിൽ കയറും. ഓടാനും ചാടാനും മാത്രമല്ല പറക്കാനും കഴിവുള്ള അണ്ണാറക്കണ്ണന്മാരുണ്ട്– ഫ്ലയിങ് സ്ക്വിരല്‍ എന്നാണ് അവയെ വിളിക്കുന്നത്. നമ്മുടെ മലയണ്ണാന്റെയൊക്കെ ബന്ധുവായിട്ടു വരും. ട്രാവൻകൂർ ഫ്ലയിങ് സ്ക്വിരൽ എന്നൊരു വിഭാഗം പണ്ടു കേരളത്തിലും ഉണ്ടായിരുന്നു. പക്ഷേ, വംശനാശം വന്നുപോയി. ലോകത്തിൽ അത്തരത്തിൽ വംശനാശഭീഷണി നേരിടുന്നവയാണു ബിസ്വാമയാപ്ടെറസ് വിഭാഗത്തിൽപ്പെട്ട അണ്ണാറക്കണ്ണന്മാർ. ഈ വിഭാഗത്തിലെ രണ്ടിനങ്ങളെ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. അതിലൊന്നിന്റെ പേര് നാമദഫ ഫ്ലയിങ് സ്ക്വിരൽ, രണ്ടാമത്തേതു ലാവൊഷൻ ജയന്റ് ഫ്ലയിങ് സ്ക്വിരൽ.
ഇന്ത്യയിലെ കിഴക്കൻ ഹിമാലയ മേഖലയിൽ അതേപേരിലുള്ള ദേശീയ പാർക്കിൽ നിന്നു കണ്ടെത്തിയതിനാലാണ് നാമദഫ അണ്ണാറന്മാർക്ക് ആ പേര്. 1981ൽ ഒരിക്കൽ മാത്രമാണ് ഇവയെ കാണാൻ സാധിച്ചിട്ടുള്ളൂ. ഇവയ്ക്കു വംശനാശം വന്നോ എന്നു പോലും അറിയില്ല. ലാവൊഷൻ അണ്ണാറനെ കണ്ടെത്തിയതാകട്ടെ 2013ലും. എന്നാൽ അതും ജീവനോടെയായിരുന്നില്ല. ലാവോസിലെ ലാവൊഷൻ പ്രവിശ്യയിൽ ഇറച്ചിയായി വിൽക്കുന്നതിനിടെയായിരുന്നു ഇതിന്റെ ശരീരം കണ്ടെത്തിയത്. രാത്രി മാത്രം പുറത്തിറങ്ങുന്ന ഈ രണ്ടു വിഭാഗം അണ്ണാറന്മാരെ കണ്ടുപിടിക്കാനും ഏറെ ബുദ്ധിമുട്ടാണ്. വംശനാശ ഭീഷണിയുള്ളതിനാൽ ലാവൊഷൻ അണ്ണാറന്മാർ ഇപ്പോൾത്തന്നെ ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. രണ്ടു തരം അണ്ണാറന്മാർക്കും ഏകദേശം 1.4–1.8 കിലോഗ്രാമാണു ഭാരം. പക്ഷേ, മൊത്തത്തിലുള്ള ‘ലുക്കിൽ’ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്.
2 അണ്ണാറന്മാരെയും കണ്ടെത്തിയ സ്ഥലങ്ങൾ തമ്മിൽ ഏകദേശം 1250 കിലോമീറ്റർ ദൂരത്തിന്റെ വ്യത്യാസമുണ്ട്. വളരെ അടുപ്പക്കാരായ സ്പീഷീസിൽപ്പെട്ടവയായിട്ടും ഇത്രയേറെ ദൂരത്തിൽ എന്തുകൊണ്ടാണ് ഇവ വസിക്കുന്നതെന്ന കാര്യത്തിൽ ഇത്ര നാൾ ഗവേഷകർക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. പക്ഷേ, കഴിഞ്ഞ ദിവസം ചൈനയിൽ കണ്ടെത്തിയ ഒരു പറക്കും അണ്ണാൻ അതിനെല്ലാമുള്ള ഉത്തരം കണ്ടെത്തിത്തന്നു. തെക്കൻ ചൈനയിലെ യുനാന്‍ പ്രവിശ്യയിൽ ജെയ്‌ലിഗാങ് പർവതനിരകളോടു ചേർന്നുള്ള കാട്ടിലാണ് ഇവയെ കണ്ടെത്തിയത്. ‘ജെയ്‌ലിഗാങ്ങിലെ പറക്കും അണ്ണാൻ’ എന്നു പേരിട്ടിരിക്കുന്ന ഇവയുടെ ജീവനില്ലാത്ത ശരീരം 2018ലാണു ലഭിച്ചത്.
ആദ്യം കരുതിയത് ഇവ ബിസ്വാമയാപ്ടെറസ് വിഭാഗത്തിൽപ്പെട്ടതു തന്നെയാണെന്നായിരുന്നു. എന്നാൽ ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു വന്നതു പുതിയൊരു അദ്ഭുതം. നാമദഫ അണ്ണാനാണെന്നു കരുതി ഇവയുടെ ശരീരഘടന വിശദമായി പരിശോധിച്ചു. ഒരു കാര്യം വ്യക്തമായി– പുതിയ അണ്ണാൻ ബിസ്വാമയാപ്ടെറസ് വിഭാഗത്തിൽപ്പെട്ടതു തന്നെയാണ്. പക്ഷേ, നിറത്തിലും തലയോട്ടിയുടെ ആകൃതിയിലും പല്ലിന്റെ വലുപ്പത്തിലുമെല്ലാം വ്യത്യാസമുണ്ട്. പുതിയ ഇനം മൃഗമാണോയെന്ന് ഉറപ്പിക്കണമെങ്കിൽ ജീവനുള്ളവയെ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെ ഒരു കൂട്ടം ഗവേഷകർ കാട് കയറി. യാത്രയ്ക്കിടെ പുതിയ ഇനത്തിൽപ്പെട്ട 2 പറക്കും അണ്ണാറന്മാരെ കണ്ടെത്തുകയും ചെയ്തു. അവയിലൊന്നിന്റെ ചിത്രവും പകർത്തി. ശാസ്ത്രനാമവും നൽകി– ബിസ്വാമയാപ്ടെറസ് ജെയ്‌ലിഗാങ്ജെന്‍സിസ്.
നാമദഫ ഫ്ലയിങ് സ്ക്വിരലും ലാവൊഷൻ ജയന്റ് ഫ്ലയിങ് സ്ക്വിരലും ജീവിക്കുന്ന ഇടങ്ങൾ തമ്മിലുള്ള 1250 കിമീ ദൂരത്തിലാണു പുതിയ അണ്ണാന്റെ വാസസ്ഥലം കണ്ടെത്തിയിരിക്കുന്നത്. ബിസ്വാമയാപ്ടെറസ് വിഭാഗത്തിലെ അണ്ണാറന്മാർ കൂടുതൽ മേഖലയിൽ വ്യാപിച്ചു കിടക്കുന്നതായി അതോടെ വ്യക്തവുമായി. നദികൾക്കു സമീപത്തെ കാടുകളിലാണ് ഇവ പ്രധാനമായി ജീവിക്കുന്നത്. രാത്രി മാത്രമേ പുറത്തിറങ്ങൂ. ജെയ്‌ലിഗാങ് പർവതനിരകളോടു ചേർന്നു ജീവിക്കുന്നതിനാൽ ഇവയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നും ഗവേഷകർ പറയുന്നു. കാരണം, കാടിനു സമീപത്തു മനുഷ്യവാസമേറെയാണ്. കൃഷിക്കും മറ്റുമായി ഇപ്പോൾത്തന്നെ കാടു വെട്ടിത്തെളിക്കുന്ന പതിവുമുണ്ട്. അതു തുടർന്നാൽ ഈ അപൂർവജീവിയുടെ ജീവനു തന്നെ ഭീഷണിയാണ്. ഇവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള കൂടുതൽ ശ്രമം വേണമെന്നാണു പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.