എന്തിനാണ് വവ്വാൽ തലകീഴായി തൂങ്ങിക്കിടക്കുന്നത്?
വിജയകുമാർ ബ്ലാത്തൂർ
കോഴിക്കോട് പേരാമ്പ്രയിൽ കണ്ടെത്തിയ നിപ്പ വൈറസാണ് വവ്വാലുകളെ ഇപ്പോൾ വാർത്തയിലെത്തിച്ചത്. ഭീകര പരിവേഷമാണെങ്കിലും അത്ര പ്രശ്നക്കാരൊന്നുമല്ല ഇവർ... ചില വവ്വാൽ വിശേഷങ്ങൾ... ചെന്നായയുടെ മുഖാകൃതിയും അശ്രീകരം പിടിച്ച കോലവും കീടപ്പും മൂലം പണ്ടേ ഇവർ ഭയത്തിന്റെ പ്രതീകങ്ങളായിരുന്നു. പ്രേതകഥകൾക്കൊക്കെ ഒരു ഇഫക്റ്റ് കിട്ടണമെങ്കിൽ ഒരു വവ്വാലെങ്കിലും വേണം എന്ന അവസ്ഥയായി. ചോരകുടിക്കുന്ന വവ്വാലിനങ്ങളെക്കുറിച്ചുള്ള അറിവുകൂടിയായപ്പോൾ രക്തരക്ഷസ്സുകളുടെ പ്രതിനിധികൾകൂടിയായി ഇവർ
വവ്വാലേ നീയും...
കുഞ്ഞിനെ പ്രസവിച്ചു മുലയൂട്ടി വളർത്തുന്ന സസ്തനിയാണു വവ്വാൽ. പക്ഷികളെപ്പോലെ നന്നായി പറക്കാൻ കഴിയുന്ന സസ്തനിയും വവ്വാൽ ആണ്. തൂവൽ ചിറകുകളൊന്നും ഇല്ല. കൈ വിരലുകൾക്കിടയിലും ശരീരത്തിലുമായുള്ള നേർത്ത സ്തരം പറക്കാനുള്ള അനുകൂലനമായി(adaptation) മാറിയതാണ്. കടവാതിൽ, വാവൽ. നരിച്ചീറ്. പാർകാടൻ, പാറാടൻ തുടങ്ങി പലപേരുകൾ ഇവരെ വിളിക്കാറുണ്ട്. പറക്കാനുള്ള കഴിവുകാരണം കൊടും തണുപ്പും ചൂടും ഉള്ള സ്ഥലങ്ങളിൽ ഒഴികെ എല്ലായിടങ്ങളിലും കാണുന്ന ഏക സസ്തനി വവ്വാലുകളാണ്. ലോകത്ത് ആകെയുള്ള സസ്തനി ഇനങ്ങളുടെ 20% വവ്വാൽ ഇനങ്ങളാണ്. ആയിരത്തി ഇരുന്നൂറിലധികം സ്പീഷിസ് വവ്വാലുകളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇക്കോ ലൊക്കേഷൻ
സഞ്ചാര പാതകളിലെ തടസങ്ങൾ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കി അവയുടെ പ്രതിധ്വനികൾ വിശകലനം ചെയ്തു കണ്ടുപിടിക്കാൻ ഇവർക്ക് കഴിയും. പാറിക്കളിക്കുന്ന കുഞ്ഞുപ്രാണികളെയും ജീവികളെയും കൃത്യമായി കണ്ടെത്തി ശാപ്പിടാൻ ഷഡ്പദഭോജികളായ വവ്വാലുകൾക്ക് ഈ സൂത്രവിദ്യകൊണ്ടു സാധിക്കും .രാത്രിയിലെ വേഗ സഞ്ചാരത്തിനിടയിൽ മുന്നിലെ തടസങ്ങൾ തിരിച്ചറിഞ്ഞു പരുക്കു പറ്റാതെ പറക്കാൻ സഹായിക്കുന്നതും ഇക്കോ ലോക്കേഷൻ പരിപാടികൊണ്ടാണ്. മഴയത്തു പറന്ന് ഇരപിടിക്കാൻ ഇവർക്ക് വിഷമമാണ്. മഴത്തുള്ളികളിൽ തട്ടി ശബ്ദപ്രതിധ്വനി വിവരങ്ങൾ ആകെ കുഴഞ്ഞുപോകും.
∙ പഴം കഴിച്ചു ജീവിക്കുന്ന മെഗാ ബാറ്റുകളിൽ ഒരു സ്പീഷിസ് ഒഴികെ ബാക്കിയെല്ലാം കാഴ്ചശക്തിയും മണമറിയാനുള്ള കഴിവും ഒക്കെ ഉപയോഗിച്ചാണു ഭക്ഷണം കണ്ടെത്തുന്നത്. നല്ല കാഴ്ച ശക്തിയുള്ളവരാണിവർ. എന്നാൽ ഷഡ്പദ പിടിയന്മാരായ കുഞ്ഞന്മാർ കാഴ്ച ശക്തി കുറഞ്ഞവരാണ്. ശബ്ദ പ്രതിധ്വനി തന്ത്രം ഉപയോഗിച്ചാണിവർ ഇരതേടുന്നതും സഞ്ചാരവഴിയിലെ തടസങ്ങൾ അറിഞ്ഞ് ഒഴിഞ്ഞുമാറി പറക്കുന്നതും.
മിനിറ്റിൽ 1000 മിടിപ്പ്
ശരിക്കുമുള്ള ചിറകുകൾ ഇല്ലാത്തതിനാൽ പറക്കാനുള്ള മസിലുകൾക്കു വലിയ ഊർജ്ജം ആവശ്യമാണ്. പറക്കുന്ന സമയത്ത് കൂടിയ അളവിൽ ഓക്സിജൻ രക്തത്തിൽ വേണ്ടിവരുന്നുണ്ട്. ഹൃദയം പടപടാന്ന് മിടിക്കണം. ചിലയിനം കുഞ്ഞൻ വവ്വാലുകളുടെ ഹൃദയ മിടിപ്പ് ഒരു മിനിറ്റിൽ ആയിരം തവണയൊക്കെ ആണ്. ശരീരത്തിന്റെ ആകെ വിസ്തീർണ്ണത്തിന്റെ 85 % ചിറകുകളുടെ വിസ്തീർണ്ണമാണ്. അതിലൂടെ ശരീരത്തിലെ വാതകങ്ങളെ ഡിഫ്യൂഷൻ വഴി കൈമാറ്റം ചെയ്യാൻ ഇവർക്ക് കഴിയും.
എന്തിനാണ് തലകീഴായി തൂങ്ങിക്കിടക്കുന്നത്?
തൂങ്ങിയുള്ള കിടപ്പ് അത്ര സുഖമുള്ള കാര്യമൊന്നുമല്ല. പറക്കാൻ കഴിയും എന്നൊക്കെ പറയാമെങ്കിലും പക്ഷികളെപ്പോലെ നിന്ന നിൽപ്പിൽ ചിറകുകൾ വീശി ശരീരത്തെ ഉയർത്താനുള്ള കഴിവ് വവ്വാലുകൾക്കില്ല. ഹെലികോപ്റ്റർ പൊങ്ങും പോലെ നിലത്തു നിന്ന് ഉയരാനുള്ള കഴിവുമില്ല. ഓടി വേഗം കൂട്ടി അതിന്റെ സഹായത്തോടെ പറന്നു പൊങ്ങാൻ പറ്റുന്ന കരുത്തുള്ള കാലുകളും ഇല്ല. സൈക്കിൾ ബാലൻസ് ആകാത്തവർ ഇറക്കത്തിൽ നിർത്തി കയറുന്ന സൂത്രമാണ് വവ്വാലും പ്രയോഗിക്കുന്നത്. തൂങ്ങിക്കിടപ്പിൽ കാൽ കൊളുത്ത് വിടുവിച്ച് താഴേക്കുള്ള വീഴ്ചയിൽ പറക്കാനുള്ള വേഗം ആർജിക്കും.
നിലത്തു വീണുപോയ വവ്വാലിനു പറക്കണമെങ്കിൽ ഇത്തിരി ഉയരത്തിലേക്കു പിടിച്ചു കയറണം. കൈകൾ സ്വതന്ത്രമായുള്ള തൂങ്ങിക്കിടപ്പിനിടയിൽ ശത്രു ആക്രമണം ഉണ്ടെന്ന സൂചനകിട്ടിയാൽ നിമിഷം കൊണ്ട് പറന്നു രക്ഷപ്പെടാൻ ഈ കിടപ്പ് സഹായിക്കും.