ആത്മാക്കൾ പ്രതികാരദാഹവുമായി പിന്നാലെ വരും; തടയാൻ ഈജിപ്തുകാർ ചെയ്തത്...,Noseless Statues, Egypt, Mummy, Manorama Online

ആത്മാക്കൾ പ്രതികാരദാഹവുമായി പിന്നാലെ വരും; തടയാൻ ഈജിപ്തുകാർ ചെയ്തത്...

ഈജിപ്തിലെ പിരമിഡുകളിലും കല്ലറകളിലുമെല്ലാം പര്യവേക്ഷണം നടക്കുന്ന പുരാവസ്തു ഗവേഷകർ വർഷങ്ങളായി ഒരു കാഴ്ചയ്ക്കു മുന്നിൽ അന്തംവിട്ടു നിൽക്കുകയായിരുന്നു. തങ്ങൾ കണ്ടെത്തുന്ന മമ്മികളിൽ മിക്കതിനും മൂക്കില്ല. മമ്മികൾ മാത്രമല്ല, കല്ലറകളിൽ നിന്നു ലഭിക്കുന്ന മിക്ക പ്രതിമകൾക്കും മൂക്കില്ലാത്ത അവസ്ഥ! പല പ്രതിമകൾക്കും ആയിരക്കണക്കിനു വർഷത്തെ പഴക്കമുള്ളതിനാൽ മൂക്ക് ഒടിഞ്ഞു പോയതാകാമെന്നാണു പലരും കരുതിയിരുന്നത്. എന്നാൽ ചില കളിമൺഫലകങ്ങളിലും ചുമരിലും കൊത്തിവച്ചിരിക്കുന്ന പ്രതിമകളുടെ മൂക്ക് കല്ലും മറ്റും ഉപയോഗിച്ച് തല്ലിത്തകർത്തിരിക്കുന്നതും ഗവേഷകര്‍ കണ്ടെത്തി. അതോടെ സംഗതി ആരോ മനഃപൂർവം ചെയ്യുന്നതാണെന്ന് ഉറപ്പായി.
ബ്ലൂക്ക്‌ലിൻ മ്യൂസിയത്തിലെ ക്യൂറേറ്റർ എഡ്വേഡ് ബ്ലെയ്ബെർഗ് ഇതിനെക്കുറിച്ച് വിശദമായി പഠിച്ചു. അങ്ങനെ കണ്ടെത്തിയത് രസകരവും അതേസമയം അൽപം പേടിപ്പിക്കുന്നതുമായ ഒരു സംഗതിയായിരുന്നു. പണ്ടുകാലത്ത് പിരമിഡുകളും മറ്റും കുത്തിത്തുറന്ന് അതിനകത്തെ വിലപിടിച്ച വസ്തുക്കൾ കൊള്ളക്കാർ കടത്തിക്കൊണ്ടു പോകുന്നതു പതിവായിരുന്നു. എന്നാൽ തങ്ങൾക്ക് കാവലായി നിർത്തിയിരിക്കുന്ന പ്രതിമകൾ മോഷ്ടിക്കുന്നതു കണ്ട് ആത്മാക്കളുടെ ശാപം ഉണ്ടാകുമെന്നു പലരും പേടിച്ചിരുന്നുവെന്നതാണു സത്യം. ഈജിപ്തുകാര്‍ക്കാകട്ടെ പ്രതിമകളിൽ ഭയങ്കര വിശ്വാസവുമാണ്. മരിച്ചവരുടെ ആത്മാവ് കുടികൊള്ളുന്ന ‘പാത്ര’മായിട്ടാണ് അവർ പ്രതിമകളെ കണ്ടിരുന്നത്. ദൈവങ്ങളുടെ ആത്മാക്കളും പ്രതിമകളിലുണ്ടെന്ന് അവർ വിശ്വസിച്ചു. അങ്ങനെയാണ് കല്ലറകൾ നിറയെ ഇത്തരം പ്രതിമകൾ നിറഞ്ഞത്.
എന്നാൽ ഇതു കടത്താനെത്തിയവർക്ക് തങ്ങളെ പിന്തുടര്‍ന്ന് ആത്മാക്കൾ വരാതിരിക്കാനുള്ള ‘വഴി’ അറിയാമായിരുന്നു. അതാണ് ഈ മുക്കു തകര്‍ക്കൽ. പ്രതിമകളിലെ ഏതെങ്കിലും ഭാഗം തകർത്താൽ അതു പിന്നീട് ഉപയോഗശൂന്യമാകുമെന്നാണു വിശ്വാസം. മൂക്ക് തകർക്കുന്നതോടെ ആത്മാക്കൾക്ക് ‘ശ്വസിക്കാൻ’ സാധിക്കാതെയാകും. അവ ഇല്ലാതാകും. അതോടെ ആരും പിന്നാലെ പ്രതികാരവുമായി വരുമെന്ന പേടിയും വേണ്ട. ഈജിപ്തിലെ കൊള്ളക്കാർക്കിടയിൽ ഇതൊരു വിശ്വാസം പോലെ പടർന്നു പിടിച്ചിരുന്നു. അങ്ങനെയാണ് അവർ ഓരോ പ്രതിമയും തിരഞ്ഞുപിടിച്ചു മൂക്ക് തകർത്തത്. ചുമരുകളില്‍ വരച്ചിട്ടിരിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങളിൽ നിന്നു പോലും മൂക്ക് മായ്ച്ചു കളഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നിൽ മതപരവും രാഷ്ട്രീയപരവുമായ മറ്റു കാരണങ്ങൾ ഉണ്ടാകാമെന്നും ബ്ലെയ്ബെർഗ് പറയുന്നു.

എന്തായാലും ഈജിപ്തിൽ നിന്നു ലഭിച്ച മൂക്കില്ലാ പ്രതിമകളുടെ ഒരു പ്രദർശനം നടത്താനൊരുങ്ങുകയാണ് ഇദ്ദേഹം. ബിസി 1478 മുതൽ 1458 വരെ ഈജിപ്ത് ഭരിച്ചിരുന്ന ഫറവോ ഹാഷെപ്സുതിന്റെയും 1353 മുതൽ 1336 വരെ ഭരിച്ചിരുന്ന ആഖിനാതന്റെയും കാലത്തെ പ്രതിമകളുടെ പ്രദർശനമാണ് ബ്ലെയ്ബെർഗ് സംഘടിപ്പിക്കുന്നത്. ഇവയുടെ അവതരണത്തിനു മുന്നോടിയായി നടത്തിയ ഗവേഷണത്തിലാണ് ആത്മാക്കളുടെ ശക്തി ഇല്ലാതാക്കാനുള്ള ഈ പ്രാചീന ‘മൂക്കു തകർക്കൽ’ തന്ത്രം പിടികിട്ടിയതും.

Summary : Noseless Statues, Egypt, Mummy