അടിയൊഴുക്കും കൊടും സൂര്യപ്രകാശവും നിറഞ്ഞ സൗത്ത് പസിഫിക് ജായ; അവിടെ കണ്ടെത്തിയ അദ്ഭുതം
ഒരിടത്തൊരു മരുഭൂമിയുണ്ടായിരുന്നു. എവിടെയാണെന്നു ചോദിച്ചാൽ അങ്ങു ദൂരെ ദൂരെ ദൂരെ മനുഷ്യനോ മൃഗങ്ങൾക്കോ ഒന്നും എത്തിപ്പെടാൻ സാധിക്കാത്തയിടത്തൊരു മരുഭൂമി. പറഞ്ഞു വരുമ്പോൾ കഥയാണെന്നു തോന്നും. പക്ഷേ അങ്ങനെയല്ല. അങ്ങു ദൂരെ മനുഷ്യനു പോലും എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരിടമുണ്ട്. ‘കടലിലെ മരുഭൂമി’ എന്നാണ് ആ സ്ഥലം അറിപ്പെടുന്നതു തന്നെ. കരയിൽ നിന്ന് അത്രയേറെ അകലെയുള്ള ആ മേഖല സൗത്ത് പസിഫിക് കടലിലാണ്. സൗത്ത് പസിഫിക് ജായ എന്ന ഈ പ്രദേശത്തിനടുത്ത് കരയൊന്നുമില്ലാത്തതിനാൽ തന്നെ കടൽ തനി മരുഭൂമിയെപ്പോലെയാണ്. മാത്രവുമല്ല, ഭൂമിയിൽ സൂര്യന്റെ ഏറ്റവും ശക്തമായ അൾട്രാവയലറ്റ് രശ്മികളടിക്കുന്ന സ്ഥലം കൂടിയാണിത്.
ജൈവ വസ്തുക്കളൊന്നും വളരാത്തതിനാൽ കടലിൽ മീനോ മറ്റു ജീവികളോ വളരാറില്ല. മനുഷ്യൻ വിക്ഷേപിക്കുന്ന ബഹിരാകാശ പേടകങ്ങളും മറ്റും ഉപയോഗശൂന്യമായി തിരിച്ചെത്തുമ്പോള്‍ കടലിലേക്ക് വീഴ്ത്തുന്നതും ഈ ഭാഗത്താണ്. അതിനാൽത്തന്നെ ‘സാറ്റലൈറ്റുകളുടെ ശ്മശാനം’ എന്നൊരു വിശേഷണവുമുണ്ട് . പലതരം രാസവസ്തുക്കൾ നിറഞ്ഞതു കൂടിയാണ് പസിഫിക്കിലെ ഈ ഭാഗം. അങ്ങനെ ജീവിക്കാൻ ആവശ്യമായ യാതൊന്നും ഇല്ലാതെ ‘മരുഭൂമി’യായിരിക്കുന്ന സൗത്ത് പസിഫിക് ജായയിൽ അടുത്തിടെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മറൈൻ മൈക്രോബയോളജിയിലെ ഗവേഷകർ ഒരു അദ്ഭുത കണ്ടെത്തൽ നടത്തി. കടലിലെ ചില ഭാഗത്തെ സൂക്ഷ്മജീവികളുടെ സാന്നിധ്യമായിരുന്നു അത്.
ഏകദേശം 3.7 കോടി ച.കി.മീ. പ്രദേശത്ത് നിറഞ്ഞുകിടക്കുന്നതാണ് സൗത്ത് പസിഫിക് ജായ. അതായത് യുഎസും കാനഡയും ചൈനയും ചേർന്നാലുള്ള വലുപ്പം. ജൈവവസ്തുക്കളൊന്നും ചീഞ്ഞളിയാനില്ലാത്തതിനാൽ ലോകത്തിലെ ഏറ്റവും ‘ക്രിസ്റ്റൽ ക്ലിയർ’ വെള്ളമുള്ള സമുദ്ര ഭാഗങ്ങളിലൊന്നുമാണ് ഇത്. ലോകത്തിലെ ഏറ്റവും മാലിന്യം നിറഞ്ഞ സമുദ്രഭാഗവും ഇതിനടുത്തു തന്നെ–സൗത്ത് പസിഫിക് പാച്ച്. അതിശക്തമായി അടിയൊഴുക്കുകൾ തലങ്ങും വിലങ്ങും പാഞ്ഞു പോകുന്നയിടമാണ് സൗത്ത് പസിഫിക് പാച്ച്. അടിയൊഴുക്കുകൾക്കൊപ്പം പല രാജ്യങ്ങളിൽ നിന്നും ‘ശേഖരിക്കുന്ന’ കടൽമാലിന്യമെല്ലാം അടിയുന്നത് ഈ പാച്ചിലാണെന്നതാണു പ്രശ്നം.
ജർമൻ ഗവേഷണക്കപ്പലായ സോന്നെയിലാണ് ശാസ്ത്രജ്ഞര്‍ ഇവിടെയെത്തിയത്. 15 ഇടത്തെ സൂക്ഷ്മജീവികളുടെ സാന്നിധ്യം പരിശോധിച്ചു. കടലിൽ 65 മുതൽ 16,400 അടി വരെ ആഴത്തിൽ ചിലയിനം സൂക്ഷ്മജീവികളുടെ സാന്നിധ്യം അങ്ങനെയാണു കണ്ടെത്തിയത്. അപ്പോഴും ലോകത്ത് ഒരു കടൽപ്രദേശത്ത് കണ്ടെത്തിയ ഏറ്റവും കുറഞ്ഞ സൂക്ഷ്മജീവികളുടെ സാന്നിധ്യവും ഇവിടെത്തന്നെയാണെന്നും ഗവേഷകർ പറയുന്നു. അറ്റ്ലാന്റിക് മേഖലയിൽ കാണപ്പെടുന്നതിന്റെ മൂന്നിലൊന്നു മാത്രം സൂക്ഷ്മജീവികൾ മാത്രമേ സൗത്ത് പസിഫിക്കിലുള്ളൂ. മലിനീകരണവും മറ്റും കാരണം ജീവികളുടെ വളർച്ചയ്ക്കു സഹായിക്കുന്ന പോഷകവസ്തുക്കൾ കുറഞ്ഞ ഒട്ടേറെ കടൽമേഖലകളുണ്ട്. അവിടങ്ങളിൽ വളർന്നിരുന്ന സൂക്ഷ്മജീവികളെയും ഗവേഷകർ സൗത്ത് പസിഫിക്കിൽ തിരിച്ചറിഞ്ഞു.
ഏകദേശം 20 തരം ബാക്ടീരങ്ങളുടെ കൂട്ടത്തെ മേഖലയിൽ തിരിച്ചറിഞ്ഞു. അക്കൂട്ടത്തിലൊന്നാണ് പ്രോക്ലോറോകോക്കസ്. ഇവയെ എടുത്തു പറയാനുമുണ്ട് കാരണം, സമുദ്രത്തിൽ 100–150 അടി വരെ താഴെയാണ് ഇത്തരം സൂക്ഷ്മജീവികളെ കാണാറുള്ളത്. എന്നാൽ സൗത്ത് പസിഫിക്കിൽ ഇവ സമുദ്രോപരിതലത്തിൽ തന്നെയുണ്ടായിരുന്നു. സമുദ്രത്തിന്റെ അഗാധ അടിത്തട്ടിൽ മാത്രം കാണപ്പെട്ടിരുന്ന എയ്ജിയൻ–169 എന്ന സൂക്ഷ്മജീവികളും ഇത്തരത്തിൽ ഉപരിതലത്തിൽ ചുറ്റിക്കറങ്ങുകയായിരുന്നു. ഏതു കഠിനമായ ചൂടിനെയും മറികടക്കാനാകുന്ന വിധം ഈ ജീവികളുടെ ശരീരത്തിൽ മാറ്റം വന്നതായും ഗവേഷകർ കണ്ടെത്തി. ഭക്ഷണമില്ലെങ്കിലും ഉള്ളതുകൊണ്ട് സുഖമായി ജീവിക്കാവുന്ന വിധത്തിലുള്ള ശരീരഗുണങ്ങളും ഇവയ്ക്കു കൈവന്നിരുന്നു. മെഡിക്കൽ രംഗത്തുൾപ്പെടെ ഏറെ മാറ്റങ്ങൾ കൊണ്ടു വരാൻ സാധ്യതയുള്ളതാണ് ഈ കണ്ടെത്തൽ. വിശദവിവരങ്ങൾ അപ്ലൈഡ് ആൻഡ് എൻവയോണ്മെന്റൽ മൈക്രോബയോളജി ജേണലിലുണ്ട്.