കല്ലറ നിറയെ നിഗൂഢ നീളൻ തലയോട്ടികൾ; ചൈന വെളിപ്പെടുത്തിയ ആ രഹസ്യം!, oldest alien skull deformation china archeology, Manorama Online

കല്ലറ നിറയെ നിഗൂഢ നീളൻ തലയോട്ടികൾ; ചൈന വെളിപ്പെടുത്തിയ ആ രഹസ്യം!

ഓസ്ട്രേലിയയ്ക്കു സമീപം കൊഹുനയിൽ ഒരു വയലിൽ നിന്നായിരുന്നു ആ നീളൻ തലയോട്ടി ആദ്യമായി ഉയർന്നു വന്നത്. ഒറ്റനോട്ടത്തിൽ കർഷകർ അതുകണ്ട് അമ്പരന്നു പോയെന്നതാണു സത്യം. 1925ലായിരുന്നു ആ തലയോട്ടി കണ്ടെടുക്കപ്പെട്ടത്. അതു ഗവേഷകർക്കു കൈമാറുകയും ചെയ്തു. 23 വർഷം കഴിഞ്ഞ് കൊഹുനയിൽ നിന്ന് 100 കിലോമീറ്റർ മാറിയുള്ളൊരു പ്രദേശത്തും സമാനമായ തലയോട്ടി കണ്ടെത്തി. പിന്നീട് ആഫ്രിക്കയിലും ബൾഗേറിയയിലും ചൈനയിലുമെല്ലാം അത്തരം നീളൻ തലയോട്ടികൾ കണ്ടെത്താൻ തുടങ്ങി. ആദ്യമായി ഇതു കണ്ടവരെല്ലാം കരുതിയിരുന്നത് അന്യഗ്രഹജീവികളുടെ തലയോട്ടിയാണെന്നായിരുന്നു.

പലയിടത്തും ഗുഹാചിത്രങ്ങളിൽ ഇത്തരത്തിൽ നീളൻ തലയുള്ള മനുഷ്യരും ഉണ്ടായിരുന്നു. ഇവരെ അടക്കം ചെയ്ത കല്ലറകളിൽ അപൂർവലോഹങ്ങളും ധാതുക്കളും കരകൗശല വസ്തുക്കളുമെല്ലാമുണ്ടായിരുന്നു. അന്യഗ്രഹത്തിൽ നിന്നു വന്നതിനാൽത്തന്നെ ഇവർക്ക് ഭൂമിയിൽ ഉന്നതസ്ഥാനമായിരുന്നു നൽകിയിരുന്നതെന്നും ഒരു വിഭാഗം വാദിച്ചു പോന്നു. എന്നാല്‍ ഈ നീളൻ തലയോട്ടി കണ്ടെത്തിയ കാലം മുതൽക്കുതന്നെ പുരാവസ്തു ഗവേഷകർ അന്യഗ്രഹവാദം തള്ളിക്കളഞ്ഞതാണ്. പകരം അവർ ശാസ്ത്രീയമായ മറ്റു തെളിവുകൾ കണ്ടെത്തി. ‘സ്കൾ സ്ട്രെച്ചിങ്’ എന്ന രീതിയിലൂടെ മനുഷ്യരുടെ തന്നെ തലയോട്ടിക്കു നീളം കൂട്ടിയതാണിതെന്നായിരുന്നു ഗവേഷകര്‍ കണ്ടെത്തിയത്. ചൈനയിൽ നിന്ന് ഇപ്പോഴിതാ അതിന് ഏറ്റവും പുതിയ തെളിവും ലഭിച്ചിരിക്കുന്നു.

2011 മുതൽ 2015 വരെ ചൈനയിലെ ഹൂട്ടോമുഗ എന്ന പര്യവേഷക കേന്ദ്രത്തിൽ പുരാവസ്തു ഗവേഷകർ ഉദ്ഖനനത്തിലായിരുന്നു. ഒട്ടേറെ ചൈനീസ് കല്ലറകളായിരുന്നു ഈയിടത്തിന്റെ പ്രത്യേകത. അവിടെ നിന്നു കണ്ടെത്തിയ തലയോട്ടികൾക്കുമുണ്ടായിരുന്നു ഏറെ പ്രാധാന്യം. രൂപം മാറ്റിയ നിലയിലായിരുന്നു മിക്കവയും. 5000 മുതൽ 12,000 വർഷം വരെ പഴക്കമുള്ള ഏകദേശം 25 നീളൻ തലയോട്ടികൾ ഇവിടെ നിന്നു കണ്ടെത്തി. ഇന്നേവരെ കണ്ടെത്തിയിട്ടുള്ള രൂപമാറ്റം വരുത്തിയ തലയോട്ടികളിൽ ഏറ്റവും പഴയതും ഇവയായിരുന്നു. ഇതിൽ 11 എണ്ണത്തിനും മുട്ടയുടെ ആകൃതിയായിരുന്നു. ലോകത്തിലെ പല ഗോത്രവർഗക്കാർക്കിടയിലും തലയോട്ടിയുടെ നീളം കൂട്ടുന്ന രീതിയുണ്ടായിരുന്നു. സമൂഹത്തിലെ ഏറ്റവും ഉന്നതർക്കു മാത്രമായിരുന്നു ഇതിനുള്ള അധികാരം. സമൂഹത്തിലെ സ്ഥാനമനുസരിച്ച് ഓരോ വിഭാഗത്തിനും ഓരോ ആകൃതിയിൽ തലയോട്ടിയുടെ രൂപം മാറ്റാനാകുമായിരുന്നു. ചിലരുടെ തലയോട്ടിയുടെ മുകൾഭാഗം പരന്ന നിലയിലായിരുന്നു. ചിലത് ഗോളാകൃതിയിലും മറ്റ് ചിലത് ‘കോൺ’ ആകൃതിയിലും നിലനിർത്തിപ്പോന്നു. കൂട്ടത്തിൽ ഏറ്റവും ഉന്നതസ്ഥാനത്തുള്ളവർക്കായിരുന്നു മുട്ടയുടെ ആകൃതിയിലുള്ള തലയോട്ടി. മായന്മാർക്കിടയിലും വടക്കേ അമേരിക്കൻ ഗോത്രവിഭാഗത്തിനിടയിലും ആഫ്രിക്കൻ ആദിമനിവാസികൾക്കിടയിലുമെല്ലാം ഈ രീതിയുണ്ടായിരുന്നു.

ചൈനയിൽ നിന്നു കണ്ടെത്തിയ തലയോട്ടികളിൽ അഞ്ചെണ്ണം മാത്രമേ മുതിർന്നവരുടെ ഉണ്ടായിരുന്നുള്ളൂ. അതിൽ നാലെണ്ണം പുരുഷന്മാരുടെയും ഒന്ന് സ്ത്രീയുടെയുമായിരുന്നു. 3 മുതൽ 40 വയസ്സുവരെ പ്രായമുള്ളവരുടെ തലയോട്ടികളാണു കണ്ടെത്തിയത്. മൂന്നു വയസ്സുള്ള തലയോട്ടിക്കൊപ്പം വിലയേറിയ പാത്രങ്ങളും മറ്റു കരകൗശല വസ്തുക്കളുമുണ്ടായിരുന്നു. സമൂഹത്തിലെ പദവി അറിയിക്കാനാണ് കല്ലറയിൽ ഇത്തരം വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. സ്ത്രീയുടെ കല്ലറയിൽ നിറയെ പലതരം ആഭരണങ്ങളായിരുന്നു. ഇതും ധനികരുടെ അടയാളമായിരുന്നു.

കുഞ്ഞുങ്ങളുടെ തലയോട്ടി മൃദുവായിരിക്കുന്ന സമയത്താണ് നീളം കൂട്ടാനുള്ള ശ്രമം നടക്കുക. കുട്ടികളുടെ തലയിൽ കൈകൊണ്ട് അമർത്തിയായിരുന്നു പലപ്പോഴും ആകൃതി മാറ്റിയിരുന്നത്. പലകകളും മറ്റും തലയ്ക്കു മുകളിൽ വച്ച് പരത്തിയെടുക്കുന്ന രീതിയുമുണ്ട്. ചിലതരം തുണിത്തരങ്ങൾ തലയിൽ കെട്ടിവച്ചും തലയോട്ടിക്ക് രൂപഭേദം വരുത്താറുണ്ട്. ഇതിന്റെയെല്ലാം തെളിവുകൾ ചൈനയിലെ ഗവേഷണത്തിൽ നിന്നു തന്നെ ഗവേഷകർക്കു ലഭിക്കുകയും ചെയ്തു. എന്നാൽ ഈ തെളിവുകൾ വച്ച് തലയോട്ടി നീളം കൂട്ടുന്ന രീതി കിഴക്കൻ ഏഷ്യയിലാണ് ആരംഭിച്ചതെന്നു പറയാനാകില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇവിടെ നിന്ന് ആരംഭിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രചരിച്ചതാണോയെന്നും വ്യക്തമല്ല. ഓരോ പ്രദേശത്തും അവരുടേതായ ആചാരത്തിന്റെ ഭാഗമായി ആവിർഭവിച്ചു വന്നതാണോ ഈ രീതിയെന്നും അറിയേണ്ടതുണ്ട്. വിശദമായ പഠനം ഫിസിക്കൽ ആന്ത്രപ്പോളജി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.