1340 പ്രകാശവർഷം ദൂരെ; വെറും കണ്ണിൽ തെളിയും വേട്ടക്കാരൻ!. Orion nebula, Star, Padhippura, Manorama Online

1340 പ്രകാശവർഷം ദൂരെ; വെറും കണ്ണിൽ തെളിയും വേട്ടക്കാരൻ!

എസ്. നവനീത് കൃഷ്ണൻ

എന്റെയടുത്ത് മറ്റു നക്ഷത്രങ്ങളൊന്നും ജനിക്കേണ്ട - ഒറിയോൺ നെബുലയിലെ ഒരു പുതുനക്ഷത്രം കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞരോട് പറഞ്ഞ കാര്യമാണിത്. സോഫിയ (Stratospheric Observatory for Infrared Astronomy) എന്ന ആകാശ നിരീക്ഷണാലയത്തെക്കുറിച്ച് കൂട്ടുകാർ കേട്ടിരിക്കുമല്ലോ. ഒരു വിമാനത്തിനുള്ളിലെ ടെലിസ്കോപ് സംവിധാനം ആണിത്. Boeing 747SP വിമാനത്തിൽ 2.7 മീറ്റർ വലുപ്പത്തിലുള്ള ഒരു ടെലിസ്കോപ് ഘടിപ്പിച്ച് നക്ഷത്ര നിരീക്ഷണത്തിനായി മാത്രം ഉപയോഗിക്കുന്ന സംവിധാനം. ഈ ടെലിസ്കോപ് ഇൻഫ്രാറെഡ് മേഖലയിലുള്ള പഠനമാണ് നടത്തുന്നത്. ഭൂമിയിലെ ടെലിസ്കോപ്പുകൾക്ക് ഇൻഫ്രാറെഡ് മേഖലയിൽ പഠനം നടത്തുക ബുദ്ധിമുട്ടാണ്. ഭൂമിയുടെ അന്തരീക്ഷവും ജലകണികകളും എല്ലാം ഇൻഫ്രാറെഡിനെ വലിയ തോതിൽ തടയും എന്നതിനാലാണത്. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ കൊണ്ടുപോയി ടെലിസ്കോപ് സ്ഥാപിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. അങ്ങനെയാണ് വിമാനത്തിനുള്ളിൽ ഇൻഫ്രാറെഡ് ടെലിസ്കോപ്പും പേറി സോഫിയ ദൗത്യം ആരംഭിച്ചത്.

നെബുലകളെക്കുറിച്ചും മറ്റും പഠിക്കാൻ ഇൻഫ്രാറെഡ് ആണ് നല്ലത്. ദൃശ്യപ്രകാശത്തെ നെബുലകളിലെ വാതകങ്ങൾ പലപ്പോഴും കടത്തിവിടില്ല. അതിനാൽ നെബുലയ്ക്കുള്ളിൽ എന്താണ് എന്നറിയണമെങ്കിൽ ഇൻഫ്രാറെഡ് പ്രകാശത്തെ നിരീക്ഷിക്കുകയേ നിവൃത്തിയുള്ളൂ. സോഫിയ ഇതാണ് ചെയ്യുന്നത്. നല്ലൊരു ടെലിസ്കോപ് കിട്ടിയാൽ ആരും ആദ്യം നോക്കുക ഓറിയോൺ നെബുലയെ ആയിരിക്കും. സോഫിയയും അതു തന്നെ ചെയ്തു. എന്തായാലും ആ പഠനം വെറുതെ ആയില്ല. നക്ഷത്രരൂപീകരണം സംബന്ധിച്ച പുതിയൊരു കണ്ടെത്തലിനാണ് ഇതു വഴി വച്ചത്.

ഓറിയോൺ നെബുലയിൽ പുതുതായി ജനിച്ച ഒരു നക്ഷത്രത്തിൽനിന്ന് പുറത്തേക്കു വരുന്ന വികിരണങ്ങളും കണികകളും (സൂര്യന്റെ സൗരക്കാറ്റ് പോലെ ഓരോ നക്ഷത്രങ്ങൾക്കും ഉള്ള നക്ഷത്രക്കാറ്റ്) അതിനു ചുറ്റുമുള്ള നെബുലാ പദാർത്ഥങ്ങളെയെല്ലാം അകലേക്ക് വകഞ്ഞുമാറ്റുന്നതായിട്ടാണ് ശ്രദ്ധയിൽ പെട്ടത്. ആ നക്ഷത്രത്തിന്റെ അയൽപക്കത്തൊന്നും മറ്റൊരു നക്ഷത്രവും ജനിക്കാതിരിക്കാൻ ഇത് ഇടയാക്കുന്നുണ്ട്. നക്ഷത്രത്തിനു ചുറ്റും വലിയൊരു കുമിളയാണ് ഈ നക്ഷത്രക്കാറ്റ് മൂലം സൃഷ്ടിക്കപ്പെട്ടത്. കുമിള എന്നു പറഞ്ഞാൽ പ്രകാശവർഷങ്ങൾ വ്യാസമുള്ള ഒന്നാണേ. കുമിളയ്ക്കു പുറത്ത് ഹൈഡ്രജൻ അടക്കമുള്ള വാതകങ്ങൾ വലിയ സാന്ദ്രതയിൽ കാണപ്പെടുന്നുണ്ട്. ഇവിടെ വേണമെങ്കിൽ പുതിയ നക്ഷത്രങ്ങൾ ജനിക്കാവുന്നതാണ്. എന്തായാലും തന്റെ തൊട്ടടുത്തൊന്നും സഹോദരനക്ഷത്രങ്ങൾ ജനിക്കേണ്ടതില്ല എന്നു തീരുമാനിച്ചിരിക്കുകയാണ് ഈ പുതുനക്ഷത്രം.

ഓറിയോൺ നെബുല
ഇപ്പോൾ ആകാശത്തേക്കു നോക്കിയാൽ വളരെ എളുപ്പം കാണാവുന്ന ഒരു നക്ഷത്രരാശിയാണ് ഓറിയോൺ. മലയാളത്തിൽ വേട്ടക്കാരൻ എന്നു പറയും. ഈ വേട്ടക്കാരന്റെ അരയിൽ വാൾ പോലെ കാണുന്നിടത്ത് ഒരു നെബുലയുണ്ട്. അതാണ് ഒറിയോൺ നെബുല. നെബുല എന്നുവച്ചാൽ വാതകങ്ങളുടെ, പ്രധാനമായും ഹൈഡ്രജന്റെ ഒരു കൂട്ടമാണ്. കോടാനുകോടി കിലോമീറ്ററുകളോളം, അല്ലെങ്കിൽ പ്രകാശവർഷങ്ങളോളം വ്യാപ്തിയിൽ വ്യാപിച്ചുകിടക്കുന്ന വാതകക്കൂട്ടം. ഇത്തരം നെബുലകളിലാണ് നക്ഷത്രങ്ങൾ ജനിക്കുന്നത്. ഗുരുത്വാകർഷണം മൂലം പരസ്പരം കൂടിച്ചേരുന്ന വാതകങ്ങൾ ചൂടുപിടിച്ച് ഹൈഡ്രജൻ ഫ്യൂഷൻ നടന്ന് ജന്മമെടുക്കുന്ന നക്ഷത്രങ്ങൾ.

ഒരു വലിയ നെബുലയിൽനിന്ന് അനേകം നക്ഷത്രങ്ങൾ ജനിക്കാം. ഓറിയോൺ നെബുലയും അത്തരത്തിൽ ഒന്നാണ്. ഒട്ടേറെ നക്ഷത്രങ്ങൾ പിറക്കാൻ മാത്രം വലുപ്പവും ഹൈഡ്രജനും ഉള്ള ഒന്ന്. നമ്മൾ ഏറ്റവും കൂടുതൽ ഫോട്ടോ എടുത്തിട്ടുള്ളതും പഠിച്ചിട്ടുള്ളതും ഓറിയോൺ നെബുലയെ ആണ്. വെറും കണ്ണുകൊണ്ടുപോലും കാണാൻ കഴിയുന്ന ഈ നെബുലയെ അത്യാവശ്യം നല്ല ടെലിസ്കോപ്പിലൂടെയോ ബൈനോക്കുലറിലൂടെയോ നോക്കിയാൽ അതിന്റെ ആകൃതി മനസ്സിലാക്കാം. വലിയ ടെലിസ്കോപ്പുകൾ ആണെങ്കിൽ മനോഹരമായ ഒരു കാഴ്ചയാണ് നമുക്കു കിട്ടുക. 1340 പ്രകാശവർഷം അകലെ കിടന്നിട്ടും നമുക്ക് വെറും കണ്ണാൽ കാണാൻ കഴിയുമെങ്കിൽ ഇതിന്റെ വലുപ്പം ഊഹിക്കാവുന്നതേയുള്ളൂ. നക്ഷത്രങ്ങളു‍ടെ പരിണാമം സംബന്ധിച്ച പഠനങ്ങൾ മിക്കതും ഓറിയോൺ നെബുലയെ ആശ്രയിച്ചാണ് നടന്നിട്ടുള്ളത്. ഒരു നക്ഷത്രം ജനിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ ഈ നെബുലയിൽ കാണാം എന്നതാണ് ഇതിനിത്ര പ്രാധാന്യം വരാൻ കാരണം.