കഴുതക്കുട്ടിയോളം പോന്ന ആനയും കുന്നിനോളം വലുപ്പമുള്ള ആനയും !, Tiger, the short story, Li Fu Yen, Padhippura,, Manorama Online

കഴുതക്കുട്ടിയോളം പോന്ന ആനയും കുന്നിനോളം വലുപ്പമുള്ള ആനയും !

നവീൻ മോഹൻ

ഏകദേശം ഒരു കഴുതയുടെ അത്രമാത്രം ഉയരമുള്ള ആനയെ നമ്മളെന്തു വിളിക്കും? കുട്ടിയാനയെന്നു വിളിക്കും. പക്ഷേ അത്തരം ആനകളെ ജന്തുശാസ്ത്രജ്ഞർ വിളിക്കുക മറ്റൊരു പേരിലായിരിക്കും– പാലിയോലോക്സിഡൻ എന്ന്. പ്രാചീനകാലത്ത് ഇന്ത്യയിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ ചുറ്റിയടിച്ചിരുന്നു വമ്പൻ ആനകളെയെല്ലാം പാലിയോലോക്സിഡൻ വർഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ആനകളെന്നു തന്നെ വിശേഷിപ്പിക്കാം ഇവയെ. അവയിൽ ഇന്ത്യയിൽ ഉണ്ടായിരുന്നവയായിരുന്നു ഉയരത്തിൽ മുൻപൻ– പാലിയോലോക്സിഡൻ നമാഡിക്കസ് എന്നായിരുന്നു അവയുടെ പേര്. യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടിരുന്നവയ്ക്ക് പാലിയോലോക്സിഡൻ അന്റിക്വസ് എന്നും.

ഈ വമ്പന്മാർക്കിടയിലേക്ക് എങ്ങനെയാണ് കുഞ്ഞനാന കയറിവന്നത്. അടുത്തിടെ ഗവേഷകർ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് അതിന്റെ ഗുട്ടൻസ് ഒളിച്ചിരിക്കുന്നത്. യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നുമുൾപ്പെടെ ലഭിച്ച പാലിയോലോക്സിഡൻ ആനകളുടെ ഫോസിൽ പരിശോധനയിലായിരുന്നു ആ കണ്ടെത്തല്‍; ഈ വിഭാഗത്തിൽപ്പെട്ട ആനകളിൽ വമ്പന്മാർ മാത്രമല്ല കുഞ്ഞന്മാരുമുണ്ടെന്ന്. മാത്രവുമല്ല പാലിയോലോക്സിഡൻ വിഭാഗത്തിൽപ്പെട്ട പലതരം സ്പീഷീസ് ആനകളെ ഇനിയും തിരിച്ചറിയാനുണ്ടെന്നും. മെഡിറ്ററേനിയൻ ദ്വീപുകളിലായിരുന്നു കുഞ്ഞൻ ആനകൾ ചുറ്റിയടിച്ചിരുന്നത്. യൂറോപ്പിലെയും ഏഷ്യയിലെയും ആന ഫോസിലുകൾ പരിശോധിച്ച ഗവേഷകരെ വർഷങ്ങളായി കുഴക്കിയ ചോദ്യമായിരുന്നു രണ്ടിടത്തും ഒരേയിനത്തിൽപ്പെട്ടവയായിരുന്നോ ഉണ്ടായിരുന്നുവെന്നത്.

ഇന്നത്തെകാലത്തെ ആനകളുടെ മസ്തകത്തിനു മുകളിൽ വലിയൊരു മുഴ കണ്ടിട്ടില്ലേ, അതിനേക്കാളും വമ്പനായിരുന്നു പ്രാചീനകാലത്തെ പാലിയോലോക്സിഡനുകളുടെ തലയിലുണ്ടായിരുന്നത്. ആ വലുപ്പം പരിശോധിച്ചാണ് ഗവേഷകർ ഏഷ്യൻ–യൂറോപ്യൻ ആനകളിലെ വ്യത്യാസം തിരിച്ചറിഞ്ഞത്. ഇന്ത്യയിലാണ് ഈ വിഭാഗം ആനകളുടെ ആദ്യ ഫോസിൽ കണ്ടെത്തുന്നത്– 1840കളിൽ. അവയുടെ മസ്തിഷ്കത്തിൽ ഉയർന്നു നിന്ന ഭാഗത്തെ തലയോട്ടിക്കു പാറ പോലെ കാഠിന്യമായിരുന്നു. മാത്രവുമല്ല, തലയോട്ടിയിലെ ആ ഭാഗത്തിനു മാത്രം ഏകദേശം നാലര അടിയുണ്ടായിരുന്നു ഉയരം. അതിനാൽത്തന്നെ ഭൂമിയിലെ അക്കാലത്തെ ഭീമൻ ആനകളായിരുന്നു ഇന്ത്യൻ ഭാഗത്തുണ്ടായിരുന്നത്. എന്നാൽ യൂറോപ്പിൽ നിന്നു കണ്ടെത്തിയവയുടെ തലയോട്ടിക്ക് അത്ര ‘കട്ടി’ പോരായിരുന്നു, വലുപ്പവും കുറവ്.

അങ്ങനെയാണ് അവ രണ്ടും രണ്ടു സ്പീഷീസിൽപ്പെട്ടതാണെന്ന സംശയം ആദ്യമായി ഉയർന്നത്. രണ്ടു തരം ആനകളിലും തലയോട്ടിക്ക് ഇത്രയേറെ കാഠിന്യം വരാൻ കാരണം അവയുടെ കഴുത്തിലെ പേശികൾക്കു കുഴപ്പം വരാതെ സംരക്ഷിക്കാനായിരുന്നെന്നും ഗവേഷകർ കരുതുന്നു. മധ്യേഷ്യയിൽ നിന്നും കിഴക്കൻ ആഫ്രിക്കയിൽ നിന്നും മെഡിറ്ററേനിയൻ ദ്വീപുകളിൽ നിന്നുമൊക്കെ ഈ വമ്പൻ ആനകളുടെ ഫോസിൽ ലഭിച്ചിട്ടുണ്ട്. ജപ്പാൻ, ജർമനി, ഇറ്റലി തുടങ്ങിയയിടങ്ങളിലെ ഫോസിലുകളും പരിശോധിച്ചപ്പോഴാണ് കഴുതക്കുട്ടിയോളം പോന്ന ആന മുതൽ ഒരു കൊച്ചുകുന്നിനോളം വലുപ്പമുള്ള ആനകൾ വരെ പാലിയോലോക്സിഡൻ വിഭാഗത്തിലുണ്ടെന്നു തിരിച്ചറിഞ്ഞത്. ഈയിനം ആനകൾക്കെല്ലാം വംശനാശം വന്നുപോയി, പക്ഷേ ഗവേഷകർക്ക് അന്വേഷണം തുടർന്നല്ലേ പറ്റൂ. ഇനിയും എത്രയെത്രയിനങ്ങളെ കണ്ടെത്താനിരിക്കുന്നു!

Summary : Palaeoloxodon elephant