ചിറകുണ്ട് പറക്കില്ല, രണ്ടുകാലിൽ നിവർന്നു നിൽക്കും; ഇരപിടിക്കുന്നത് കടലിൽ വച്ചുമാത്രം !
∙മഞ്ഞു മൂടിക്കിടക്കുന്ന അന്റാർട്ടിക്കയുടെ സ്വന്തം പക്ഷിയാണ് പെൻഗ്വിൻ.
∙ചിറകുണ്ടെങ്കിലും പറക്കാൻ കഴിയില്ല. പക്ഷി ലോകത്തിലെ മികച്ച നീന്തൽ താരങ്ങളും മുങ്ങൽ വിദഗ്ധരുമാണ്.
∙രണ്ടുകാലിൽ നിവർന്നു നിൽക്കാൻ കഴിയും
∙നീന്താൻ കാലുകൾ ഉപയോഗിക്കാറില്ല. ശക്തമായ ചിറകുകൾ ഉപയോഗിച്ച് മണിക്കൂറിൽ 7 – 8 കിലോമീറ്റർ വരെ നീന്തും.
∙ചക്രവർത്തി പെൻഗ്വിനുകളിൽ ആൺപക്ഷിയാണ് മുട്ടയ്ക്ക് അടയിരിക്കുന്നത്
∙വർഷത്തിൽ ഒരിക്കലെങ്കിലും തൂവലുകൾ പൂർണമായി കൊഴിച്ചുകളഞ്ഞ് പുതിയവ ധരിക്കുന്നു. മോൾട്ടിങ് എന്നാണ് ഈ വിദ്യയുടെ പേര്.
∙മുട്ടകൾക്ക് ചൂടു നൽകാനും സ്വയം ചൂടേൽക്കാനുമാണു പെൻഗ്വിനുകൾ കൂട്ടംകൂടി നിൽക്കുന്നത്.
∙വിശ്വസാഹിത്യത്തിൽ പെൻഗ്വിനുകൾക്ക് ഇടം നേടിക്കൊടുത്ത കൃതിയാണ് പെൻഗ്വിൻ ദ്വീപ്. അനറ്റോൾ ഫ്രാൻസ് എന്ന ഫ്രഞ്ച് എഴുത്തുകാരനാണ് ഈ കൃതി രചിച്ചത്.
∙ദക്ഷിണ ധ്രുവത്തോട് അടുത്തുള്ള ദ്വീപുകളിലും ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, തെക്കെ അമേരിക്ക എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും കാണപ്പെടുന്നു.
∙പെൻഗ്വിൻ കുടുംബത്തിലെ ഏറ്റവും വലുപ്പമുള്ളവരാണ് ചക്രവർത്തി പെൻഗ്വിനുകൾ. ഉയരം 110 സെന്റിമീറ്റർ. ഭാരം 40 കിലോഗ്രാം. ചിറകുകളുടെ നീളം 30 സെന്റിമീറ്റർ.
∙ഒരു കിലോയോളം ഭാരം വരുന്ന ലിറ്റിൽ പെൻഗ്വിനുകളാണ് കൂട്ടത്തിൽ ചെറിയവ. നിവർന്നു നിൽക്കുമ്പോൾ 35 സെന്റിമീറ്റർ ഉയരമുണ്ടാവും
∙പെൻഗ്വിനുകൾ ഇരപിടിക്കുന്നത് കടലിൽ വച്ചുമാത്രം. കൊഞ്ചും ചെറു മൽസ്യങ്ങളും പുറന്തോടുള്ള കടൽ ജീവികളുമാണ് ഇഷ്ടഭക്ഷണം.
∙മാസങ്ങൾ നീണ്ടുനിൽക്കുന്ന അടയിരിപ്പുകാലത്തു പെൻഗ്വിൻ ആഹാരം കഴിക്കാറില്ല. ശരീരത്തിലെ കൊഴുപ്പാണ് ഈ സമയത്ത് ഇവയുടെ ജീവൻ നിലനിർത്തുന്നത്.
∙ലോക പ്രശസ്ത സ്വതന്ത്ര സോഫ്റ്റ് വെയർ ആയ ലിനക്സിന്റെ ഭാഗ്യമുദ്ര ‘ടക്സ്’ എന്ന പെൻഗ്വിൻ ആണ്.
തയാറാക്കിയത്: ബാലകൃഷ്ണൻ തൃക്കങ്ങോട്