'പുരോഹിതരെ കൊന്ന കല്ലും' ദുർഭൂതം ബാധിച്ച കൊബാൾട്ടും !
സീമ ശ്രീലയം
രാജ്യാന്തര പീരിയോഡിക് ടേബിൾ വർഷത്തിൽ മൂലക വിശേഷങ്ങൾ തുടരുന്നു
ഇലക്ട്രോണിക്സിലെ താരങ്ങളാണ് സിലിക്കണും (Si) ജർമേനിയവും (Ge). ഇവ അർധ ചാലകങ്ങളുടെ (സെമികണ്ടക്റ്റർ) നിർമാണത്തിൽ ഉപയോഗിക്കുന്നു.
പുരോഹിതരെ കൊന്ന കല്ല്
അബദ്ധങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നുമൊക്കെ മൂലകങ്ങൾക്ക് പേരു ലഭിച്ചിട്ടുണ്ട്. ഒരിക്കൽ ഫ്രാൻസിൽ ഒരു പുരോഹിതൻ തന്റെ ശിഷ്യന്മാരുടെ ആരോഗ്യം വർധിപ്പിക്കാനായി പ്രത്യേകതരം കല്ല് പൊടിച്ചു നൽകിയത്രേ. അതു കഴിച്ച ശിഷ്യന്മാരുടെ കഥയും കഴിഞ്ഞു. പുരോഹിതന്മാരെ കൊന്ന ആ കല്ല് ആന്റിമോങ്ക് എന്നും ഇതിൽ നിന്നും വേർതിരിച്ചെടുത്ത മൂലകം ആന്റിമണി (Sb) എന്നും അറിയപ്പെട്ടു എന്നൊരു കഥയുണ്ട്. എന്നാൽ ഗ്രീക്ക് ഭാഷയിലെ ആന്റി, മോണോസ് എന്നീ പദങ്ങളിൽ നിന്നാണ് മൂലകത്തിനു പേരു കിട്ടിയതെന്നും കരുതപ്പെടുന്നുണ്ട്. ദുർഭൂതം എന്നർഥം വരുന്ന കൊബോൾഡ് എന്ന ജർമൻ വാക്കിൽ നിന്നു പേരു ലഭിച്ച മൂലകമാണ് കൊബാൾട്ട്(Co). കൊബാൾട്ട് ഖനനം ചെയ്യുന്നവർക്ക് അസുഖം വരുന്നത് ഈ ദുർഭൂതം കാരണമാണെന്നായിരുന്നു വിശ്വാസം!
സാന്ദ്രത അളന്നാൽ
വെള്ളിനിറമുള്ള മൃദുവായ ഒരു ലോഹമാണ് ലിഥിയം (Li). ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം എന്ന പ്രത്യേകതയും ലിഥിയത്തിനുണ്ട്. മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികളിൽ ലിഥിയമുണ്ട്.ഏറ്റവും സാന്ദ്രത കൂടിയ ലോഹം ഓസ്മിയമാണ് (Os).
എന്തൊരു ക്രിയാശീലം
ഏറ്റവും കൂടിയ വിദ്യുത് ഋണതയും (ഇലക്ട്രോനെഗറ്റിവിറ്റി) ക്രിയാശീലവുമുള്ള മൂലകം പതിനേഴാം ഗ്രൂപ്പിലെ ഫ്ലൂറിൻ (F) ആണ്. ഈ മൂലകത്തെ സ്വതന്ത്രാവസ്ഥയിൽ വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പലർക്കും ജീവൻ തന്നെ നഷ്ടമായിട്ടുണ്ട്. ഹെൻറി മോയിസ്സൺ ആണ് ആദ്യമായി ഫ്ലൂറിൻ വേർതിരിച്ചെടുത്തത്.
ക്ലോറിന്റെ രണ്ടു മുഖങ്ങൾ
ഒന്നാം ലോകമഹായുദ്ധത്തിൽ ഒരു രാസായുധമായി ജർമൻ സൈന്യം ക്ലോറിൻ (Cl) ഉപയോഗിച്ചിരുന്നു. എന്നാൽ അനേകം പേരുടെ ജീവനെടുത്ത ഇതേ മൂലകം തന്നെയാണ് ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ബ്ലീച്ചിങ് പൗഡറിലെ അണുനാശക ഘടകം.
ദ്രാവക ലോഹം
ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹമാണ് മെർക്കുറി (Hg). ക്വിക് സിൽവർ എന്നും മെർക്കുറിയെ വിളിക്കാറുണ്ട്. ജപ്പാനിലെ മിനമാതാ കായലിൽ ഉണ്ടായ മെർക്കുറി മലിനീകരണത്തിലൂടെ മൽസ്യങ്ങളിലും അതു വഴി മനുഷ്യ ശരീരത്തിലും മെർക്കുറി എത്തിച്ചേർന്നതു കൊണ്ടുണ്ടായ രോഗം മിനമാതാ രോഗം എന്നാണറിയപ്പെടുന്നത്.
“ഞാൻ അതെന്റെ കൈയിൽ എടുത്താൽ മതി, അത് ഉരുകും എന്ന് ഒരു മൂലകം കണ്ടെത്തുന്നതിനു മുൻപേ തന്നെ മെൻഡലിയേഫ് പ്രവചിച്ചിരുന്നു. ആ മൂലകമാണ് ഗാലിയം(Ga).
ചുവപ്പു നിറത്തിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹ മൂലകമാണ് ബ്രോമിൻ (Br).
അലസരുടെ ഗ്രൂപ്പ്
അലസ വാതകങ്ങൾ, ഉൽകൃഷ്ട വാതകങ്ങൾ, നിഷ്ക്രിയ വാതകങ്ങൾ എന്നൊക്കെ വിളിക്കുന്നത് ആവർത്തനപ്പട്ടികയിലെ പതിനെട്ടാം ഗ്രൂപ്പ് മൂലകങ്ങളെയാണ്. വെറുതെയല്ല ഇവർ അലസരായിരിക്കുന്നത് ഹീലിയം(He), നിയോൺ(Ne) ആർഗൺ (Ar), ക്രിപ്റ്റോൺ (Kr), സിനോൺ(Xe), റഡോൺ(Rn) എന്നീ മൂലകങ്ങളുടെ ബാഹ്യതമ ഷെൽ പൂർണ്ണമായി നിറഞ്ഞതിനാൽ സ്ഥിരത കൂടിയ ഇലക്ട്രോൺ വിന്യാസമാണ് ഇവയുടേത്.ഇതിൽ ഹീലിയം ഒഴികെയുള്ള മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസത്തെ അഷ്ടക ഇലക്ട്രോൺ വിന്യാസം എന്നാണ് വിളിക്കുന്നത്
ആദ്യ കൃത്രിമ മൂലകം
മനുഷ്യൻ ആദ്യമായി കൃത്രിമമായി നിർമിച്ച മൂലകം ടെക്‌നീഷ്യമാണ് (Tc). ഒരു സൈക്ലോട്രോണിൽ മോളിബ്ഡിനത്തിൽ അതീവശക്തിയിൽ ഡ്യൂട്ടിറോണുകൾ ഇടിപ്പിച്ചാണ് കാർലോ പെരിയർ, എമിലിയോ സെഗ്രെ എന്നീ ശാസ്ത്രജ്ഞർ ഈ മൂലകത്തെ സൃഷ്ടിച്ചത്.
കൃത്രിമമായത് എന്നർഥമുള്ള ടെക്കിറ്റോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് മൂലകത്തിനു പേരു കിട്ടിയത്.
വലുപ്പത്തിൽ മുന്നിൽ
ഒന്നാം ഗ്രൂപ്പിലെ അവസാന മൂലകമായ ഫ്രാൻഷ്യം (Fr) ആണ് ഏറ്റവും വലിയ ആറ്റം. ഇത് റേഡിയോ ആക്റ്റീവ് മൂലകമാണ്. എന്നാൽ അറ്റോമിക വലുപ്പത്തിൽ മുന്നിലുള്ള റേഡിയോ ആക്റ്റീവ് അല്ലാത്ത മൂലകം സീഷിയം (Cs) ആണ്.
പിതാവിന്റെ പേരിൽ
ആവർത്തനപ്പട്ടികയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മെൻഡലിയേഫിനോടുള്ള ബഹുമാനാർഥം പേരു നൽകിയിരിക്കുന്ന മൂലകമാണ് മെൻഡലേവിയം (Md). അറ്റോമിക നമ്പർ 101.എന്നാൽ മൂലകങ്ങളുടെ വിരലടയാളം അറ്റോമിക നമ്പർ ആണെന്നു തെളിയിക്കുകയും ആധുനിക ആവർത്തനപ്പട്ടികയുടെ രംഗപ്രവേശത്തിനു വഴിയൊരുക്കുകയും ചെയ്ത ഹെൻറി മോസ്‌ലിയുടെ പേരിൽ മൂലകമൊന്നുമില്ല.
ഓറംകൊണ്ട് മാലയിടാം
നമുക്കു നല്ല പരിചയമുള്ള 4 ലോഹങ്ങളുടെ പ്രതീകങ്ങൾ വന്നിരിക്കുന്നത് അവയുടെ ലാറ്റിൻ നാമങ്ങളിൽ നിന്നാണ്. ആർജെന്റം – വെള്ളി (Ag) , ഫെറം – ഇരുമ്പ് (Fe) , ഓറം – സ്വർണ്ണം (Au). കുപ്രം- ചെമ്പ് (Cu). ലോഹങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നല്ല വൈദ്യുത ചാലകം വെള്ളിയാണ്.
ഏറ്റവും കൂടുതൽ മാലിയബിലിറ്റി (അടിച്ചു പരത്തി നേരിയ തകിടുകളാക്കാൻ കഴിയുന്ന സവിശേഷത) ഉള്ളത് സ്വർണ്ണത്തിനാണ്. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം ചെമ്പ് (കോപ്പർ) ആണ്.