ഫറവോയുടെ ശവകുടീരത്തിലേക്കു വഴികാട്ടി; ഗവേഷകര്‍ക്കു ലഭിച്ചു ആ രഹസ്യപ്പെട്ടികൾ!
സോബെൻഫെറു എന്നൊരു ഈജിപ്ഷ്യൻ ഫറവോയെപ്പറ്റി കേട്ടിട്ടുണ്ടോ? ലോകത്ത് അറിയപ്പെടുന്നതിൽ ആദ്യത്തെ വനിതാ ഫറവോയാണ് ഇവർ. ബിസി 1806 മുതൽ 1802 വരെയായിരുന്നു സോബെൻഫെറുവിന്റെ ഭരണകാലം. ഈജിപ്തിലെ പന്ത്രണ്ടാം രാജവംശത്തിൽപ്പെട്ട ഇവർ അധികം പ്രശസ്തയൊന്നുമായിരുന്നില്ല. പക്ഷേ ലോകത്തെ രണ്ടാമത്തെ അറിയപ്പെടുന്ന വനിതാ ഫറവോയായ ഹാഷെപ്സിതിന്റെ കാര്യം അങ്ങനെയായിരുന്നില്ല. ഈജിപ്തിന്റെ ചരിത്രം അറിയാവുന്ന ഈജിപ്തോളജിസ്റ്റുകളുടെ അഭിപ്രായം അനുസരിച്ച്, ലോകത്തിലെ ഏറ്റവും മികച്ച ആദ്യത്തെ വനിതാ ഭരണാധികാരി ഹാഷെപ്സിതാണ്.
പതിനെട്ടാം രാജവംശത്തിന്റെ കാലത്തായിരുന്നു ഇവരുടെ ഭരണം. വംശത്തിലെ അഞ്ചാമത്തെ ഫറവോയായിരുന്നു ഇവർ. ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിതാ ഫറവോയും ഒരുപക്ഷേ ഇവരായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഹാഷെപ്സിതിനെപ്പറ്റിയുള്ള ഒട്ടേറെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ ഭർത്താവായിരുന്ന തത്‌മോസ് രണ്ടാമനെപ്പറ്റി വളരെ കുറച്ചു വിവരങ്ങള്‍ മാത്രമാണു ഗവേഷകർക്കു ലഭിച്ചിരുന്നത്. ബിസി 1493 മുതൽ 1479 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഈജിപ്തിലെ ദെയ്ൽ എൽ–ബഹ്റിയിൽ നിന്ന് 1881ൽ തത്‌മോസിന്റെ മമ്മി ഗവേഷകര്‍ കണ്ടെത്തി. കൊള്ളക്കാർ വികൃതമാക്കിയ നിലയിലായിരുന്നു അത്. കയ്യും കാലുമെല്ലാം വെട്ടിയെടുത്തിരുന്നു.
മരിക്കുമ്പോൾ തത്‌മോസിന് പലതരം രോഗങ്ങളുണ്ടായിരുന്നെന്നും 1886ൽ ആ മമ്മിയെ തുറന്നുപരിശോധിച്ചപ്പോൾ ഗവേഷകർ കണ്ടെത്തി. അപ്പോഴും അദ്ദേഹത്തിന്റെ ശവകുടീരം മാത്രം കാണാമറയത്തിരുന്നു. ഒടുവിൽ അതിനുള്ള ഉത്തരം ഒരു പക്ഷിയുടെ രൂപത്തിലെത്തിയിരിക്കുകയാണ്. തത്‌മോസിന്റെ മമ്മി കണ്ടെത്തിയ ലക്സോറിലെ ശ്മശാനത്തിനു സമീപത്തുനിന്നു ലഭിച്ച രണ്ടു പെട്ടികളിലായിരുന്നു ആ രഹസ്യം. ഒരെണ്ണം കൽപ്പെട്ടിയായിരുന്നു. അതിൽ ഒരു അരയന്നത്തെ ബലികൊടുത്തത്തിന്റെ അവശിഷ്ടങ്ങളായിരുന്നു. മറ്റൊന്ന് ഒരു സെറാമിക് പെട്ടി. അതിനകത്താകട്ടെ അരയന്നത്തിന്റെയും ഞാറപ്പക്ഷിയുടെയും മുട്ടയായിരുന്നു.
ഞാറപ്പക്ഷിക്ക് കഷണ്ടിത്തലയൻ കൊക്കെന്ന പേരുമുണ്ട്. നീണ്ടുകൂർത്ത ചുണ്ടാണ് ഇവയുടെ പ്രത്യേകത. ഈജിപ്ഷ്യൻ ദൈവമായ ‘തത്തി’നും ഞാറപ്പക്ഷിയുടെ മുഖമാണ്. ‘തത്’ ദേവന്റെ പേരിൽ നിന്നാണ് ഫറവോയ്ക്ക് തത്‌മോസ് എന്ന പേരും ലഭിച്ചത്. അതിനാലാണ് ഈ പെട്ടികൾ തത്‌മോസിന്റെ ശവകുടീരത്തിൽ നിന്നുള്ളതാണെന്നു മനസ്സിലായത്. അതായത്, ലോകം കണ്ട ഏറ്റവും മികച്ച ഫറവോകളിലൊരാളുടെ ശവകുടീരത്തിന് അടുത്തെത്തിയിരിക്കുന്നു ഗവേഷകർ. 3500 വർഷം പഴക്കമുള്ള ആ ശവകുടീരം കണ്ടെത്താനുള്ള ശ്രമത്തിലാണ് യൂണിവേഴ്സിറ്റി ഓഫ് വാഴ്സോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി ഗവേഷകർ.