ഗെയിം കഥാപാത്രമായ പിക്കാച്ചു ദാ ശരിക്കും കണ്മുന്നിൽ!
നവീൻ മോഹൻ
ആദ്യം വിഡിയോ ഗെയിമിൽ കണ്ടു, പിന്നെ കാർട്ടൂണ്‍ കഥാപാത്രമായി ടിവിയിലെത്തി, പിന്നാലെ കോമിക് ബുക്കിൽ, മൊബൈൽ ഫോണിൽ, ഏറ്റവുമൊടുവിലിപ്പോൾ സിനിമയിലും... പക്ഷേ പോക്കിമോൻ ഗെയിം കഥാപാത്രമായ പിക്കാച്ചുവിനെ ആരും ഇന്നേവരെ ജീവനോടെ കണ്ടിട്ടില്ല. ആ സങ്കടത്തിനും അവസാനമാവുകയാണ്. ‘മഞ്ഞക്കുഞ്ഞൻ’ പിക്കാച്ചുവിനെ ഒടുവിൽ ഓസ്ട്രേലിയയിൽ നിന്നു കണ്ടെത്തിയിരിക്കുന്നു. പോക്ക്മോൻ ഗോ ഗെയിമിൽ ഓഗ്മെന്റഡ് റിയാലിറ്റി കഥാപാത്രമായി ലോകമെമ്പാടുമുള്ള കുട്ടികൾക്കു ‘പിക്കാച്ചു’ പരിചിതനാണ്. ‘ഡിറ്റക്ടീവ് പിക്കാച്ചു’ എന്ന പേരിൽ 2019ൽ സിനിമയും പുറത്തിറങ്ങാനിരിക്കുകയാണ്. മൊബൈൽ ക്യാമറയിലൂടെ മാത്രം കാണാമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട സാങ്കൽപിക കഥാപാത്രത്തെ കണ്മുന്നിൽ കണ്ട സന്തോഷം പലരും ഫെയ്സ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമൊക്കെ പ്രചരിപ്പിക്കുകയും ചെയ്തു.
ഒപ്പോസം എന്ന കുഞ്ഞൻ ജീവിയാണ് ഇത്തരത്തിൽ ലോകമെമ്പാടുമുള്ള ‘പിക്കാച്ചു’ പ്രേമികളുടെ പ്രിയപ്പെട്ടവനായി മാറിയത്. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരുതരം സഞ്ചിമൃഗമാണ് ഒപ്പോസം. നാലിനം ഒപ്പോസങ്ങളുണ്ട്. സിൽവർ–ചാര നിറങ്ങൾ ചേർന്നതാണ് അവയിലൊന്ന്. തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള ഒപ്പോസങ്ങളുമുണ്ട്. കൂട്ടത്തിൽ ഏറ്റവും അപൂർവമായി കാണപ്പെടുന്നവയാണ് ഗോൾഡൻ ഒപ്പോസം. ശരീരത്തിനു നിറം കൊടുക്കുന്നത് മെലാനിൻ എന്ന പിഗ്മെന്റാണ്. അതിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഗോൾഡൻ ഒപ്പോസത്തിന്റെ നിറംമാറ്റത്തിനു കാരണം, എന്തായാലും ഓസ്ട്രേലിയയിലെ മെൽബണിൽ കണ്ടെത്തിയ ഒപ്പോസത്തിനു നല്ല മഞ്ഞയും ഓറഞ്ചും കലർന്ന നിറമായിരുന്നു.
ഏകദേശം അഞ്ചു മാസം പ്രായമുള്ള ഇതിനെ വഴിയരിയിൽ നിന്നു നാട്ടുകാരിലൊരാളാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ഒപ്പോസത്തിന്റെ വയറ്റിൽ കംഗാരുവിനെപ്പോലെ ഒരു ചെറിയ സഞ്ചിയുണ്ട്. ജനിച്ച് ആദ്യത്തെ അഞ്ചാറാഴ്ച കുഞ്ഞുങ്ങൾ ആ സഞ്ചിയിലായിരിക്കും. അമ്മയുടെ പുറത്തിരുന്നായിരിക്കും മിക്കപ്പോഴും യാത്ര. അങ്ങനെ യാത്ര ചെയ്യുന്നതിനിടെ ‘പിക്കാച്ചു’ തെറിച്ചു വീണതാകാമെന്നാണു കരുതുന്നത്. ഗോൾഡൻ ഒപ്പോസത്തിന്റെ ഫോട്ടോകൾ ബൊറോണിയ വെറ്ററിനറി ക്ലിനിക്കിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ ഷെയർ ചെയ്തതോടെയാണ് ലോകമെമ്പാടും അറിഞ്ഞത്. ഈ പെൺ ഒപ്പോസത്തിനു പിക്കാച്ചു എന്നു പേരിടുകയും ചെയ്തു. ഇപ്പോഴും പലരും ക്ലിനിക്കിലേക്ക് പിക്കാച്ചുവിന്റെ സുഖവിവരം തേടി വിളിക്കുന്നുണ്ട്. എന്നാൽ ഉടനെയൊന്നും പുറത്തേക്ക് അയയ്ക്കേണ്ടെന്നാണു തീരുമാനം.
രാത്രിയിലാണ് ഒപ്പോസങ്ങൾ ഭക്ഷണം തേടിയിറങ്ങുക. നായ്ക്കളെ ഉപയോഗിച്ച് രാത്രി ഇവയെ വേട്ടയാടുന്നത് ഓസ്ട്രേലിയയിൽ പതിവുമാണ്. എന്നാൽ മിക്കപ്പോഴും ചത്തതു പോലെ കിടന്ന് രക്ഷപ്പെടുകയാണു പതിവ്. ചത്തുവെന്നു തോന്നിപ്പിക്കാൻ പ്രത്യേകതരം മണവും ഇവ പുറപ്പെടുവിക്കും. മഞ്ഞനിറമായതിനാൽ ഗോൾഡൻ ഒപ്പോസത്തെ രാത്രിയിൽ മറ്റു വന്യമൃഗങ്ങള്‍ക്കും മൂങ്ങകൾക്കുമെല്ലാം തിരിച്ചറിയാൻ വളരെ എളുപ്പമാണ്. അതിനാൽത്തന്നെ വളർന്നുവലുതായിട്ടേ ‘പിക്കാച്ചു’വിനെ ക്ലിനിക്കിൽ നിന്നു പുറത്തുവിടൂ. അതും വന്യമൃഗങ്ങൾ അധികമില്ലാത്ത ഓസ്ട്രേലിയയിലെ തന്നെ ടാസ്മാനിയൻ ദ്വീപു പ്രദേശത്തും. കാത്തുകാത്തിരുന്നു കിട്ടിയ ‘പിക്കാച്ചു’വിനെ അങ്ങനെ കൈവിട്ടു കളയില്ലെന്നു ചുരുക്കം!