പറക്കും തവള, മങ്കിത്തവള ഒപ്പം പിനോക്യോയും; ന്യൂ ഗിനിയയിലെ അദ്ഭുതങ്ങൾ
ഒരു മരപ്പാവയെ നിർമിക്കുകയായിരുന്നു ഇറ്റലിയിലെ ഗെപ്പറ്റോയെന്ന വയസ്സൻ ആശാരി. പക്ഷേ അദ്ഭുതമെന്നു പറയട്ടെ അതിനു ജീവൻ വച്ചു. പാവക്കുട്ടിയുടെ മൂക്കിനാണെങ്കിൽ നല്ല നീളവും. പിനോക്യോ എന്നായിരുന്നു അവനു പേരിട്ടത്. ഇറ്റാലിയൻ സാഹിത്യകാരനായ കാർലോ കൊളോഡി എഴുതിയ ‘പിനോക്യോയുടെ സാഹസിക കഥകൾ’ ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ഏറെ ഇഷ്ടമാണ്. കുട്ടികൾക്കു മാത്രമല്ല ജന്തുശാസ്ത്ര ഗ വേഷകർക്കും പരിസ്ഥിതി ശാസ്ത്രജ്ഞർക്കുമെല്ലാം പിനോക്യോയെ ഇഷ്ടമാണ്. അതിനു കാരണവുമുണ്ട്, പുതുതായി കണ്ടെത്തുന്ന ഏതെങ്കിലും ജീവിയുടെ മൂക്ക് നീണ്ടിരിക്കുകയാണെങ്കിൽ അവരതിനെ പിനോക്യോ കൂട്ടിയായിരിക്കും പേരു വിളിക്കുക. അങ്ങനെ അഞ്ചാറു വർഷം മുൻപ് മൂക്കു നീണ്ട ഒരു പല്ലിയെ ഇക്വഡോറിൽ കണ്ടെത്തിയിരുന്നു. പിനോക്യോ പല്ലിയെന്നാണു ഗവേഷകർ അതിനു നൽകിയ പേര്. ഇപ്പോഴിതാ ന്യൂ ഗിനിയ ദ്വീപിൽ മൂക്കു നീണ്ട ഒരു തവളയെ കണ്ടെത്തിയിരിക്കുന്നു. അതിനും പേരു മറ്റൊന്നുമല്ല, പിനോക്യോ തവള!
പസഫിക് സമുദ്രത്തിലെ ദ്വീപുകളിലൊന്നായ ന്യൂ ഗിനിയയിൽ പുതിയ ജീവികള്‍ക്കായുള്ള തിരിച്ചിലിനിടെയാണ് ഗവേഷകർ മൂന്ന് പുതിയ ഇനം കുഞ്ഞൻ മരത്തവളകളെ കണ്ടെത്തിയത്. ലിറ്റോറിയ ട്രീ ഫ്രോഗ് കുടുംബത്തിൽപ്പെട്ട ഇവയെ വളരെ അപൂർവമായാണു കാണാനാവുക. കൂട്ടത്തിൽ ഒരെണ്ണത്തിനാണു പിനോക്യോ എന്ന ഓമനപ്പേരു ലഭിച്ചിരിക്കുന്നത്. ലിറ്റോറിയ പിനോക്യോ എന്ന ഈ കുഞ്ഞൻ തവള ഒറ്റനോട്ടത്തിൽ സാധാരണ രൂപത്തിലാണ്. പക്ഷേ സൂക്ഷിച്ചു പരിശോധിച്ചാൽ കാണാം മൂക്കിന്റെ സ്ഥാനത്ത് ഏകദേശം 2.5 മില്ലിമീറ്റർ നീളത്തിലൊരു വളർച്ച. ശരിക്കും പിനോക്യോയെപ്പോലെത്തന്നെ.
രണ്ടാമത്തെ തവളയ്ക്ക് ലിറ്റോറിയ വിവിസ്സിമിയ എന്നാണു പേര്. അഹങ്കാരിയായ കുരങ്ങൻ എന്നാണ് വിവിസ്സിമിയയുടെ അർഥം. ഇതിന്റെ മൂക്കിനുമുണ്ട് മുന്നിലേക്ക് അൽപമൊരു തള്ളിച്ച. പക്ഷേ ‘ലുക്ക്’ കുരങ്ങന്റേതു പോലെയാണെന്നു മാത്രം. നേരത്തെയും മൂക്കു നീണ്ട തവളകളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ലിറ്റോറിയ കുടുംബത്തിൽപ്പെട്ടവ തികച്ചും വ്യത്യസ്തങ്ങളാണ്. ആൺ–പെൺ തവളകളുടെ ആകൃതിയിലും വലുപ്പത്തിലുമെല്ലാം ഏറെ വ്യത്യാസമുണ്ട്. ഇതു സാധാരണ മൂക്കു നീണ്ട തവളകളിൽ കാണാത്തതുമാണ്. എന്തിനു വേണ്ടിയാണ് ഇവ മൂക്ക് ഉപയോഗിക്കുന്നതെന്ന കാര്യം പക്ഷേ ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല.
കൂട്ടത്തിൽ മൂന്നാമത്തെ തവളയുടെ പേരിലുമുണ്ട് കൗതുകം– പാരച്യൂട്ടിങ് ഫ്രോഗ്. വമ്പൻ മരങ്ങളിലാണ് ഇവയുടെ താമസം. താഴേക്കു വരണമെങ്കിൽ ഒറ്റച്ചാട്ടമാണ്. വീണു കാലൊടിയുമെന്നൊന്നും കരുതേണ്ട. ഗ്ലൈഡർ പോലെയാണു കാലുകൾ പ്രവർത്തിക്കുക. അത് വിടർത്തിയാൽ അന്തരീക്ഷത്തിലൂടെ പറന്നുനടക്കാം. തൊട്ടപ്പുറത്തെ മരങ്ങളിലേക്കോ നിലത്തേക്കോ പോകണമെങ്കിൽ ഇങ്ങനെ പറന്നാണിവയുടെ യാത്ര. ലിറ്റോറിയ ടെറോഡക്ടില എന്നാണ് ഈ പറക്കുംതവളയ്ക്കു പേരിട്ടിരിക്കുന്നത്. 15 കോടി വർഷം മുൻപു ജീവിച്ചിരുന്ന ടെറോസോർ എന്ന പറക്കും ദിനോസറിന്റെ ഓർമയ്ക്കാണു പേരിട്ടത്. ടെറോഡക്ടിലസ് എന്ന ഗ്രീക്ക് വാക്കിന്റെ അർഥം തന്നെ വിരലുകൾ ചിറകുകളാക്കി പറക്കുന്നവ എന്നാണ്.
ഇന്തൊനീഷ്യ, ന്യൂ ഗിനിയ എന്നിവിടങ്ങളിലെ കാട്ടുപ്രദേശങ്ങളിൽ പരിസ്ഥിതി ഗവേഷകർക്കിപ്പോൾ ചാകരയാണ്. ഇക്കഴിഞ്ഞ 10–20 വർഷത്തിനിടെ ഇവിടങ്ങളിൽ കണ്ടെത്തിയ ജീവികൾക്കു കണക്കില്ല. അവയിൽത്തന്നെ ഏറെയും പുതിയ ഇനം തവളകളാണ്. ഇത്തവണ പഠനത്തിനെത്തിയ ഓസ്ട്രേലിയയിലെ ഗ്രിഫിത്ത്സ് സർവകലാശാലയിലെ ഡോ.പോൾ ഒലിവർ പറയുന്നു: ‘ഒരു പക്ഷേ ഞങ്ങൾ പുതിയ തവളകളെ അന്വേഷിച്ചു നടക്കുമ്പോൾ ചുറ്റിലും ഒളിച്ചിരുന്ന് ഒട്ടേറെ കുഞ്ഞൻ തവളകൾ ഞങ്ങളെ കളിയാക്കിച്ചിരിക്കുന്നുണ്ടാകും. ഞങ്ങളെ കണ്ടെത്താനായില്ലല്ലോ എന്ന്...’