ഈ ചെടി ജീവൻ രക്ഷിക്കുന്നത് ഇങ്ങനെ !

വി.ആർ.വിനയരാജ്

നിലനിൽപിനുള്ള യുദ്ധങ്ങളാണ് ജീവലോകത്ത് വിജയികളെയും പരാജിതരെയും നിശ്ചയിക്കുന്നത്. ഏറ്റവും മികച്ച യുദ്ധതന്ത്രങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്നവർക്കാണ് വിജയം. സസ്യങ്ങളായാലും ജന്തുക്കളായാലും അക്കാര്യത്തില്‍ വ്യത്യാസമില്ല. ഭൂമിയിൽ സ്വന്തമായി ഭക്ഷണമുണ്ടാക്കാൻ കഴിവുള്ള സസ്യങ്ങൾക്ക് മൃഗങ്ങൾ വലിയ ഭീഷണിയാണ്.

പരാഗണത്തിനും വിത്തുവിതരണത്തിനും സസ്യങ്ങള്‍ക്ക് ജന്തുക്കളെ ആവശ്യമുണ്ട്. നേരെവന്നു തിന്നുതീർക്കുന്ന ജീവികൾ തങ്ങളുടെ ജീവനുതന്നെ ഭീഷണിയാണെന്ന് അവർക്ക് അറിയാം. അതിനെ പ്രതിരോധിക്കാനാണ് ചെടികളിൽ വിഷം, മുള്ളുകൾ, ചൊറിച്ചിലുണ്ടാക്കുന്ന നാരുകൾ, ഒളിച്ചുനിൽക്കാൻ പറ്റുന്ന നിറഭേദങ്ങൾ എന്നിവയെല്ലാം ഉള്ളത്. ചെടികൾ ഓരോ സൂത്രം കൊണ്ടുവരുമ്പോഴും അവയെ മറികടക്കാൻ മറ്റു സൂത്രങ്ങള്‍ ജീവികൾ ഉണ്ടാക്കും.

വെറുതെ തിന്നാൻ പറ്റില്ല

ശത്രുക്കളിൽന്നു രക്ഷനേടാൻ ചെടികൾ പ്രയോഗിക്കുന്ന ഒരു തന്ത്രം അടുത്തിടെ മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുണ്ട്. മരുപ്രദേശങ്ങളിൽ ജീവിക്കുന്ന ചെടികൾക്ക് അവിടങ്ങളിൽ ജീവിക്കുന്ന ജീവികളിൽനിന്നും വീശിയടിക്കുന്ന മണാൽക്കാറ്റിൽനിന്നും കടുത്ത കാലാവസ്ഥയിൽനിന്നും രക്ഷനേടാൻ വലിയ വിഷമമാണ്. തരംകിട്ടിയാൽ വന്നു തിന്നുന്ന ശല്യക്കാരായ ജീവികളെ അകറ്റാനായി ചില ചെടികൾ അവയുടെ ഇലയുടെയും തണ്ടിന്റെയുമെല്ലാം പ്രതലത്തിൽ കാറ്റിൽ പറന്നുവരുന്ന മണൽത്തരികളെ ഒട്ടിച്ചുനിർത്തുന്നു. ഈ പ്രതിഭാസത്തിന് സമ്മോഫോറി (Psammophory) എന്നാണ് ശാസ്ത്രജ്ഞർ പേരുനൽകിയത്. മണൽ വഹിക്കുന്നത് എന്നാണ് ഈ വാക്കിന്റെ അർഥം.

ദേഹത്ത് മണൽ പറ്റിപ്പിടിച്ചിരുന്നാൽ ചെടിയെ കടിക്കുന്ന ജീവികൾക്ക് അതുണ്ടാക്കുന്ന അലോസരം ഊഹിക്കാമല്ലോ. 34 സസ്യകുടുംബങ്ങളിലായി 88 ജനുസുകളിൽ ഇരുന്നൂറിലേറെ സ്പീഷിസ് ചെടികളിൽ ഈ പ്രതിഭാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരിപാടി ജലശോഷണം തടയാനും, പ്രതലതാപം കുറയ്ക്കാനും ആണെന്നൊക്കെയാണ് കരുതിയിരുന്നത്. എന്നാൽ ഇതിനൊക്കെയുപരി തങ്ങളെ ഭക്ഷിക്കാൻ വരുന്നവരെ തടഞ്ഞുനിർത്താൻ വേണ്ടിയാണെന്ന് ഗവേഷകർ ഇന്നു കരുതുന്നു.

ദേഹത്തു പറ്റിപ്പിടിച്ചിരിക്കുന്ന മണൽ മാറ്റിയശേഷം നടത്തിയ നിരീക്ഷണങ്ങളിൽ ഇത്തരം ചെടികളെ മറ്റുജീവികൾ കൂടുതലായി തിന്നുന്നതായി കാണുകയുണ്ടായി. മണലിന്റെ നിറം മാറ്റി നടത്തിയ പരീക്ഷണങ്ങളിൽനിന്നും ഒരേഫലം തന്നെ ലഭിച്ചതിനാൽ ഈ മണലൊട്ടിക്കൽ പരിപാടി നിറംമറച്ച് ശത്രുക്കളിൽനിന്നു രക്ഷപ്പെടാൻ അല്ലെന്നു മനസ്സിലാക്കുകയുണ്ടായി. അങ്ങനെ ദേഹത്ത് മണലിനെ ചേർത്തുവച്ച് ശത്രുക്കളിൽനിന്നു രക്ഷനേടാൻ ചെടികൾ കണ്ടെത്തിയ വിദ്യ ജീവലോകത്തെ മറ്റൊരു അദ്ഭുതവും മനുഷ്യനുമുന്നിൽ തുറന്നിട്ടു.