വർഷം മുഴുവൻ ചെടിയുടെ കായ്ക്കുള്ളിൽ, അത്ഭുതം ഈ പരാഗണം !

പരാഗണത്തിന് ചില ചെടികൾ അവലംബിക്കുന്ന രീതികൾ കൗതുകമുണർത്തുന്നതാണെങ്കിലും ഇലപ്പൂമരങ്ങൾ (Leaf flower trees) എന്നു പൊതുവേ അറിയപ്പെടുന്ന ഗ്ലോക്കിഡിയോൺ (Glochidion) ജനുസിൽപ്പെട്ട ചില മരങ്ങളുടെ പരാഗണ രീതികൾ രസാവഹമാണ്. പരാഗണം ഉറപ്പുവരുത്താൻ ഇവ എന്താണ് ചെയ്യുന്നത്?

ഗ്ലോക്കിഡിയോൺ ജനുസിലെ മരങ്ങൾ എപിസെഫാല (Epicephala) എന്ന നിശാശലഭ ജനുസിലെ അംഗങ്ങളുമായി അതിസൂക്ഷ്മമായ ഒരു ബന്ധമാണ് വച്ചുപുലർത്തുന്നത്. ഇലപ്പൂമരങ്ങളുടെ പൂക്കളിൽ പരാഗണങ്ങൾ നടത്താൻ മറ്റൊരു പ്രാണിക്കും ആവില്ല. ആ രീതിയിലാണ് ഇക്കൂട്ടർ രണ്ടും ഒരുമിച്ചു പരിണമിച്ചത്. ഈ സഹായത്തിനു പകരമായി മരം ഭക്ഷ്യയോഗ്യമായ തങ്ങളുടെ ഫലം മുട്ടയിടാനായി പെൺശലഭത്തിനു നൽകും. രാത്രിയിൽ പെൺശലഭം തന്റെ നീണ്ട തുമ്പിക്കൈ ഉപയോഗിച്ച് പൂമ്പൊടികൊണ്ട് പരാഗണം നടത്തുകയും അതോടൊപ്പം മുട്ട ഇടുകയും ചെയ്യുന്നു. വിരിഞ്ഞിറങ്ങുന്ന ശലഭപ്പുഴുവാകട്ടെ വിത്തുകളിൽ വളരെക്കുറച്ച് എണ്ണം മാത്രമേ ഭക്ഷിക്കുകയുള്ളൂ..

നിശാശലഭങ്ങളെ ആകർഷിക്കാൻ ഓരോ ഇലപ്പൂമരത്തിന്റെ ജനുസും വെവ്വേറെ ഗന്ധങ്ങൾ ആണ് പൂക്കളുണ്ടാവുമ്പോൾ പുറത്തുവിടുന്നത്. ആദ്യം, ആൺപൂക്കളിൽ സന്ദർശനം നടത്തുന്ന ശലഭം പൂമ്പൊടിയുമായി പെൺപൂക്കളുടെ അടുത്തെത്തുകയും തന്റെ തുമ്പിക്കൈ ഉപയോഗിച്ചുമാത്രം എത്താൻ പറ്റുന്ന പ്രത്യേക അറയിൽ അവ നിക്ഷേപിക്കുകയും ചെയ്യുന്നു. ഒരു ഡസൻ വിത്തുകളിൽ ഒന്നോരണ്ടോ എണ്ണം മാത്രം ഭക്ഷിക്കുന്ന പുഴുവാകട്ടെ അതിനുശേഷം കായ തുരന്ന് പുറത്തുവന്ന് നിലത്തുവീണ് പ്യൂപ്പയാവുകയും ചെയ്യുന്നു.

ഇങ്ങനെയുള്ള സവിശേഷ ബന്ധങ്ങളിൽ ഒരുപടികൂടി കടന്നാണ് ഇലപ്പൂമരങ്ങളിലെ ഒരു സ്പീഷിസായ ഗ്ലോക്കിഡിയോൺ ലാൻസിയോലാറിയത്തിലെ (Glochidion lanceolarium) പരാഗണവ്യവസ്ഥ. ഈ ചെടിയുടെ കായയിൽ വിരിയുന്ന ശലഭമാകട്ടെ അതിനുള്ളിൽ കുടുങ്ങിപ്പോകുന്നു. കായ മുറിച്ചുനോക്കിയാൽ പൂർണവളർച്ചയെത്തിയ ചെറിയ നിശാശലഭത്തെ കാണാനാവും. പൂർണവളർച്ചയെത്തി കായ തനിയെ പൊട്ടുമ്പോൾ മാത്രമേ ശലഭം സ്വതന്ത്രനാക്കപ്പെടുന്നുള്ളൂ. ഇതിനാവട്ടെ ഒരു വർഷംവരെ എടുക്കാറുണ്ട്! ആ സമയമാവുമ്പോഴേക്കും അടുത്ത പൂക്കാലം എത്തിയിരിക്കും. അങ്ങനെ തന്റെ പരാഗണത്തിനായി ആ ശലഭത്തെ പിടിച്ചുവച്ചിരിക്കയായിരുന്നു ആ മരമെന്നു വേണമെങ്കിൽ കരുതാം.