രാജകുമാരന്റെ ശവകുടീരം; നിറയെ നിധി, ആയുധങ്ങൾ... പക്ഷേ മൃതദേഹം എവിടെപ്പോയി?
ഇറ്റലിയിലെ കൊറിനാൾഡോയിൽ ഒരു സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നതിനു വേണ്ടി ഭൂമി പരിശോധിക്കുകയായിരുന്നു അധികൃതർ. അതിനിടയ്ക്കാണു മണ്ണിനടിയിൽ എന്തൊക്കെയോ ഉണ്ടെന്ന സംശയം വന്നത്. വിമാനം ഉപയോഗിച്ചുള്ള ഏരിയൽ സർവേയിൽ സംശയം കൂടുതൽ ബലപ്പെട്ടു. ഒരു റെസിസ്റ്റിവിറ്റി സർവേ നടത്താൻ തീരുമാനിച്ചു. ഭൂമിക്കടിയിലേക്ക് കറന്റ് കടത്തിവിട്ടു നടത്തുന്നതാണത്. മണ്ണിൽ ലോഹവസ്തുക്കൾ ഉണ്ടോയെന്നറിയുകയാണു ലക്ഷ്യം. അതിലും സംശയമുദിച്ചതോടെ ജിയോമാഗ്നറ്റിക് സർവേയായി. മണ്ണിനടിയിൽ ഇരുമ്പ് ഉണ്ടോയെന്നറിയാനായിരുന്നു ഈ ‘കാന്തിക’ സർവേ. എല്ലാ പരിശോധനകളും വിരൽ ചൂണ്ടിയത് ഭൂമിക്കടിയിൽ എന്തോ ഒന്നൊളിച്ചിരിപ്പുണ്ട് എന്നതിലേക്കായിരുന്നു.
അങ്ങനെ അവിടെ കുഴിച്ചു പരിശോധിച്ചു. കണ്ടെത്തിയത് ഇറ്റലിയുടെ ചരിത്രത്തിലെ അധികമാരും അറിയാത്ത ഒരേടും. ഒരു ശവകുടീരമായിരുന്നു സംഗതി. വിലപിടിച്ച ഒട്ടേറെ പാത്രങ്ങളും വെങ്കലത്തിൽ തീർത്ത മുഖാവരണവും പലതരം ആയുധങ്ങളും ഒരു മുഴുവൻ രഥം തന്നെയും കുഴിച്ചിട്ടിരിക്കുകയായിരുന്നു അതിൽ. പക്ഷേ എത്ര തിരഞ്ഞിട്ടും അതിനകത്ത് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. ശവകുടീരത്തിലെ തെളിവുകളിൽ നിന്നു പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു. ഇരുമ്പ് യുഗത്തിൽ ഇറ്റലിയിലുണ്ടായിരുന്ന പിച്ചേനി വിഭാഗക്കാരുടെ രാജാവോ മറ്റേതെങ്കിലും ഉന്നത സ്ഥാനത്തുള്ള വ്യക്തിയോ ആയിരുന്നിരിക്കണം ആ ശവകുടീരത്തിലുണ്ടായിരുന്നത്.
ബിസി 1200 മുതൽ ബിസി 550 വരെയുള്ളതാണ് ഇരുമ്പ് യുഗം. അക്കാലത്ത് പിച്ചേനം എന്നൊരു പ്രദേശംതന്നെ ഇറ്റലിയിലുണ്ടായിരുന്നു. അവിടുത്തുകാരെ വിളിച്ചിരുന്നത് പിച്ചേനികളെന്നായിരുന്നു. എന്നാൽ അവരുടെ ജീവിതരീതി ഇപ്പോഴും ചരിത്രകാരന്മാർക്കു മുന്നിലെ രഹസ്യമാണ്. ഇപ്പോൾ കണ്ടെത്തിയ ശവകുടീരം ബിസി ഏഴാം നൂറ്റാണ്ടിൽ നിർമിച്ചതാകാമെന്ന് ഗവേഷകർ പറയുന്നു. ബിസി 286 ആയപ്പോഴേക്കും പിച്ചേനികളുടെ ഭൂമി റോമാക്കാർ പിടിച്ചെടുത്തു. പിന്നീട് കുറേക്കാലത്തേക്ക് കൃഷിക്കാണ് ആ ഭൂമി ഉപയോഗിച്ചിരുന്നത്. അതിനിടയ്ക്ക് രാജകുമാരന്റെ മൃതദേഹം നഷ്ടപ്പെട്ടതാകാമെന്നാണു കരുതുന്നത്.
കൊറിനാൾഡോ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു കണ്ടെത്തൽ. നേരത്തേ ഇറ്റലിയിലെ വടക്കൻ മാർക്കേ മേഖലയിൽ പിച്ചേനി സംസ്കാരത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. റോമാക്കാർ വരും മുൻപ് ഇറ്റലിയിൽ ഇവർ രൂപംകൊടുത്ത സംസ്കാരം എപ്രകാരമുള്ളതാണെന്ന് ഗവേഷകരും നാളുകളായി അന്വേഷിക്കുന്നു. ശവകുടീരത്തിലെ പാത്രങ്ങളിലുണ്ടായിരുന്നു അവയ്ക്കുള്ള ഉത്തരം. നൂറിലേറെ സെറാമിക് പാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. അവയെല്ലാം പ്രാചീന ഡോണിയ പ്രദേശത്തു നിന്ന് കൊണ്ടുവന്നതായിരുന്നു. ഇറ്റലിയിൽ തന്നെയുള്ള ഡോണിയ മേഖലയുമായും മറ്റിടങ്ങളുമായുള്ള പിച്ചേനികളുടെ കച്ചവട ബന്ധവും ഇതിൽ നിന്നു വ്യക്തം.
രാഷ്ട്രീയപരമായോ സൈനികപരമായോ സാമ്പത്തികപരമായോ രാജകീയമായോ ഏറെ പ്രാധാന്യമുള്ള വ്യക്തിയുടേതാണു ശവകുടീരമെന്നതും ഉറപ്പായി. ഡോണിയ മേഖലയിൽ പ്രത്യേകം തയാറാക്കിയെടുക്കുന്നതാണ് സെറാമിക് മൺപാത്രങ്ങൾ. അവയുടെ നിർമാണ–അലങ്കാര രീതിയും പ്രശസ്തമാണ്. എന്തായാലും ഇറ്റാലിയൻ സർക്കാരിനു മുന്നിൽ വലിയൊരു വെല്ലുവിളിയാണു വന്നിരിക്കുന്നത്– സ്പോർട്സ് കോംപ്ലക്സ് നിർമിക്കണോ അതോ കൂടുതൽ ഗവേഷണത്തിനായി ഭൂമി വിട്ടുകൊടുക്കണോ? കാത്തിരുന്നുതന്നെ കാണണം.
Summary : Princely tomb of iron age man discovered in Italy