ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നോ?
സന്ദീപ് ദാസ്
കേരളത്തില്‍ എല്ലായിടത്തും കാണപ്പെടുന്ന അപൂര്‍വ ഇനം തവളയാണ് പാതാളത്തവള (Purple Frog). ശാസ്ത്രനാമം–Nasikabatrachus sahyadrensis അപൂര്‍വം എന്നു പറയുമ്പോള്‍ എണ്ണത്തില്‍ കുറവാണെന്നു ധരിക്കരുത്. മഴക്കാലത്ത് ഇവ ഉള്ള സ്ഥലത്തു ചെന്നാല്‍ ആയിരക്കണക്കിന് തവളകള്‍ ഒരുമിച്ചു കരയുന്നതു കേള്‍ക്കാം. പക്ഷേ, സ്വഭാവം കൊണ്ട് ഇവയെ കാണാന്‍ കിട്ടാറില്ല. മിക്കവാറും മണ്ണിനടയിലായിരിക്കും– അതുകൊണ്ട് അപൂര്‍വം എന്നു വിളിക്കാം.
പതാൾ, കുറവൻ, കുറത്തി, കൊട്രാൻ, പതയാൾ, പന്നിമൂക്കൻ, പാറമീൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവയെ കേരളത്തിൽ അഗസ്ത്യമലനിരകൾ തുടങ്ങി കണ്ണൂർ വരെ, ആലപ്പുഴ ഒഴികെ ഉള്ള എല്ലാ ജില്ലകളിലും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രദേശങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
ബന്ധുക്കള്‍ ആഫ്രിക്കയില്‍
ആഫ്രിക്കയുടെയും ഇന്ത്യയുടെയും ഇടയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെൽസിലുള്ള സൂഗ്ലോസ്സിഡെ എന്നയിനം തവളകള്‍ ഇവയുടെ അടുത്ത ബന്ധുക്കളാണ്. കടലിലൂടെയോ ആകാശത്തിലൂടെയോ സഞ്ചരിക്കാന്‍ കഴിയാത്ത ഈ ഉഭയജീവികളുടെ വരവ് കരയിലൂടെ തന്നെയാകണം എന്ന് അനുമാനിക്കാം. അതുകൊണ്ടുതന്നെ ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നു എന്നാ ഗോണ്ട്വാന സിദ്ധാന്തത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവുകളിൽ ഒന്നായി പാതാള തവളയെ കണക്കാക്കുന്നു.
കണ്ടാല്‍ എങ്ങനെ?
ധൂമ നിറം. വെളുത്ത നിറമുള്ള കൂര്‍ത്ത മൂക്ക്. ദൃഢമായ ഈ മൂക്കും ബലമേറിയ കൈകാലുകളും മണ്ണ് കുഴിച്ച് ആഴങ്ങളിലേക്ക് പോകാന്‍ ഇവയെ സഹായിക്കുന്നു. ചിതലുകളും മണ്ണിരകളും മണ്ണിലെ ചെറു പ്രാണികളും ആണ് ആഹാരം. മഴക്കാലത്ത് കുത്തിയൊലിക്കുന്ന, എന്നാൽ വേനലിൽ വറ്റിവരളുന്ന പാറക്കെട്ടുകൾ ഉള്ള അരുവികളും വെള്ളച്ചാട്ടവും ആണ് പ്രധാന ആവാസ വ്യവസ്ഥ.
വര്‍ഷത്തില്‍ ഒരു വരവ്
മണ്ണിനടിയിൽ ഇരുന്നു കൊണ്ട് മഴയുടെ അളവും അരുവിയിലെ ജലത്തിന്റെ അളവും ഒക്കെ ഇവ കൃത്യമായി മനസ്സിലാക്കും. മുട്ടയിടാന്‍ സാഹചര്യങ്ങളെല്ലാം സജ്ജമായി എന്നു മനസ്സിലായാല്‍ മണ്ണിനടിയില്‍ നിന്നു പുറത്തുവന്ന് മുട്ടകളിടും. ഒരു സമയം നാലായിരം വരെ മുട്ടകളിടാറുണ്ട്. മുട്ടയിട്ട ശേഷം തിരിച്ച് മണ്ണിനടിയിലേക്കു മടങ്ങും. പിന്നെ അടുത്ത കൊല്ലം മുട്ടയിടാന്‍ മാത്രമേ പുറത്തുവരൂ.
ഒരാഴ്ചയ്ക്കുള്ളില്‍ മുട്ടകൾ വിരിഞ്ഞു സക്കർ മീനുകളെ പോലെ ഒഴുക്കുള്ള വെള്ളത്തിൽ പറ്റിപ്പിടിച്ചു നിൽക്കാന്‍ സാധിക്കുന്ന വാൽമാക്രികൾ ആകും. ഈ സമയത്തിനുള്ളിൽ വലിയ മഴ പെയ്താൽ മുട്ടകൾ മുഴുവൻ നശിച്ചു പോകും. അതുപോലെ തന്നെ മഴ വൈകിയാലും ചൂടിൽ മുട്ടകൾ വരണ്ടുണങ്ങിപ്പോകും. 100–110 ദിവസങ്ങൾക്കുളിൽ വാൽമാക്രികൾ വിരിഞ്ഞു തവളക്കുഞ്ഞുങ്ങള്‍ ആയി അവയും മണ്ണിനടിയിലേക്കു പോകും. IUCN (ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) ചുവപ്പ് പട്ടികപ്രകാരം Endangered വിഭാഗത്തിൽ ഉള്ള ഇവ നേരിടുന്ന ഭീഷണികൾ പലതാണ്. ആവാസവ്യവസ്ഥയുടെ നാശം ഇവയെ സാരമായി ബാധിക്കുന്നു. പുറത്തിറങ്ങുന്ന തവളകൾ ഇപ്പോൾ വാഹനങ്ങൾ കയറി ചാകുന്നതു സാധാരണ സംഭവമായിരിക്കുന്നു. അരുവികളിലെമാലിന്യങ്ങള്‍, കൃഷിയിടങ്ങളിൽ നിന്ന് ഒഴുകി വരുന്ന രാസവളങ്ങളും കീടനാശിനികളും, കാലാവസ്ഥാ വ്യതിയാനം, ഔഷധഗുണമുണ്ടെന്ന പേരില്‍ നടക്കുന്ന വേട്ട ഇവയെല്ലാം പാതാള തവളകളുടെ നാശത്തിനു കാരണമാകുന്നുണ്ട്.