ചന്ദ്രനിലെ ഇരുണ്ട ആഴങ്ങളിൽ അജ്ഞാതവസ്തു, വൻ ഭാരം; എന്തെന്നറിയാതെ അമ്പരന്ന് നാസ!
രാത്രി നമുക്ക് വെളിച്ചം നൽകി ആകാശത്തു പുഞ്ചിരി തൂകി നിൽക്കുന്ന ചന്ദ്രനെ വർഷങ്ങളായി എന്തോ ഒന്നു ‘താഴേക്കു’ വലിക്കുന്നുണ്ട്. ഗുരുത്വാകർഷണ ബലത്തിന്റെ സഹായം കൊണ്ട് ഒരു വിധത്തിൽ ചന്ദ്രൻ പിടിച്ചു നിൽക്കുന്നതാണെന്നു മാത്രം. ചന്ദ്രനിൽ പുറത്തു നിന്നെത്തിയ എന്തൊക്കോയോ അടിഞ്ഞു കൂടിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കൃത്യമായിപ്പറഞ്ഞാൽ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലുള്ള എയ്ക്കെൻ തടം എന്നറിയപ്പെടുന്ന ഭാഗത്ത്. പല കാലങ്ങളിലായി ചന്ദ്രനിലേക്ക് പല വസ്തുക്കൾ ഇടിച്ചു കയറിയിട്ടുണ്ട്. ഉൽക്കകളും ഛിന്നഗ്രഹങ്ങളുമൊക്കെ അതിൽപ്പെടും. അങ്ങനെ ചന്ദ്രനിൽ നിറയെ ഗർത്തങ്ങളുമാണ്. അത്തരത്തിൽ കണ്ടെത്തിയിട്ടുള്ളവയിൽ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നാണ് എയ്ക്കെൻ തടത്തിലുള്ളത്. ഏകദേശം 2500 കിലോമീറ്റർ നീളത്തിലാണിത്. ചന്ദ്രന്റെ കാൽ ഭാഗത്തോളം വരും വലുപ്പം.
എന്താണീ ഗർത്തത്തിലെന്ന് ഇന്നും ആര്‍ക്കും കണ്ടെത്താനായിട്ടില്ല. അടുത്തിടെ ചന്ദ്രനെ ചുറ്റുന്ന ചില പേടകങ്ങളിൽ നിന്നുള്ള വിവരം ശേഖരിച്ചു പരിശോധിച്ച ഗവേഷകർ ഒരു കാര്യം കണ്ടെത്തി. എയ്ക്കെൻ തടാകത്തിലെ ഗർത്തത്തിൽ എന്തോ ഒന്ന് ഒളിച്ചിരിപ്പുണ്ട്. അതിനാകട്ടെ അതിഭയങ്കര ഭാരവും. ഗർത്തത്തിനകത്തെ വസ്തുവിന്റെ വലുപ്പം കാണിക്കാൻ ഗവേഷകർ ഉപയോഗിച്ചത് ഹവായ് ദ്വീപസമൂഹങ്ങളിലെ ഏറ്റവും വലുതായ ബിഗ് ഐലന്റിനെയാണ്. 10,431 ചതുരശ്ര കിലോമീറ്ററാണ് അതിന്റെ വലുപ്പം. ആ ദ്വീപിനേക്കാൾ അഞ്ചു മടങ്ങ് അധികം വലുപ്പമുള്ള ഒരു ലോഹക്കഷ്ണം എടുക്കുക. അതിനെ കുഴിച്ചിട്ടാൽ എങ്ങനുണ്ടാകും? ആ അവസ്ഥയാണത്രേ ചന്ദ്രനിൽ! ഈ ഭാരം കാരണമാണ് ചന്ദ്രനിലെ ഗുരുത്വാകർഷണ ബലത്തിൽ പോലും പല പ്രശ്നങ്ങളുമുണ്ടാകുന്നത്.
നാസയുടെ ഗ്രെയിൽ മിഷൻ, ലൂണാർ റെക്കോണസെൻസ് ഓർബിറ്റർ എന്നിവ വഴി ലഭിച്ച ഡേറ്റയാണ് ഇത്തരത്തിൽ ‘ഒളിച്ചിരിക്കുന്ന’ വസ്തുവിനെപ്പറ്റി അറിയാൻ ഗവേഷകരെ സഹായിച്ചത്. ചന്ദ്രനിലെ ഗ്രാവിറ്റേഷനൽ ഫീൽഡ് മാപ്പ് ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഗ്രെയിൽ മിഷൻ. അതു വഴി ചന്ദ്രന്റെ ആന്തരിക ഘടനയെപ്പറ്റിയും അറിയാം. പേടകം 2011ലും 2012ലും ശേഖരിച്ച വിവരങ്ങളാണ് ആദ്യം പരിശോധിച്ചത്. ചന്ദ്രന്റെ മറ്റിടങ്ങളെ അപേക്ഷിച്ച് എയ്ക്കെൻ തടത്തിന്റെ സാന്ദ്രതയിൽ വർധനവുണ്ടെന്നായിരുന്നു കണ്ടെത്തൽ. മേഖലയിൽ ഇരുമ്പിന്റെ സാന്നിധ്യം വൻതോതിലുള്ളതായിരിക്കാം കാരണമെന്നും കരുതി.
എന്നാൽ ഗ്രെയിൽ മിഷനിൽ നിന്നു ലഭിച്ച ഡേറ്റ ലൂണാർ റെക്കോണസെൻസ് ഓർബിറ്ററിലേതുമായി താരതമ്യം ചെയ്തപ്പോഴാണ് നിഗമനം തെറ്റിയെന്നു മനസ്സിലായത്. 2.18 ക്വിന്റില്യൻ ഭാരം വരുന്ന വസ്തുവാണ് അവിടെ ഒളിച്ചിരിപ്പുള്ളത്ൽ. (ഒന്നു കഴിഞ്ഞ് 18 പൂജ്യം ചേർത്താൽ ഒരു ക്വിന്റില്യനായി!) ഏകദേശം 300 കിലോമീറ്റർ ആഴത്തില്‍ ഒളിച്ചിരിക്കുകയാണ് ഈ അജ്ഞാത ‘ഭാരക്കാരൻ’. ഇതാണു ചന്ദ്രനെ 800 മീറ്റർ വരെ താഴേക്ക് ഇപ്പോൾ വലിച്ചുകൊണ്ടു പോകുന്നതും. എന്തായിരിക്കും ഈ വസ്തു? പണ്ടൊരിക്കൽ ചന്ദ്രനിൽ വന്നിടിച്ച ഛിന്നഗ്രഹങ്ങളിലൊന്നിന്റെ ഭാഗം ചന്ദ്രനിൽ തറഞ്ഞു കയറിയതായിരിക്കാമെന്നതാണു പ്രധാന വാദം. ചന്ദ്രന്റെ പാളികളായ ക്രസ്റ്റിനും കോറിനും ഇടയ്ക്കുള്ള മാന്റിലിലേക്ക് ഛിന്നഗ്രഹത്തിന്റെ ഭാഗമായുള്ള അയൺ–നിക്കൽ കഷ്ണത്തിന് തുളച്ചിറങ്ങാനുള്ള ശേഷിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനു ചന്ദ്രന്റെ കോറിനകത്തേക്കു കടക്കാനും കഴിയില്ല. ഒരുപക്ഷേ ഇത് 400 കോടി വർഷം മുൻപു സംഭവിച്ചതാകാം. അങ്ങനെയായിരിക്കാം എയ്ക്കെൻ തടം രൂപപ്പെട്ടതു പോലും.
വേറൊരു കൂട്ടർ പറയുന്ന തിയറി അഗ്നിപർവതങ്ങളുമായി ബന്ധപ്പെട്ടതാണ്. ഒരു കാലത്ത് നിറയെ അഗ്നിപർവതങ്ങളായിരുന്നു ചന്ദ്രനിൽ. അതുവഴി വൻതോതിൽ ടൈറ്റാനിയം ഓക്സൈഡും ചന്ദ്രന്റെ മാന്റിലിലുണ്ട്. ചന്ദ്രനിൽ ഒഴുകിപ്പരന്ന മാഗ്മ തണുത്തുറഞ്ഞു കട്ടിയായതാകാം ഇതെന്നാണ് വാദം. ടൈറ്റാനിയത്തിനും വൻ ഭാരവുമാണ്. ഇത് ഏതെങ്കിലും വിധത്തിൽ എയ്ക്കെൻ തടത്തിനു സമീപം നിറഞ്ഞാതാകാനും മതി. പക്ഷേ അതെങ്ങനെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്തൊക്കത്തെന്നെയാണെങ്കിലും ഒരു കാര്യം ഉറപ്പ്, ചന്ദ്രന്റെ കോർ ഭാഗം തിളച്ചു മറിഞ്ഞിരിക്കുകയല്ല. അങ്ങനെയെങ്കില്‍ ഈ അജ്ഞാതവസ്തു എന്നേ അതിലേക്ക് ഉരുകിച്ചേർന്നു പോയിട്ടുണ്ടാകണം.
എയ്ക്കെൻ തടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും നാസയ്ക്ക് ലഭിച്ചിട്ടില്ല. ഈ ഭാഗത്ത് അധികം പേടകങ്ങൾ ഇറങ്ങാത്തതാണു കാരണം. ഏറ്റവും അവസാനമായി ചന്ദ്രനിലെ ഈ ഭാഗത്തിറങ്ങിയത് ചൈനയുടെ യു2 പേടകമാണ്. അതുപക്ഷേ ഗവേഷണം ആരംഭിച്ചിട്ടേയുള്ളൂ. ജൂലൈയിൽ വിക്ഷേപിക്കാനിരിക്കുന്ന ഇന്ത്യയുടെ ചാന്ദ്രയാൻ–2 ദക്ഷിണ ധ്രുവമേഖലയിലാണ് ഇറങ്ങുക. പക്ഷെ എവിടെയാണെന്നു കൃത്യസ്ഥലം തീരുമാനിച്ചിട്ടില്ല. ഒരുപക്ഷേ എയ്ക്കെൻ തടത്തിലാണെങ്കിൽ ലോകം അറിയാൻ കാത്തിരിക്കുന്ന ഒരു വലിയ രഹസ്യത്തിന്റെ ഉത്തരവും നമുക്കു നൽകാനാകും.