വാസ്കോ ഡ ഗാമയുടെ തകർന്ന കപ്പലില്‍ ഒരു ‘ഗിന്നസ്’ അദ്ഭുതം, Maritime navigational tool, Vasco Da Gama, Astrolabe, Manorama Online

വാസ്കോ ഡ ഗാമയുടെ തകർന്ന കപ്പലില്‍ ഒരു ‘ഗിന്നസ്’ അദ്ഭുതം

സമുദ്രമാർഗ്ഗം ആദ്യമായി ഇന്ത്യയിൽ എത്തിയ യൂറോപ്യൻ‍ സഞ്ചാരി ആരാണെന്നു ചോദിച്ചാൽ കൂടുതലൊന്നും ആലോചിക്കാതെ കൊച്ചുകൂട്ടുകാർ പറയും വാസ്കോ ഡ ഗാമ. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് കപ്പലുകൾ വന്നിറങ്ങിയത്. എന്നാൽ ഗാമയുടെ കഥകള്‍ അവിടം കൊണ്ടൊന്നും തീരുന്നില്ല. അടുത്തിടെ കടലിനടിയിൽ നിന്നു കണ്ടെത്തിയ ഒരു നക്ഷത്രദൂരമാപക യന്ത്രം (Astrolabe) പരിശോധിച്ചപ്പോൾ അതു ഗാമയുടെ കപ്പലിൽ നിന്നുള്ളതാണെന്നു കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ യാത്രയ്ക്കിടെയാണ് ഈ കപ്പൽ തകർന്നതെന്നാണു കരുതുന്നത്. 1502 നും 1503നും ഇടയിലായിരുന്നു യാത്ര. എന്നാൽ കണ്ടെത്തിയ യന്ത്രം നിർമിച്ചിരിക്കുന്നത് 1496നും 1501നും ഇടയ്ക്കും. അതിലെന്താണിത്ര പ്രത്യേകത?

ലോകത്തിലെ ഏറ്റവും പ്രത്യേകതയുള്ള നക്ഷത്രദൂരമാപക യന്ത്രമാണിതെന്നാണ് ഉത്തരം. ഗിന്നസ് ബുക്കുകാർ വരെ ഇപ്പോൾ ഈ യന്ത്രത്തിനു ബഹുമതി നൽകാനുള്ള തിരക്കിലാണ്. ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയ നക്ഷത്രദൂരമാപക യന്ത്രമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഗാമ ഉപയോഗിക്കുന്ന ഇത്തരം യന്ത്രങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. അതിലെ സാങ്കേതികതയുടെ പ്രത്യേകത തന്നെയാണ് പോർച്ചുഗീസുകാരെ കടൽയാത്രകളിലെ കിടിലങ്ങളുമാക്കിയിരുന്നത്. ഒരു രാജ്യത്തിന്റെ ഔദ്യോഗിക അടയാളങ്ങൾ പതിപ്പിച്ച ഇത്തരമൊരു യന്ത്രവും വളരെ അപൂർവമായിട്ടാണു പണ്ടു നിർമിച്ചിരുന്നത്.

പണ്ടുകാലത്ത് ജ്യോതിശാസ്ത്രജ്ഞരും നാവികരുമെല്ലാം ഏറെ ആശ്രയിച്ചിരുന്നവയാണ് നക്ഷത്രദൂരമാപക യന്ത്രങ്ങൾ. Astron, Lambanien എന്നീ ഗ്രീക്ക് വാക്കുകളിൽ നിന്നാണ് astrolabe എന്ന വാക്കുണ്ടായത്. ഇതിന്റെ അർഥമാകട്ടെ ആകാശ വസ്തുക്കളെ ‘പിടികൂടാൻ’ സാധിക്കുന്നത് എന്നും. ആകാശത്തെ നക്ഷത്രങ്ങളെ ഭൂമിയിലിരുന്ന് ‘പിടികൂടാൻ’ സഹായിച്ചിരുന്നത് ഈ യന്ത്രമായിരുന്നെന്നു ചുരുക്കം. സമുദ്രയാത്രകൾക്കിടെ ദിശയറിയാൻ ഏറെ സഹായിച്ചിരുന്നതും ഈ യന്ത്രമാണ്. ഇവയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഗാമയ്ക്കും സംഘത്തിനും ഇന്ത്യയിലേക്ക് അക്കാലത്ത് സമുദ്രം വഴി വരാൻ പോലും സാധിക്കുമായിരുന്നില്ല. കടലിൽ എവിടെയാണു കപ്പൽ നിൽക്കുന്നതെന്നറിയാൻ നക്ഷത്രസമൂഹങ്ങളുടെയും സൂര്യന്റെയും സഹോയത്തോടെ ഈ യന്ത്രമാണ് ‘വഴി’ പറഞ്ഞു തരിക.

ഉത്തര–ദക്ഷിണ ധ്രുവങ്ങളിൽ നിന്ന് എത്ര ദൂരെയാണ് തങ്ങളിപ്പോൾ ഉള്ളതെന്നും മനസ്സിലാക്കിത്തരും ഈ യന്ത്രം. സൂര്യനുദിച്ചു വരുമ്പോഴും ആകാശത്തു നക്ഷത്രസമൂഹങ്ങൾ രൂപപ്പെടുമ്പോഴുമെല്ലാം ഈ യന്ത്രം ഉയർത്തിപ്പിടിച്ച് അവയിലെ ‘സ്കെയിൽ’ വഴി ദൂരം അളക്കാന്‍ സാധിക്കും. ഇതിനുപക്ഷേ ജ്യോതിശാസ്ത്രത്തിൽ അപാര ജ്ഞാനം വേണം. പല കപ്പലുകളിൽ നിന്നായി 104 യന്ത്രങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഏറ്റവും പഴക്കമേറിയതു മാത്രമല്ല, ഡിസ്ക് ആകൃതിയിലുള്ള ഒരേയൊരു യന്ത്രവും കൂടിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം കാരണം ഇതിലെ പല അളവുകളും പൂർണമായും മാഞ്ഞുപോയ നിലയിലായിരുന്നു. എന്നാൽ ഏറ്റവും പുതിയ ലേസർ, 3ഡി ഇമേജിങ് സാങ്കേതികത ഉപയോഗിച്ചതോടെ മാഞ്ഞുപോയ അളവുകളെല്ലാം തിരിച്ചുകിട്ടുകയും ചെയ്തു.

Summary : Maritime navigational tool, Vasco Da Gama, Astrolabe