കറുത്ത നിറക്കാരില്‍ ചർമാർബുദം വരാനുള്ള സാധ്യത കുറവോ?

തയ്യാറാക്കിയത്– ശ്രീരംഗം ജയകുമാർ

ജീവലോകത്തിനു നിറംപകരുന്ന ചില വർണകങ്ങളെ പരിചയപ്പെടാം

മെലാനിൻ
മനുഷ്യനുൾപ്പെടെ പല ജീവികളുടെയും ത്വക്കിനു നിറവും സംരക്ഷണവും ഒരുക്കുന്നതു മെലാനിൻ ആണ്. മെലാനോസൈറ്റുകൾ എന്ന കോശങ്ങളിലാണ് ഇവ ഉൽപാദിപ്പിക്കുന്നത്. തൈറോസിൻ (tyrosine) എന്ന അമിനോ ആസിഡിന് ഓക്സീകരണം നടന്നാണ് ഇവയുണ്ടാകുന്നത്. ഇവ പ്രധാനമായും മൂന്നു തരമുണ്ട്: യൂമെലാനിൻ(Eumelanin ), ഫിയോമെലാനിൻ(Pheomelanin), ന്യൂറോ മെലാനിൻ(Neuromelanin). ബ്രൗൺ മുതൽ കറുപ്പ് വരെ വർണഭേദം കാണിക്കുന്ന യൂമെലാനിൻ ആണു സർവസാധാരണം. ശരീരത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്ത് ചർമാർബുദം തടയുന്നതിൽ മെലാനിന്റെ പങ്ക് വലുതാണ്. മെലനോസൈറ്റ് കോശങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാൻസറാണ് മാലിഗ്നന്റ് മെലനോമ(Malignant melanoma). മെലാനിൻ വളരെ കൂടുതലുള്ള, കറുത്ത നിറം ഉള്ളവരിൽ ചർമാർബുദം വരാനുള്ള സാധ്യത വളരെ കുറവാണെന്നാണു പഠനങ്ങൾ. നേന്ത്രപ്പഴത്തിന്റെ തൊലി കറുത്തു പോകുന്നതിനു കാരണമാകുന്ന സസ്യജന്യ മെലാനിനാണ് കാറ്റ കോൾ മെലാനിൻ (catechol melanin).

കൂടിയാലും കുറഞ്ഞാലും കുഴപ്പം

∙ ആൽബിനിസം (Albinism): മെലാനിൻ അപര്യാപ്തതമൂലം ഭാഗികമായോ പൂർണമായോ ത്വക്ക്, കണ്ണ്, മുടി തുടങ്ങിയവയുടെ നിറം ഇല്ലാതാവുന്ന അവസ്ഥ. ഇതുമൂലം അൾട്രാവയലറ്റ് ഉൾപ്പെടെയുള്ള അപകടകരമായ രശ്മികളിൽനിന്നുള്ള സംരക്ഷണം ഇല്ലാതാകുന്നു.
∙ മത്സ്യ ചെതുമ്പൽ രോഗം (Lamellar ichthyosis ): മെലാനിൻ ആധിക്യംകൊണ്ടു ചർമം കൂടുതൽ ഇരുണ്ടതും പൊരിഞ്ഞ് ഇളകിയത് പോലെയും ആകുന്ന അവസ്ഥ.
∙ മെലാസ്മ (Melasma): ഹോർമോൺ വ്യതിയാനവുമായി ബന്ധപ്പെട്ട് മുഖത്ത് ഇരുണ്ട ബ്രൗൺ അടയാളങ്ങൾ ഉണ്ടാവുക
∙ വിറ്റിലിഗോ (Vitiligo): ചർമത്തിൽ അവിടവിടെയായി, മെലാനിൻ ഉണ്ടാക്കേണ്ട മെലാനോസൈറ്റുകൾ നശിച്ചുപോകുന്ന അവസ്ഥ

കണവ മഷി
ശരീരത്തിൽ ഒരു മഷി അറയുമായാണു കണവ, നീരാളി, സ്ക്വിഡ് തുടങ്ങി മൊളസ്ക വിഭാഗത്തിൽപെടുന്ന സമുദ്രജീവികളുടെ ജീവിതം. ഈ അറയിൽനിന്നു പുറപ്പെടുവിക്കുന്ന ചുവപ്പുകലർന്ന ബ്രൗൺ നിറമുള്ള മഷി ശത്രുവിനു മുന്നിൽ പുകമറ സൃഷ്ടിച്ചു രക്ഷപ്പെടാനും വേണ്ടിവന്നാൽ ആക്രമിക്കാനും ഇവർ ഉപയോഗിക്കും. സെപിയ വർണം എന്നറിയപ്പെടുന്ന ഈ മഷി ലിയനാഡോ ഡാവിഞ്ചി ചിത്രരചനയ്ക്ക് ഉപയോഗിച്ചിരുന്നു.

ഹീമോഗ്ലോബിൻ
നട്ടെല്ലുള്ള ജീവികളിൽ മിക്കതിന്റെയും രക്തത്തിലെ അരുണരക്താണുക്കളിൽ കാണപ്പെടുന്ന ഈ വർണകമാണ് രക്തത്തിന്റെ നിറത്തിനു കാരണം. ഓക്സിജൻ വഹിക്കാൻ കഴിയുന്ന, ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണിത്. നട്ടെല്ലില്ലാത്ത ചില ജീവികളിലും ഇത് കാണപ്പെടുന്നു. ആരോഗ്യമുള്ള ഒരാളുടെ 100 മില്ലി ലീറ്റർ രക്തത്തിൽ 12 മുതൽ 16 ഗ്രാം ഹീമോഗ്ലോബിൻ ഉണ്ടാകും. സസ്തനികളിലെ ഒരു ഹീമോഗ്ലോബിൻ തന്മാത്രയ്ക്ക് 4 ഓക്സിജൻ തന്മാത്ര വരെ വഹിക്കാനാകും.

ലെഗ് ഹീമോഗ്ലോബിൻ (Leg haemoglobin)
ഹീമോഗ്ലോബിന് സമാനമായ വർണകമാണ് ലെഗ്ഹീമോഗ്ലോബിൻ. നൈട്രജൻ സ്ഥിരീകരണം നടത്തുന്ന പയറുവർഗ ചെടികളുടെ മൂലാർബുദങ്ങളിൽ കാണപ്പെടുന്ന ലെഗ് ഹീമോഗ്ലോബിൻ അവിടെയുള്ള ഓക്സിജൻ പൂർണമായി നീക്കംചെയ്യാൻ സഹായിക്കുന്നു. പയറുവർഗ ചെടികളുടെ മൂലാർബുദങ്ങൾക്കുള്ളിൽ നൈട്രജൻ സ്ഥിരീകരണ പ്രക്രിയ സാധ്യമാക്കുന്ന നൈട്രോജിനേസ് (Nitrogenase) എന്ന രാസാഗ്നി പ്രവർത്തിക്കണമെങ്കിൽ ഓക്സിജനില്ലാത്ത സാഹചര്യം അനിവാര്യമാണ്.

ഹീമോ സയാനിൻ
നട്ടെല്ലില്ലാത്ത ജീവികളിൽ ഓക്സിജൻ വഹിക്കാൻ സഹായിക്കുന്ന മാംസ്യ വർണകമാണിത്. ഓക്സിജന്റെ അഭാവത്തിൽ നിറമില്ലാത്ത ഈ വർണകം ഓക്സിജനുമായി ചേർന്ന് നീലനിറമാകുന്നു. ഹീമോഗ്ലോബിനിൽ നിന്നു വ്യത്യസ്തമായി ഇതിൽ ചെമ്പ് (Cu) കാണപ്പെടുന്നു.

ബിലിറൂബിൻ
പ്രായമായ അരുണരക്താണുക്കളുടെ ശിഥിലീകരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വർണകമാണ് ബിലിറൂബിൻ. ഓറഞ്ച് കലർന്ന മഞ്ഞ നിറമാണിതിന്. ബിലിറൂബിൻ രക്തത്തിൽനിന്നു നീക്കംചെയ്യാൻ സഹായിക്കുന്നത് കരളാണ്. രക്തത്തിൽ ബിലിറൂബിന്റെ അളവ് കൂടിയാൽ, കരളിന് ഇതു വേണ്ടവിധം നീക്കംചെയ്യാൻ കഴിയുന്നില്ലെന്നർഥം. കരൾരോഗങ്ങൾ, അണുബാധ, നിർജലീകരണം ഒക്കെ ഇതിനു കാരണമായേക്കാം. പൂക്കളും പഴങ്ങളും പക്ഷികളും തുടങ്ങി നാം ചുറ്റിലും കാണുന്ന ഏതു വസ്തുവിനും നിറംപകർന്നു സുന്ദരമാക്കുന്നതു വർണകങ്ങൾ അഥവാ പിഗ്മെൻറുകൾ(Pigments) ആണ്. സൂര്യപ്രകാശത്തെ കടത്തിവിടുമ്പോഴും പ്രതിഫലിപ്പിക്കുമ്പോഴും വിവേചനാഗിരണത്തിലൂടെ(Selective absorption) ചില പ്രത്യേക തരംഗദൈർഘ്യമുള്ള നിറങ്ങളെ മാത്രം നമുക്കുമുന്നിൽ പ്രകടമാക്കാൻ കഴിയുന്ന പദാർഥങ്ങളാണ് വർണകങ്ങൾ. സസ്യങ്ങളിലും ജന്തുക്കളിലും ഇത്തരം ഒട്ടേറെ വ്യത്യസ്ത വർണകങ്ങളുണ്ട്.

സസ്യ വർണകങ്ങൾ ഹരിതകം(Chlorophyll)

ഹരിതകം(Chlorophyll)
എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിനു സഹായിക്കുന്ന വർണകമാണ് ഹരിതകം. പ്രകാശസംശ്ലേഷണം നടത്തുന്ന എല്ലാ സസ്യങ്ങളിലും ഈ വർണകമുണ്ട്. പ്രകാശത്തിലെ നീലയും ചുവപ്പും തരംഗദൈർഘ്യ ഭാഗങ്ങളെ ഈ വർണകം കൂടുതലായി ആഗിരണം ചെയ്യുമ്പോൾ, പച്ച നിറത്തെ ഒട്ടും സ്വീകരിക്കാതെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ഇലകൾ പച്ചയായി കണുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലായില്ലേ?

ക്ലോറോഫിൽ ആദ്യമായി വേർതിരിച്ചെടുത്തതും പേര് നൽകിയതും 1817 ൽ ജോസഫ് ബെനാം കാവൻറോയും(Joseph Bienaime caventou) പിയറി ജോസഫ് പെല്ലറ്ററും (Pierre Joseph Pelletier) ചേർന്നാണ്. കോശങ്ങളിലെ ഹരിത കണത്തിനുള്ളിൽ (Chloroplast) തൈലക്കോയ്ഡ് സ്തരത്തിലാണ് ഹരിതകം പ്രധാനമായും കാണപ്പെടുന്നത്. പ്രകാശസംശ്ലേഷണ പ്രക്രിയയിൽ നേരിട്ട് ഇടപെടുന്നത് ക്ലോറോഫിൽ -എ (C55H72O5N4Mg) ആണ്. ക്ലോറോഫിൽ - ബി (C55H70O6N4Mg), ക്ലോറോഫിൽ - സി(C35H30O5N4Mg), ക്ലോറോഫിൽ - ഡി(C54H70O6N4Mg) തുടങ്ങിയ ക്ലോറോഫിലുകൾക്കു നേരിട്ട് പ്രകാശസംശ്ലേഷണ പ്രക്രിയ നടത്താൻ കഴിയില്ലെങ്കിലും പ്രകാശോർജം ആഗിരണം ചെയ്തു ക്ലോറോഫിൽ - എ യ്ക്ക് കൈമാറാനാകും. പ്രകാശസംശ്ലേഷണ പ്രക്രിയയുടെ ഭാഗമായി ജല തന്മാത്ര വിഘടിച്ചുണ്ടാകുന്ന ഓക്സിജൻ ആറ്റം ക്ലോറോഫിൽ -എ യെ ഓക്സീകരിച്ചു നശിപ്പിക്കാതെ സംരക്ഷിക്കുന്നതും ഇവയാണ്. അതുകൊണ്ടുതന്നെ ഇവയെ സഹായക വർണകങ്ങൾ (accessory pigments) എന്നുവിളിക്കുന്നു.

ക്ലോറോസിസ് (Chlorosis)
ആവശ്യത്തിനു ക്ലോറോഫിൽ ഉണ്ടാകാത്തതു മൂലം ഇലകൾക്കു മഞ്ഞളിപ്പ് ഉണ്ടാകുന്ന രോഗമാണു ക്ലോറോസിസ്. ഇരുമ്പ്, മഗ്നീഷ്യം, നൈട്രജൻ എന്നീ ധാതുക്കളുടെ അപര്യാപ്തതയാണ് പ്രധാനമായും ഇതിന് കാരണം. മണ്ണിന്റെ പിഎച്ച് വ്യതിയാനവും ചില രോഗങ്ങളും ക്ലോറോസിസിന് കാരണമാകുന്നുണ്ട്. ഇത് സസ്യങ്ങളുടെ ഉൽപാദനക്ഷമത കുറയ്ക്കും.

കരോട്ടിനോയ്ഡ്
സസ്യങ്ങൾ, ബാക്ടീരിയ, ഫംഗസുകൾ തുടങ്ങിയവയിലൊക്കെ കാണപ്പെടുന്ന ആകർഷകമായ വർണകങ്ങളാണു കരോട്ടിനോയ്ഡുകൾ അഥവാ ടെട്രാ ടർപ്പിനോയ്ഡുകൾ. ചിലതരം എഫിഡുകൾ, സ്പൈഡർ മൈറ്റുകൾ തുടങ്ങി അപൂർവം ജന്തുക്കൾക്ക് മാത്രമേ ഈ ചായം ഉണ്ടാക്കാൻ കഴിയൂ. ഏതാണ്ട് 1100 തരം കരോട്ടിനോയ്ഡ് ഉണ്ട്. ധവള പ്രകാശത്തിൽ നിന്നു വയലറ്റ് മുതൽ പച്ച വരെയുള്ള വർണരാജികൾ ആഗിരണം ചെയ്യാനും ഇവയ്ക്കു കഴിയും.

കരോട്ടിനോയ്ഡ്കളെ പ്രധാനമായും കരോട്ടിനുകൾ, സാന്തോഫില്ലുകൾ എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു. കരോട്ടിനുകൾ പൂർണമായി ഹൈഡ്രോകാർബണുകൾ ആണ്. മഞ്ഞനിറമുള്ള സാന്തോഫില്ലുകളിൽ ഓക്സിജൻ തന്മാത്ര കൂടി ഉണ്ട്. ബീറ്റാകരോട്ടിൻ ധാരാളം ഉള്ളവയാണു കാരറ്റും ആപ്രിക്കോട്ടും. മുള്ളൻപാവൽ എന്നറിയപ്പെടുന്ന ഗാക്(Gac) പഴത്തിലാണു ലൈകോപീനുകൾ എന്ന കരോട്ടിനോയ്ഡ് ഏറ്റവും കൂടുതലുള്ളത്. ആഹാരത്തിലൂടെ ധാരാളം കരോട്ടിനോയ്ഡ് ശരീരത്തിലെത്തുന്നതു കൊണ്ടാണ് ഫ്ലമിംഗോ പക്ഷികളുടെ തൂവലുകൾക്ക് ഓറഞ്ച് നിറം കിട്ടിയത്.

ലൂട്ടിൻ, സിയാസാന്തിൻ(Zeaxanthin), നിയോസാന്തിൻ, ഫ്ലാവോസാന്തിൻ തുടങ്ങിയവയെല്ലാം സാന്തോഫില്ലിന്റെ വിവിധ രൂപങ്ങളാണ്. കണ്ണിലെ റെറ്റിനയുടെ പീതബിന്ദുവിൽ(Yellow spot) കാണപ്പെടുന്ന ലൂട്ടിനും സിയാസാന്തിനും അൾട്രാവയലറ്റ് രശ്മികളിൽ നിന്നു കണ്ണിനെ സംരക്ഷിക്കുന്നു. പപ്പായ, പീച്ച് തുടങ്ങി ഒട്ടേറെ പഴങ്ങൾക്കും ഇലകൾക്കും മഞ്ഞനിറം നൽകുന്നത് സാന്തോഫിൽ ആണ്.

ആന്തോസയാനിൻ
വെള്ളത്തിൽ ലയിക്കുന്നതും കോശഫേനങ്ങളിൽ കാണുന്നതുമായ വർണകമാണിത്. ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബറി, കത്തിരി, ചെറി, ചുവന്ന കാബേജ്, ആപ്പിൾ, മുന്തിരി, ബ്രോക്കോളി, ചിലയിനം ചീരകൾ തുടങ്ങിയവയുടെയെല്ലാം വർണവൈവിധ്യത്തിനു പിന്നിൽ ആന്തോസയാനിൻ ആണ്. അമ്ലത ഉള്ളപ്പോൾ ചുവപ്പോ പിങ്കോ നിറവും (pH<7), ക്ഷാര ലായനിയിൽ പച്ചകലർന്ന മഞ്ഞനിറവും (pH>7) നിർവീര്യ സാഹചര്യത്തിൽ പർപ്പിൾ നിറവും(pH=7) തീവ്ര ക്ഷാരതയിൽ നിറം ഇല്ലാതാവുകയും ചെയ്യുന്ന ആന്തോസയാനിൻ ഒരു പിഎച്ച് സൂചകമായും ഉപയോഗിക്കാം.

ബീറ്റ്‌റൂട്ടിലെ ബറ്റാനിൻ
ബീറ്റ്റൂട്ടിന്റെയും ചിലയിനം ചീരകളുടെയും കടലാസ് പൂവിന്റെയും നിറത്തിന് കാരണമായ വർണകം. ഭക്ഷ്യപദാർഥങ്ങൾക്ക് ആകർഷകമായ നിറം നൽകാൻ ഈ വർണകം ഉപയോഗിക്കാം. പ്രകാശം, താപം, ഓക്സിജൻ എന്നിവയുടെ സാന്നിധ്യത്തിൽ ഇതു നശിക്കും.

നീലയമരിയിലെ നീലം
പ്രകൃത്യാ ഉള്ള നീലച്ചായം വേർതിരിച്ചെടുക്കാൻ ഒട്ടേറെ സസ്യങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്. അവയിൽ പ്രധാനിയാണ് നീലയമരി(Indigofera tinctoria). ഈ ചെടിയുടെ ഇല വെള്ളത്തിൽ കുതിർത്ത് കിണ്വനത്തിന്(fermentation) വിധേയമാക്കുമ്പോൾ ഇലയിലുള്ള ഇൻഡിക്കൻ(Indican) എന്ന ഗ്ലൈക്കോസൈഡ് ഇൻഡിഗോട്ടിൻ(Indigotin) എന്ന നീലച്ചായം ആയിമാറുന്നു

കുങ്കുമപ്പൂവിലെ ക്രോസിൻ
കുങ്കുമപ്പൂവ് അഥവാ സഫ്രോൺ(Crocus sativus) എന്നറിയപ്പെടുന്ന ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനത്തിന് നിറം കൊടുക്കുന്നത് ക്രോസിൻ എന്ന കരോട്ടിനോയ്ഡ് വിഭാഗത്തിൽപ്പെടുന്ന വർണകമാണ്. ശുദ്ധമായി വേർതിരിച്ചെടുക്കുമ്പോൾ കടുംചുവപ്പ് ആണെങ്കിലും വെള്ളത്തിൽ ലയിക്കുമ്പോൾ ഇത് ഓറഞ്ച് നിറമായി മാറും. കുങ്കുമപ്പൂവിലെ ജനിപുടമാണ് വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കപ്പെടുന്നത്. ഇത് കഴിച്ചാൽ നിറം വയ്ക്കും എന്ന ധാരണ പരക്കെയുണ്ട്. ഇതിന് ആന്റി ഓക്സിഡന്റ് ശേഷിയുണ്ട്. ലിപ്സ്റ്റിക് മരം എന്ന അപരനാമമുള്ള കുങ്കുമ മരത്തിന്റെ ഫലത്തിൽ കാണപ്പെടുന്ന വിത്തിനു പുറത്തുള്ള ഓറഞ്ച് കലർന്ന ചുവപ്പു നിറത്തിന് കാരണം ബിക്സിൻ(Bixin) എന്ന വർണവസ്തുവാണ്. കരോട്ടിനോയ്ഡ് വിഭാഗത്തിൽപ്പെടുന്ന ഈ വർണകം ചീസ്, ബട്ടർ, മാർഗറിൽ, കസ്റ്റാർഡ്, കേക്കുകൾ തുടങ്ങിയ ആഹാരപദാർഥങ്ങൾക്കു നിറം കൊടുക്കാൻ ഉപയോഗിക്കുന്നു.