9 വർഷത്തിനു ശേഷം സാംപിൾ പരിശോധന; ബഹിരാകാശ വസ്തുവിൽ ഭൂമിയിലെ ജീവന്റെ രഹസ്യം!, Researchers, Water, Asteroid, Itokawa, Padhippura, Manorama Online

9 വർഷത്തിനു ശേഷം സാംപിൾ പരിശോധന; ബഹിരാകാശ വസ്തുവിൽ ഭൂമിയിലെ ജീവന്റെ രഹസ്യം!

ഭൂമിയിൽ ജീവന്റെ അടിസ്ഥാനമാണ് വെള്ളം. മറ്റു ഗ്രഹങ്ങളിൽ നിന്നു വ്യത്യസ്തമായി നമ്മുടെയീ കൊച്ചുഭൂമിയെ സൂപ്പറാക്കുന്നതും ജലത്തിന്റെ സാന്നിധ്യമാണ്. പക്ഷേ ഭൂമിയിൽ എവിടെ നിന്നാണ് വെള്ളം എത്തിയത്? ആകാശത്തു നിന്ന് ആരെങ്കിലും കോരിയൊഴിച്ചതായിരിക്കുമോ? തമാശച്ചോദ്യമൊന്നുമല്ല. ശരിക്കും ‘ആകാശത്തു’ നിന്നാണ് ഭൂമിയിൽ വെള്ളമെത്തിയതെന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത്. കൃത്യമായിപ്പറഞ്ഞാൽ, ആകാശത്ത് ചുറ്റിത്തിരിയുകയും ഇടയ്ക്ക് ഭൂമിയിലേക്കൊന്നു തലനീട്ടുകയും ചെയ്യുന്ന ഛിന്നഗ്രഹങ്ങളിൽ നിന്ന്!

ഭൂമിയിലെ വെള്ളത്തിന്റെ ഒരു വലിയ പങ്ക് അഗ്നിപർവത സ്ഫോടനത്തിനിടെ വന്നതാണെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്. അതിനു സഹായകമായ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതുകൊണ്ടു മാത്രം നമ്മളിന്നു കാണുന്ന തരത്തിലുള്ള സമുദ്രങ്ങളൊന്നും ഉണ്ടാകില്ല. അതിനു മറ്റെന്തെങ്കിലും കൂടി സംഭവിക്കണം. ആ ‘സംഭവ’ത്തിനു പിന്നിൽ ഛിന്നഗ്രഹങ്ങളാണെന്നാണ് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വ്യക്തമാക്കുന്നത്. ഛിന്നഗ്രഹങ്ങളിൽ നിന്ന് സാംപിൾ ശേഖരിക്കാൻ നാം നിലവിൽ രണ്ട് പേടകങ്ങൾ അയച്ചിട്ടുണ്ട്. ഒന്ന് ഹയാബുസ–2, പിന്നൊന്ന് ഒസിരിസ്–റെക്സ്. ഇവയ്ക്കും മുൻപേ ഹയാബുസ– 1 ഒരു ഛിന്നഗ്രഹത്തിൽ പോയിടിച്ച് സാംപിളുമായി വന്നിട്ടുണ്ട്. 2010ലാണ് ഇറ്റോക്കാവ എന്ന ഛിന്നഗ്രഹത്തിന്റെ ഭാഗങ്ങളുമായി ഹയാബുസ തിരിച്ചെത്തിയത്. പൊന്നുംവിലയുള്ള സാംപിളുകളാണ്. അതിനാൽത്തന്നെ ഗവേഷകർ അതിസൂക്ഷ്മമായ പഠനത്തിലും.

അങ്ങനെ ചുഴിഞ്ഞു നോക്കിയപ്പോഴാണ് ഇറ്റോക്കാവയിലെ സാംപിളിൽ ജലത്താൽ ‘സമ്പന്നമായ’ ചില ധാതുക്കൾ കണ്ടെത്തിയത്. ഭൂമിയിലെ പാതി സമുദ്രങ്ങളും നിറയ്ക്കാൻ തക്ക വെള്ളം ഈ ധാതുക്കൾ വഴി ലഭിക്കുമെന്നാണു ഗവേഷകർ പറയുന്നത്. കോടിക്കണക്കിനു വർഷം മുൻപ് ഭൂമിയിൽ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ വന്നിടിച്ചിട്ടുമുണ്ട്. അഞ്ച് സാംപിളുകൾ പരിശോധിച്ചതിൽ രണ്ടെണ്ണത്തിൽ ക്രിസ്റ്റൽ രൂപത്തിലുള്ള പൈറോക്സിൻ എന്ന ധാതു കണ്ടെത്തിയിരുന്നു. ഭൂമിയിൽ ഈ ധാതു ജലതന്മാത്രകളെ ശേഖരിക്കാൻ ശേഷിയുള്ളതാണ്. സൗരയൂഥത്തിൽ നിന്നു ഭൂമിയിലെത്താൻ സാധ്യതയുള്ള മറ്റു പല വസ്തുക്കളിലും ഗവേഷകർ പഠനം നടത്തിയിരുന്നു. എന്നാൽ അവയ്ക്കു വഹിക്കാൻ കഴിവുള്ളതിനേക്കാളും ഏറെ ജലതന്മാത്രകളുണ്ടായിരുന്നു പൈറോക്സിനിൽ.

നിലക്കടലയുടെ ആകൃതിയിലുള്ള ഇറ്റോക്കാവ ബഹിരാകാശ ശാസ്ത്രജ്ഞർക്കു പ്രിയപ്പെട്ട ‘പരീക്ഷണ’ വസ്തുവാണ്. ഏകദേശം 535 മീറ്റർ വ്യാസവും 209–294 മീറ്റർ വീതിയുമുള്ള ഈ ഛിന്നഗ്രഹം ബഹിരാകാശത്തെ പല ‘ആക്രമണങ്ങളെയും’ മറികടന്നാണ് ഇന്നും തകരാതെ നിലനിൽക്കുന്നത്. പണ്ടുപണ്ട് ഏകദേശം 19 കിലോമീറ്റർ നീളമുള്ള വമ്പൻ ഛിന്നഗ്രഹത്തിന്റെ ഭാഗമായിരുന്നു ഇറ്റോക്കാവ. ഇതിൽ പല ബഹിരാകാശ വസ്തുക്കളും വന്നിടിച്ച് പൊടിഞ്ഞു പോവുകയായിരുന്നു. അവശേഷിച്ച കഷ്ണങ്ങളിലൊന്നാണ് എസ്–ടൈപ്പ് വിഭാഗത്തിൽപ്പെട്ട ഇറ്റോക്കാവ. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് എസ് ടൈപ്പ് ഛിന്നഗ്രഹങ്ങളാണ്.

ഇറ്റോക്കാവയ്ക്കും കിട്ടിയ ‘ഇടി’ക്ക് കുറവൊന്നുമില്ല. അങ്ങനെ ഈ ഛിന്നഗ്രഹത്തിൽ ചൂടേറി വെള്ളമെല്ലാം നഷ്ടപ്പെട്ടു. എങ്കിലും വെള്ളത്തുള്ളികൾ പല രൂപത്തിൽ സംരക്ഷിക്കപ്പെട്ടിരുന്നു. ഇറ്റോക്കാവയുടെ ഉപരിതലത്തിൽ നിന്നെടുത്ത സാംപിളിലാണ് വെള്ളം കണ്ടെത്തിയത്. ഇതിന്റെ ആദ്യരൂപത്തിൽ വെള്ളമുണ്ടായിരുന്നോ എന്നാണു സംശയം. പക്ഷേ ഗവേഷകർ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു– ആ പഴയ ഭീമൻ ഛിന്നഗ്രഹത്തിന്റെ ഏകദേശം 100 മീറ്റർ ആഴത്തിലെങ്കിലും തീർച്ചയായും ഉണ്ടാകും വെള്ളത്തുള്ളികൾ. ബഹിരാകാശത്തു ചുറ്റുന്ന വാൽനക്ഷത്രങ്ങളും സി–ടൈപ്പ് ഛിന്നഗ്രഹങ്ങളും ഇത്തരത്തിൽ വെള്ളം വഹിക്കുന്നുണ്ട്. ഐസ് രൂപത്തിലുള്ള ഇവയ്ക്കു പക്ഷേ ഭൂമിയിലെ ജലവുമായി കാര്യമായ സാമ്യമൊന്നുമില്ല. പക്ഷേ ഇറ്റോക്കാവയിൽ കണ്ടെത്തിയ ജലതന്മാത്രകൾക്ക് ഭൂമിയിലുള്ളതുമായി അപാരസാമ്യവും. ഗവേഷകർക്കു സന്തോഷമാകാൻ വേറെന്തു വേണം.