കടല്‍ജലം കുടിവെള്ളമാക്കി മാറ്റുന്നത് എങ്ങനെ!
വി.ആർ. വിനയരാജ്
ഇനി ഒരു യുദ്ധമുണ്ടാകുന്നുവെങ്കില്‍ അത് വെള്ളത്തിനുവേണ്ടിയാണെന്ന് കേട്ട് കേട്ട് എല്ലാവരും അക്കാര്യം ഉറപ്പിച്ചിരിക്കുന്നു. എന്നാലിനി ഇക്കാര്യത്തിന് യുദ്ധമൊന്നുമുണ്ടാകാന്‍ പോകുന്നില്ല. വെള്ളത്തിനുവേണ്ടി യുദ്ധം ചെയ്യുന്നത് വലിയ നഷ്ടക്കച്ചവടമാണ്. അതിന്റെ ആവശ്യമേയില്ല. വളരെ എളുപ്പത്തിലും കാര്യക്ഷമമായും ജലം ശുദ്ധീകരിക്കാനുള്ള സാങ്കേതികവിദ്യകള്‍ നിലവില്‍ത്തന്നെ ലഭ്യമാണ്. അവ നാള്‍തോറും മെച്ചപ്പെട്ടുകൊണ്ടുമിരിക്കുന്നു.
വെള്ളത്തിലെ ഉപ്പ് മാറ്റാം
കുടിക്കാന്‍ പറ്റാത്ത കടല്‍ജലത്തില്‍ നിന്നും ഉപ്പുനീക്കം ചെയ്തുശുദ്ധീകരിച്ചാല്‍ ലോകത്തെ ജലപ്രശ്നങ്ങള്‍ തീര്‍ന്നു. ഇതിനായി പലവിധം പരിഹാരങ്ങള്‍ നിലവിലുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ ഇന്ന് ഉപയോഗിക്കുന്ന ഒരു വഴിയാണ് റിവേഴ്സ് ഓസ്മോസിസ് (RO). ഒരു അര്‍ദ്ധസുതാര്യസ്തരത്തിന്റെ ഒരു വശത്ത് ലവണങ്ങളോ മാലിന്യമോ അടങ്ങിയ ജലം നിറച്ച് വലിയമര്‍ദ്ദം ചെലുത്തിയാല്‍ വെള്ളത്തിലടങ്ങിയിരിക്കുന്ന ആവശ്യമില്ലാത്ത അയോണുകളെയും തന്മാത്രകളെയും നീക്കം ചെയ്യാം എന്ന തത്വമുപയോഗിച്ചാണ് ഇതു പ്രവര്‍ത്തിക്കുന്നത്. വലിയതോതില്‍ ശുദ്ധജലക്ഷാമമുള്ളയിടങ്ങളില്‍ ആണ് ഇപ്പോള്‍ ഈ രീതിയില്‍ ജലം ശുദ്ധീകരിക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലകളിലാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ഏറ്റവും കൂടുതല്‍ പ്ലാന്റുകള്‍ ഉള്ളത്. 2004 -ല്‍ തങ്ങളുടെ ജലാവശ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും മഴയേയും ഭൂഗര്‍ഭജലത്തേയും ആശ്രയിച്ച ഇസ്രായേല്‍ 2016 -ല്‍ തങ്ങളുടെ ജലാവശ്യത്തിന്റെ പകുതിക്കും RO മാര്‍ഗമാണ് ഉപയോഗിക്കുന്നത്. 2013 -ല്‍ പ്രവര്‍ത്തനക്ഷമമായ സോറക് പ്ലാന്റില്‍ നിത്യേന 63 കോടിലിറ്റര്‍ കടല്‍ജലമാണ് ഈ രീതിയില്‍ ശുദ്ധിചെയ്ത് എടുക്കുന്നത്.
ജലത്തിനായി മുന്‍കാലത്ത് യുദ്ധങ്ങള്‍ തന്നെ ചെയ്യേണ്ടിവന്ന ഇസ്രായേല്‍ ഇനിയൊരിക്കലും അത് ചെയ്യേണ്ടിവരില്ല. ആധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ലോകത്ത് ഏറ്റവും ചെലവുകുറഞ്ഞരീതിയില്‍ ആണ് ഇവിടെ കടല്‍ജലം കുടിവെള്ളമാക്കി മാറ്റുന്നത്. മറ്റു നിലവിലുള്ള രീതികളെക്കാള്‍ ഏറ്റവും ചെലവുകുറഞ്ഞ രീതിയുമാണ് RO. സ്വാഭാവികമായി പ്രകൃതിയില്‍ നിന്നും കിട്ടുന്നത്ര ചെലവുകുറച്ച് എവിടെനിന്നും ജലം ലഭിക്കുകയില്ല. എന്നാല്‍ ലോകത്തിലെ പലയിടത്തും ലഭ്യമായ ശുദ്ധജലത്തിന്റെ അളവ് വളരെക്കുറവാണ്. വര്‍ദ്ധിച്ച ആവശ്യങ്ങളും ലഭ്യതക്കുറവും പുതുതരം ഗവേഷണങ്ങളിലേക്ക് ശാസ്ത്രജ്ഞരെ തിരിച്ചുവിട്ടു. ഇന്ന് ഓരോ വര്‍ഷവും ലോകമാകമാനം 8 ശതമാനംവീതം RO ശേഷിവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ രീതിയില്‍ ഉപയോഗിക്കുന്ന സ്തരങ്ങളില്‍ നാനോവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണങ്ങള്‍ ചെലവ് ഇനിയും കുറയ്കാനാവുമെന്ന പ്രതീക്ഷ നല്‍കുന്നതാണ്.
പിഴവുകൾ തിരുത്തി
ഉപയോഗിച്ച ശേഷം കടലിലേക്ക് പുറന്തള്ളുന്ന ജലത്തിലെ ഉപ്പിന്റെ ഗാഢത കൂടുതലുള്ളതിനാല്‍ അത്തരം ജലം എത്തിച്ചേരുന്ന പ്രദേശങ്ങളിലെ ലവണത്തിന്റെ ഗാഢത കൂടുതല്‍ ആയിരിക്കുമെന്നതും വര്‍ദ്ധിതമായ രീതിയിൽ ഊര്‍ജ്ജം ഉപയോഗിക്കുന്നുണ്ടെന്നതുമാണ് ഈ രീതിലുള്ള ജലശുദ്ധീകരണത്തിന്റെ പ്രധാന ന്യൂനതകള്‍. ഇവയ്ക്കുള്ള പരിഹാരങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ച യുദ്ധംപോലും ഒഴിവാക്കാന്‍ എങ്ങനെ ഉപകരിക്കുമെന്നതിന്റെ വലിയ ഉദാഹരണമാണ് റിവേഴ്സ് ഓസ്മോസിസ് ഉപയോഗിച്ചുകൊണ്ടുള്ള ജലശുദ്ധീകരണരീതി.