ആരു പറഞ്ഞു ഇന്ത്യ ലോകകപ്പിൽ ഇല്ലെന്ന്?

ലോകകപ്പ് ഫുട്ബോളിനറെ ആവേശത്തിൽ ലോകം മുഴുവൻ ആറാടുമ്പോൾ നമ്മൾ ഇന്ത്യക്കാർക്ക് ഒരു മുട്ടൻ സങ്കടമുണ്ട്. ഇന്ത്യ ലോകകപ്പിൽ ഇല്ലാത്തതിന്റെ സങ്കടം. നമ്മൾ എന്നാണ് ആ ആഘോഷത്തിന്റെ ഭാഗമാകുക? എന്നെങ്കിലുമൊരിക്കൽ ഇന്ത്യയും ലോകകപ്പ് ഫുട്ബോൾ കളിക്കുമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ ഫുട്ബോൾ ആരാധകരും. എന്നാൽ ഈ മുട്ടൻ സങ്കടത്തിന് ഒരു ആശ്വാസവുമായെത്തിയിരിക്കുകയാണ് ഋഷി തേജ് എന്ന പത്തു വയസ്സുകാരൻ.

പതിനെട്ടിന് നടന്ന ബെൽജിയം– പനാമ കളിയുടെ ബോള്‍ ബോയി ആയിരുന്നു കുഞ്ഞു ഋിഷി. ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ബോൾ ബോയി ആകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഋഷി. ഇനി പറയൂ നമ്മുടെ ഇന്ത്യ ലോകകപ്പിലും സാന്നിധ്യമറിയിച്ചില്ലേ?. ഫിഷ്ട് സ്റ്റ‍േഡിയത്തിൽ നടന്ന കളിയിൽ ബോളുമായി കളിക്കാർക്കൊപ്പം ഋഷിയെത്തിയത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒരു നിമിഷം തന്നെയായിരുന്നു.

ഋഷിയെ കൂടാതെ പതിനൊന്നുകാരിയായ നതാനിയ ജോൺ കണ്ടത്തിൽ എന്ന കുട്ടിക്കും 2018 ഫിഫ ലോകകപ്പിൽ ഇത്തരമൊരു അവസരം ലഭിച്ചിട്ടുണ്ട്. ഇരുവരും ഫിഫ ലോകകപ്പിലേ ഔദ്യോഗിക ബോൾ ക്യാരിയേഴ്സാണ്.

"ഞാൻ വളരെ ആവേശത്തിലാണ്, നിങ്ങൾക്കത് അളക്കാൻ പോകുമാകില്ല. ഞാനിപ്പോഴും സ്വപ്നത്തിലാണ്. റഷ്യയിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്." ബംഗളൂരുവിൽ നിന്നുള്ള ഋഷി പറയുന്നു. നതാനിയയയും വളരെ ആവേശത്തിലാണ്. ഇരുപത്തിരണ്ടാം തിയതിയിലെ കളിയിലാണ് തമിഴ്നാട്ടിൽ നിന്നുള്ള നതാനിയ കളിക്കാരുമൊത്ത് ബോളുമായി ഗ്രൗണ്ടിലെത്തുക.

ലോകമെമ്പാടും നിന്നുള്ള 64 കുട്ടികൾക്കാണ് ഈ അസുലഭ അവസരം ലഭിച്ചിരുക്കുന്നത്. 1500 കുട്ടികളിൽ നിന്നാണ് ഇത്രയും കുട്ടികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ഋഷിയും നതാനിയയും മാത്രമാണ് ഇന്ത്യയിൽ നിന്നുള്ള കുട്ടികൾ. ജീവിതത്തിലൊരിക്കൽ മാത്രം കിട്ടുന്നതാണ് ഈ ഭാഗ്യം. ലോകകപ്പ് ഫുട്ബോൾ നേരിട്ടു കാണാൻ മാത്രമല്ല ലോകത്തിലെ സൂപ്പർത്താരങ്ങളുമൊത്ത് കളിക്കളത്തിലെത്താമെന്നതും ഇതിന്റെ പ്രധാന ആകർഷണമാണ്. കളിക്കാർക്കൊപ്പം ലോകം മുഴുവനും തങ്ങളേയും കാണുന്ന ആവേശത്തിലാണ് ഇരുവരും. ഇനി ആരും പറയല്ലേ നമ്മൾ ലോകകപ്പിൽ ഇല്ലെന്ന്...