നദിയില്‍ ഒഴുകിയത് അജ്ഞാത ഭീകരജീവിയല്ല, പിന്നെയോ?, River monster, China, Yangtze river, Air bag, Rubber sheet, Padhippura, Manorama Online

നദിയില്‍ ഒഴുകിയത് അജ്ഞാത ഭീകരജീവിയല്ല, പിന്നെയോ?

ഏതാനും ദിവസം മുൻപാണ് ചൈനയിൽ നിന്നൊരു അമ്പരപ്പിക്കുന്ന വിഡിയോ കാഴ്ച ലോകത്തിനു മുന്നിലെത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ നദിയായ യാങ്സിയിലൂടെ ഒഴുകി നീങ്ങുന്ന അജ്ഞാത ‘ഭീകരജീവി’യുടെ രണ്ട് വിഡിയോകളായിരുന്നു അത്. അതിനെപ്പറ്റിയുള്ള വാർത്ത കൊച്ചുകൂട്ടുകാരും വായിച്ചു കാണുമല്ലോ! കറുത്ത്, നീളത്തിലുള്ള ഒരു വസ്തു തടാകത്തിലൂടെ നീന്തുന്നതായിരുന്നു വിഡിയോ കാഴ്ച. ഒരു ഘട്ടത്തിൽ ഇതിന്റെ നീളം പത്തടി വരെയെത്തിയിരുന്നു. പക്ഷേ ജീവിക്ക് 60 അടി വരെ നീളമുണ്ടെന്നാണു വിഡിയോ കണ്ട പലരും പറഞ്ഞത്.

പുറത്തെത്തി മണിക്കൂറുകൾക്കകം ചൈനീസ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കോടിക്കണക്കിനു പേർ കണ്ടു വിഡിയോ വൈറലാവുകയും ചെയ്തു. വെയ്ബോ എന്ന സമൂഹമാധ്യമത്തിൽ മാത്രം വിഡിയോ കണ്ടത് 3.2 കോടിയിലേറെ പേരായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ ബെയ്ജിങ് യൂത്ത് ഡെയ്‌ലിയും സിസിടിവി ചാനലും ചൈന ഡെയ്‌‌ലിയുമൊക്കെ ഈ വാർത്തയും വിഡിയോയും എത്തി. സ്കോട്‌ലൻഡിലെ നെസ് തടാകത്തിലുണ്ടെന്നു പറയപ്പെടുന്ന നെസ്സിയെന്ന ഭീകരജീവിയെപ്പോലെ ചൈനയ്ക്കും ഒരു അജ്ഞാത ജീവിയെ ലഭിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.
മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള യിചാങ് തീരത്തു നിന്നായിരുന്നു ആദ്യത്തെ വിഡിയോ. ത്രീ ഗോർജസ് ഡാമിനോടു ചേർന്നുള്ള ഭാഗത്തു നിന്നായിരുന്നു രണ്ടാമത്തെ വിഡിയോ. അതിനാൽത്തന്നെ ത്രീ ഗോർജസ് മോൺസ്റ്ററെന്ന ഓമനപ്പേരും ലഭിച്ചു. ത്രീ ഗോർജസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് കേട്ടോ– ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണത്. 2012ലാണിതിന്റെ നിർമാണം പൂർത്തിയാക്കിയത്. എന്തായാലും ഏതാനും ദിവസത്തെ ആയുസ്സേ ഭീകരജീവിക്കുണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ദിവസമാണ് ത്രീ ഗോർജസിലെ രാക്ഷസജീവിയുടെ യഥാർഥ രൂപം ലോകത്തിനു മുന്നിൽ വെളിപ്പെട്ടത്. ഏകദേശം 20 മീറ്റർ നീളമുള്ള കറുത്ത എയർബാഗിനെയാണ് ഭീകരജീവിയായി തെറ്റിദ്ധരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

കപ്പലുകൾ ഷിപ്‌യാർഡിൽ നിന്ന് വെള്ളത്തിലേക്കിറങ്ങാൻ ഉപയോഗിക്കുന്നതാണ് ഇത്തരം എയർബാഗുകൾ (ചിത്രം കാണുക). ഉപയോഗത്തിനിടെയോ മറ്റോ പൊട്ടിപ്പോയപ്പോൾ ഉപേക്ഷിച്ചതാണിതെന്നാണു കരുതുന്നത്. വെള്ളത്തിലൂടെ നീങ്ങുന്ന ഇവയുടെ മുകൾ ഭാഗമാണ് പലരും ഭീകരജീവിയുടെ ശരീരമായി തെറ്റിദ്ധരിച്ചത്. നദിയിലെ ഒഴുക്കിനൊപ്പം മുങ്ങിത്താഴാതെ നീങ്ങുകയായിരുന്നു ഇത്. ടിബറ്റ് മുതൽ ചൈനയുടെ കിഴക്കൻ തീരം വരെ നീണ്ടുകിടക്കുന്ന യാങ്സി നദിയിൽ മലിനീകരണം അതിശക്തമാണ്.ആ മലിനീകരണം കാരണം രൂപം കൊണ്ടതാണ് വിചിത്ര ജീവിയെന്നു വരെ കഥകളുണ്ടായി. ഗോഡ്സിലയെന്ന സാങ്കൽപിക ജീവിയുടെ സിനിമയൊക്കെ കൊച്ചുകൂട്ടുകാർ കണ്ട് അന്തംവിട്ടിട്ടില്ലേ! ജപ്പാനെപ്പോലെത്തന്നെ ചൈനക്കാർക്കും ഗോഡ്സിലയിൽ വിശ്വാസമുള്ളതിനാൽ അത്തരം കഥകളും പെട്ടെന്നു തന്നെ ഹിറ്റായി.

എന്നാൽ വിഡിയോ വന്നതിനു പിന്നാലെ ഗവേഷകർ വിഷയത്തിൽ ഇടപെട്ടു. നദിയിൽ കാണുന്ന വമ്പൻ പാമ്പോ അല്ലെങ്കിൽ സാലമാണ്ടർ എന്ന നീർപ്പല്ലിയോ ആയിരിക്കാം ഇതെന്നായിരുന്നു അവർ പറഞ്ഞത്. അതിനിടെയാണ് നദിയിൽ ചൂണ്ടയിടുന്ന ചിലർക്ക് എയർബാഗ് ലഭിച്ചത്. കറുത്ത നിറത്തിലുള്ള റബർ കൊണ്ടു നിർമിച്ച വമ്പൻ ഷീറ്റ് പോലുള്ള വസ്തു തീരത്തടിഞ്ഞതിന്റെ ചിത്രം പ്രാദേശിക മാധ്യമങ്ങളും പുറത്തുവിട്ടു. എന്തായാലും ഭീകരജീവി വാർത്ത വന്നത് യാങ്സി നദിക്ക് അനുഗ്രഹമായിരിക്കുകയാണിപ്പോൾ. മലിനീകരണവും അശാസ്ത്രീയമായ മീൻപിടിത്തവും കാരണം ആകെ ശ്വാസംമുട്ടിയ അവസ്ഥയിലായിരുന്നു യാങ്സി. അതിലെ മൂന്നിലൊന്ന് ഇനം മീനുകളും വംശനാശഭീഷണിയിലാണ്. ചിലയിനം ഡോൾഫിനുകൾ ഉൾപ്പെടെ പല ജലജീവികൾക്കും വംശനാശവും സംഭവിച്ചു. അതിനിടെ യാങ്സി നദിയുടെ ദുരവസ്ഥ ലോകത്തിനു മുന്നിലെത്തിക്കാൻ ഈ ‘റബർവേസ്റ്റ് ഭീകരജീവിക്കായി’ എന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.