ഭൂകമ്പത്തിലും മറ്റും സഹായവുമായി ഒരു പാറ്റ വന്നാലോ?
നവീൻ മോഹൻ
എവിടെയെങ്കിലും ഒരു പാറ്റയെ കണ്ടാൽ കൊച്ചുകൂട്ടുകാരിൽ ചിലർ പറയും ‘അയ്യോ’ എന്ന്, വേറൊരു കൂട്ടരാകട്ടെ ‘അയ്യേ’ എന്നും. ചിലർ ധൈര്യം സംഭരിച്ച് പാറ്റയെ ചവിട്ടിക്കൂട്ടാനും ശ്രമിക്കും. പക്ഷേ, പാറ്റയെ ചുമ്മാ ചവിട്ടിയാൽ അവ രക്ഷപ്പെട്ടു പോകുന്നതാണു പതിവ്. വെള്ളത്തിലിട്ടാൽ പോലും കൈകാലിട്ടടിച്ച് അവ തിരികെ എങ്ങനെയെങ്കിലും കയറിപ്പോരും. ചെറുകുഴലുകളിലൂടെ വരെ സഞ്ചരിക്കാൻ സാധിക്കുന്നതാണ് ഇവയുടെ ശരീരം, അതും അതിവേഗത്തിൽ. ആരും ‘അമ്പമ്പോ’ എന്നു പറഞ്ഞുപോകുന്ന പാറ്റകളുടെ ഈ കഴിവുകളെ കലിഫോർണിയ സർവകലാശാല ബെർക്ക്‌ലിയിലെ ഒരു കൂട്ടം ഗവേഷകർ ഒരു റോബട്ടിനു വച്ചു കൊടുത്തു.
ഗ്രാമിന്റെ പത്തിലൊന്നു പോലും ഭാരമില്ല ഈ റോബട്ടിന്. പക്ഷേ, ഇതിന്റെ മേൽ 60 കിലോഗ്രാം വരെ ഭാരമുള്ളവർ കയറി നിന്നാലും ഒരു പ്രശ്നവുമില്ല. ‘പൊടി തട്ടിയെഴുന്നേറ്റ്’ പിന്നെയും സഞ്ചരിച്ചു കൊണ്ടേയിരിക്കും. വൻ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും വാതകച്ചോർച്ച പോലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോഴും പരിശോധന നടത്താൻ ഈ റോബട്ടിനെ കയറ്റിവിട്ടാൽ മതിയെന്നതാണു ഗുണം. അതിനുള്ള പരീക്ഷണങ്ങളും ഗവേഷകർ ആരംഭിച്ചു കഴിഞ്ഞു.
ഒട്ടും കനമില്ലാത്ത ഒരു വസ്തുവാണു റോബട്ടിന്റെ നിർമാണത്തിനു പിന്നിൽ– പോളിവൈനിലിഡീൻ ഫ്ലൂറൈഡ് (പിവിഡിഎഫ്). അതിനു മുകളിൽ ഒരു ഇലാസ്റ്റിക് പോളിമറിന്റെ നേർത്ത പാളിയും ഉണ്ടാകും. ആകെ വലുപ്പം ഒരു സ്റ്റാംപിനോളമേ ഉള്ളൂ. മുന്നിലും പിറകിലുമായാണു ‘കാലുകൾ’ പോലുള്ള ഭാഗങ്ങൾ. ഇതുപയോഗിച്ചു നിരങ്ങിയാണു സഞ്ചാരം. പാറ്റയുടെ അതേ വേഗം തന്നെ ഇതിനു ലഭിക്കും. കുഞ്ഞൻ റോബട്ടുകളെ സംബന്ധിച്ചു നോക്കുമ്പോൾ അത്ര വേഗം തന്നെ വലിയ കാര്യമാണ്. സാധാരണഗതിയിൽ ഇത്തരം കുഞ്ഞൻ റോബട്ടുകൾ ഒരു ചെറിയ തട്ടു കിട്ടിയാൽതന്നെ തകർന്നു പോകും. പക്ഷേ, പാറ്റ റോബട്ടിനു ചവിട്ടു കിട്ടുംതോറും കരുത്തു കൂടുകയേ ഉള്ളൂ.
‘എജ്ജാതി’ ജീവി എന്നാണു പാറ്റയെ പലരും വിശേഷിപ്പിക്കാറുള്ളത്. റോബട്ടിന്റെ പെരുമാറ്റം കണ്ടാലും ആരായാലും അങ്ങനെയേ പറയൂ. തന്റെ ശരീരത്തേക്കാൾ വലുപ്പമുള്ള ചെറിയൊരു കപ്പലണ്ടി പോലും വഹിച്ചു കൊണ്ടു സഞ്ചരിക്കാനുള്ള കഴിവുമുണ്ട്. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കിടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലേക്കു വമ്പൻ യന്ത്രങ്ങൾക്കോ മണം പിടിക്കുന്ന നായ്ക്കൾക്കോ പലപ്പോഴും പോകാൻ സാധിക്കാറില്ല. വൻതോതിൽ വിഷവാതകച്ചോർച്ചയുണ്ടാകുമ്പോഴും അതിന്റെ ഉറവിടം കണ്ടെത്താൻ മനുഷ്യർക്കു പോകാൻ സാധിക്കാതെ വരാറുണ്ട്. ഇത്തരം ഘട്ടങ്ങളിലായിരിക്കും പാറ്റ റോബട്ടിന്റെ സഹായം. ഗ്യാസ് സെൻസറുകളും മറ്റും ഘടിപ്പിച്ച് ഇവയെ എവിടേക്കു വേണമെങ്കിലും കയറ്റിവിടാം. ഒരെണ്ണമല്ല, ഒട്ടേറെയെണ്ണത്തെ ഇങ്ങനെ പലയിടത്തേക്ക് അയയ്ക്കാം. കൂടുതൽ പേരെ അപകടങ്ങളിൽ നിന്നു രക്ഷപ്പെടുത്തുകയും ചെയ്യാം. റോബട്ടിന്റെ പ്രവർത്തനം വിശദീകരിച്ചു സയൻസ് റോബട്ടിക്സ് ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട് ഗവേഷകർ.