പാടത്ത് കൊയ്യാൻ റോബട്ടുകൾ ഇറങ്ങുന്ന കാലം വിദൂരമല്ല കേട്ടോ...!
നെല്ലു കൊയ്യാൻ മലയാളികളെ കിട്ടാത്തതിനാൽ ഇപ്പോൾ ബംഗാളികളുടെ കൊയ്ത്തുപാട്ടാണു കേരളത്തിലെ വയലുകളിലെന്നാണു തമാശ. എന്നാൽ കുറേ കഴിയുമ്പോൾ ബംഗാളികളെയും കാണാതാകും, പകരം നല്ല ‘റോബട്ടിക്’ കൊയ്ത്തുപാട്ടു കേൾക്കാം വയലുകളിൽ നിന്ന്! പാടത്തു കൃഷിക്ക് റോബട്ടുകളിറങ്ങുന്ന കാലം വിദൂരമല്ലെന്നർഥം. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം യുഎസിലെ കലിഫോര്‍ണിയയിൽ നിന്നെത്തിക്കഴിഞ്ഞു. അവിടെ സാൻ കാർലോസ് എന്ന സ്ഥലത്തെ ഒരു വിൽപനശാലയിൽ അടുത്തിടെ വിൽപനയ്ക്കെത്തിയ ഇലക്കറികൾ മുഴുവൻ കൃഷി ചെയ്തതെടുത്തത് റോബട്ടുകളാണ്.
അയൺ ഓക്സ് എന്ന കമ്പനിയാണ് റോബട്ടുകളെ ഉപയോഗിച്ചു പച്ചക്കറി കൃഷി നടത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കമ്പനി സ്ഥാപിക്കപ്പെട്ടത്. വിത്തു നടുന്ന ജോലി മാത്രമേ മനുഷ്യനുള്ളൂ. ചെടി പറിച്ചു നടുന്നതും വെള്ളവും വളവും നൽകുന്നതുമെല്ലാം റോബട്ടുകളാണ്. ഹൈഡ്രോപോണിക്സ് രീതിയിലാണ് ഇതിന്റെ കൃഷിരീതി. അതായത്, കൃഷിക്കു മണ്ണ് ഉപയോഗിക്കില്ല. പകരം പലതരം പോഷകവസ്തുക്കളടങ്ങിയ ലായനിയിലേക്ക് ചെടികൾ ഇറക്കിവയ്ക്കും. ആ പോഷകമെല്ലാം വലിച്ചെടുത്തു ചെടി വളരും. പ്രത്യേകം തയാറാക്കിയ ലാബിലാണ് ഈ ചെടികളെ വളർത്തുക.
ലാബിനകത്ത് ഓരോ ചെടിക്കു വേണ്ട ‘കാലാവസ്ഥ’ സെറ്റ് ചെയ്യാനും സംവിധാനമുണ്ട്. ഉദാഹരണത്തിന്, സാൻ കാർലോസിൽ നിന്ന് അൽപം ദൂരെയായാണ് ബേബി ലെറ്റിസ് ചെടിയുടെ കൃഷി വ്യാപകമായുള്ളത്. അത്യാവശ്യം ചൂടുള്ള കാലാവസ്ഥയാണ് ഇതിനു വേണ്ടത്, എന്നാൽ അധികം മഴയും പാടില്ല. ഈ കാലാവസ്ഥ ലാബിൽ കൃത്രിമമായി ഒരുക്കിയാണ് അയൺ ഓക്സിന്റെ റോബട്ടുകൾ ലെറ്റിസ് കൃഷി ചെയ്തത്. കശ്മീരിലെ കാലാവസ്ഥ കേരളത്തിൽ കൃത്രിമമായൊരുക്കി അവിടത്തെ ആപ്പിൾ നമ്മുടെ നാട്ടിൽ ഉൽപാദിപ്പിക്കുന്നതു പോലെ! ചുമ്മാ പറയുന്നതല്ല, ഇതിനു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കുന്നത് നിർമിത ബുദ്ധി അഥവാ ആർടിഫിഷ്യൽ ഇന്റലിജൻസ് വഴിയാണ്.
ഓരോ ചെടിയുടെയും വളർച്ചയ്ക്കു വേണ്ട െവള്ളവും വളവും അന്തരീക്ഷവും വരെ ഒരുക്കി നൽകാൻ തക്ക സംവിധാനവും എഐ വഴി രൂപപ്പെടുത്തിയിട്ടുണ്ട്. നിലവിൽ വിത്തു നടുന്നതിന് മനുഷ്യൻ തന്നെ വേണം. ചെടി വളരുമ്പോഴാണ് റോബട്ട് ശ്രദ്ധിക്കാനെത്തുക. വളർച്ചയുടെ ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിച്ച് ആവശ്യമുള്ളതെല്ലാം നൽകാൻ സഹായിക്കുന്ന എഐ ‘മസ്തിഷ്കമാണ്’ ഈ റോബട്ടിക് സംവിധാനത്തിനുള്ളത്.
ആഴ്ചയിലൊരിക്കലാണ് അയൺ ഓക്സിന്റെ ഫാമിൽ തയാറായ ഇലക്കറികൾ സ്റ്റോറിലെത്തിക്കുക. ആദ്യഘട്ടത്തിൽ റെഡ്–വെയിൻഡ് സോറൽ, ഷെനെവീവ് ബാസിൽ, ബേബി ലെറ്റിസ് എന്നീ ഇലക്കറികളാണു കൃഷി ചെയ്തത്. പൂർണമായും ‘ഓർഗാനിക്’ ആണു സംഗതി. മാത്രവുമല്ല, മണ്ണും മനുഷ്യനും തൊട്ടിട്ടുമില്ല. പക്ഷേ റോബട്ട് വളർത്തിയതിനാൽ വില അൽപം കൂടുതലാണ്. 55 ഗ്രാമിന്റെ ഒരു പെട്ടി റെഡ്–വെയിൻഡ് സോറലിന് 170 രൂപയോളമാണു വില. ഷെനെവീവ് ബാസിലിന് വില 200 രൂപ കടക്കും. ബേബി ലെറ്റിസ് നാലെണ്ണത്തിനു വില 340 രൂപയോളം. മറ്റു ബ്രാൻഡുകളിലുള്ള ഇതേ ഇലക്കറികൾക്കു പക്ഷേ റോബട്ട് ഫാമിലുള്ളതിനേക്കാളും വിലക്കുറവാണ്. എങ്കിലും റോബട്ട് നട്ടു വളർത്തിയ ഇലക്കറികൾക്ക് ഡിമാൻഡിനൊട്ടും കുറവില്ല.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കൃഷി. ഭാവിയിൽ കൃഷിപ്പണിക്ക് ആളെക്കിട്ടാതെ വരുമ്പോൾ റോബട്ടുകളെ ഉപയോഗിക്കേണ്ടി വരുമെന്നാണ് അയൺ ഓക്സ് പറയുന്നത്. നിലവിൽ ഒരേക്കറിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറിയേക്കാൾ 30% കൂടുതൽ തങ്ങളുടെ റോബട്ടിക് ഫാമിലുണ്ടാക്കാനാകുമെന്നും അയൺ ഓക്സ് അവകാശപ്പെടുന്നു. മാത്രവുമല്ല ഇലക്കറികൾ തേടി ദൂരേക്ക് പോകേണ്ട ആവശ്യവുമില്ല. ആ വഴിക്കുള്ള ലാഭവും ഏറെ! ലോകജനസംഖ്യ ഇങ്ങനെ കുതിച്ചു കയറുകയും കാലാവസ്ഥാ മാറിമറിയുകയും ജോലിക്ക് ആളെ കിട്ടാതാകുകയും വരുന്ന കാലം അത്ര വിദൂരമല്ലെന്ന റിപ്പോർട്ട് ഇതിനോടകം വന്നു കഴിഞ്ഞു, അന്നൊരു പക്ഷേ ഈ ‘റോബട്ട് കൃഷിക്കാരായിരിക്കും’ താരങ്ങൾ.