വെള്ളം തേടി ‘നടക്കുന്ന’ ചെടിച്ചട്ടി; ഇങ്ങനെയും കണ്ടുപിടിത്തങ്ങളോ?
മിക്ക ദിവസവും പൂന്തോട്ടം നനയ്ക്കുന്നതാണ്. പക്ഷേ ഇന്നെന്തോ മറന്നു പോയി. തലേന്നു നല്ല വെയിലുമായിരുന്നു. ചെടികളെല്ലാം വാടിക്കരിഞ്ഞ അവസ്ഥ. ഇന്നു കൂടി വെള്ളമൊഴിച്ചില്ലെങ്കിൽ അവ കരിഞ്ഞു പോകുമെന്നത് ഉറപ്പ്. എന്നിട്ടും മറന്നു. രാവിലെ ഓഫിസിലേക്കു പോകുന്നതിനിടെ ദാ ഒരു ശബ്ദം. തിരിഞ്ഞു നോക്കുമ്പോഴുണ്ട് പൂന്തോട്ടത്തിലെ ചെടികളെല്ലാം നടന്നു വരുന്നു, എന്നിട്ടൊരു ഡയലോഗും ‘കുറച്ച് വെള്ളമൊഴിച്ചിരുന്നെങ്കിൽ ഞങ്ങൾക്കു വാടാതെ നിൽക്കാമായിരുന്നു...’
ആരായാലും അന്തംവിട്ടു പോകും. സ്വപ്നമാണോയെന്നു പോലും ചിന്തിക്കും. പക്ഷേ സ്വപ്നമല്ല, സംഗതി സത്യമാണ്. ചെടിക്ക് വെള്ളമൊഴിക്കാൻ മറന്നുപോയാൽ നടന്നു വന്ന് ഓർമിപ്പിക്കുന്ന ചെടിച്ചട്ടി റെഡിയായിക്കഴിഞ്ഞു. ഹെക്സ പ്ലാന്റ് എന്ന പേരിട്ടിരിക്കുന്ന ഈ ഡിജിറ്റൽ ചെടിച്ചട്ടിയുടെ ജോലി പക്ഷേ ഇതുകൊണ്ടൊന്നും തീരുന്നില്ല. ചെടിക്ക് ആവശ്യമുള്ളത്ര വെയില്‍ ലഭ്യമാക്കുകയെന്നതാണ് മറ്റൊരു ജോലി. ഇനിയിപ്പോൾ ചെടിക്ക് താങ്ങാവുന്നതിലുമേറെ വെയിൽ വന്നെന്നിരിക്കട്ടെ. അതിനെ ‘സുരക്ഷിത സ്ഥാന’ത്തേക്കു മാറ്റുകയെന്ന ചുമതലയുമുണ്ട്.
ആറു കാലുകളുള്ള ഒരു റോബട്ടാണ് യഥാർഥത്തിൽ ഹെക്സ. ഇതിനകത്ത് ലൈറ്റ്, ഹീറ്റ് സെൻസറുകളുണ്ട്. വീടിനകത്ത് പ്രകാശം അധികമായി കയറുമ്പോൾ ചെടിയെ ഹെക്സ തണലിലേക്കു മാറ്റും. കുറച്ചു വെയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്നു തോന്നുമ്പോൾ നേരെ തിരിച്ചും. എട്ടുകാലികൾ നടക്കുന്നതു പോലെയാണ് ആറുകാലുകളുമായി ഇവയുടെ യാത്ര. തലയിൽ ഒരു ചെടിയുണ്ടാകുമെന്നു മാത്രം. ചെടിക്ക് ആവശ്യത്തിന് വെള്ളമില്ലാതെ വരുമ്പോൾ ഹെക്സ ഡാൻസ് തുടങ്ങും. കാലുകൾ നീട്ടിയും ചുരുക്കിയുമൊക്കെയുള്ള നൃത്തം കണ്ടാൽ ഉറപ്പിക്കാം ചെടിക്കു വെള്ളമൊഴിക്കാൻ നേരമായെന്ന്. മനുഷ്യർ നൽകുന്ന സിഗ്നലുകൾക്കനുസരിച്ചു പ്രതികരിക്കാനുള്ള ശേഷിയുമുണ്ട്. ചൈനയിൽ നിന്നുള്ള വിൻക്രോസ് കമ്പനി സ്ഥാപകനായ സുൻ ടിയാൻഷിയാണ് ഹെക്സ പ്ലാന്റിന്റെ നിർമാതാവ്. ഇത്തരമൊരു ഐഡിയ കിട്ടിയതിനു പിന്നിലുമുണ്ടൊരു കുഞ്ഞുകഥ.
എൻജിനീയറായ ടിയാൻഷി അഞ്ചു വർഷം മുൻപ് ഒരു പുഷ്പ പ്രദർശനം കാണാൻ പോയതാണ്. നോക്കുമ്പോഴുണ്ട് ഒരു സൂര്യകാന്തിച്ചെടി വാടിക്കരിഞ്ഞിരിക്കുന്നു. തിളങ്ങുന്ന മഞ്ഞനിറത്തിലുള്ള ആ പൂവ് വാടിക്കിടക്കുന്നതു കണ്ടപ്പോൾ സ്വാഭാവികമായും ടിയാൻഷിക്ക് സങ്കടം തോന്നി. പക്ഷേ ആ ചെടിച്ചട്ടി ഇരുന്നിരുന്നത് തണലിലായിരുന്നു. സമീപത്ത് ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കുന്നയിടത്തു വച്ചിരുന്ന സൂര്യകാന്തിച്ചെടികൾക്കാകട്ടെ യാതൊരു കുഴപ്പവുമില്ല. പ്രകാശം കിട്ടാത്തതു കൊണ്ടാണോ അതു വാടിപ്പോയത്, അതോ മറ്റെന്തോ കാരണം കൊണ്ടോ? എന്തുതന്നെയായാലും വാടിക്കരിഞ്ഞു പോയ ആ ചെടിക്ക് അവിടെ നിന്നു തനിയെ മാറാനുള്ള കഴിവുണ്ടായിരുന്നെങ്കിലോ? അങ്ങനെ ചിന്തിച്ചു ചിന്തിച്ചാണ് ‘നടക്കുംചെടിച്ചടി’യുടെ ഐഡിയ അദ്ദേഹത്തിനു ലഭിക്കുന്നത്.
കോടിക്കണക്കിനു വർഷങ്ങളായി ഭൂമിയിലുണ്ടായിട്ടും ഇന്നും ചെടികൾക്ക് സഞ്ചരിക്കാനുള്ള കഴിവ് ലഭിച്ചിട്ടില്ല, ഇനി ലഭിക്കുമെന്നും തോന്നുന്നില്ല. എന്നാൽപ്പിന്നെ അവയെ ഒന്നു സഹായിച്ചേക്കാം എന്നു കരുതി ടിയാൻഷി റോബട്ടിന്റെ നിർമാണവും ആരംഭിച്ചു. പ്രകൃതിയും സാങ്കേതികതയും തമ്മിൽ ഹെക്സ പ്ലാന്റ് പോലെ കൂട്ടുകൂടണമെന്നാണു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.
വീടിനകത്തു വളർത്തുന്ന ചെടികൾക്കു വേണ്ടിയാണ് ഇപ്പോൾ ഹെക്സയെ തയാറാക്കിയിരിക്കുന്നത്. ഇവ വീടിനു പുറത്തെത്തിയാലോ? മുറ്റം നിറയെ നടക്കുന്ന ചെടികളുമായി ‘വെറൈറ്റി’ പൂന്തോട്ടവും നിർമിക്കാം. പക്ഷേ നിലവിൽ ഈ ചെടിച്ചട്ടി വിപണിയിലിറക്കില്ലെന്നാണ് കമ്പനി പറയുന്നത്. ചെടിച്ചട്ടിയുടെ ഭാഗമായ ആറു കാലുള്ള ഹെക്സ റോബട്ട് വിൽപനയ്ക്കുണ്ട്–1.15 ലക്ഷം രൂപയാണ് വില. വീട്ടുകാരുടെ ‘സഹായി’യായി പ്രവർത്തിക്കുന്ന ഈ റോബട്ടിനു രാത്രിയിലും കാഴ്ചശക്തിയുള്ള ക്യാമറ ഉൾപ്പെടെ ഒട്ടേറെ ഗുണങ്ങളുണ്ട്. അതിന്റെ മാർക്കറ്റിങ്ങിന്റെ ഭാഗമായാണ് ഇപ്പോൾ നടക്കും ചെടിച്ചട്ടി നിർമിച്ചിരിക്കുന്നതും.