ജബ ജബായല്ല, ഇത് യന്തിരൻ ‘ഡോൺ’

നവീൻ മോഹൻ

വീട് വൃത്തിയാക്കാൻ റോബട്ടിനെ ഏൽപിച്ചാലെങ്ങനെയുണ്ടാകും? വീട്ടിലെ വിലപിടിച്ച വസ്തുക്കൾ വരെ അത് മാലിന്യക്കൂനയിലേക്കു വലിച്ചെറിയാനിടയുണ്ട്. അതിനു കാരണവുമുണ്ട്. വീട്ടിൽ ചിതറിക്കിടക്കുന്ന ‘കച്ചറ’ കാണുമ്പോള്‍ അത് ഉപകാരമുള്ളതാണോ വലിച്ചെറിഞ്ഞു കളയാനുള്ളതാണോ എന്നു മനസ്സിലാക്കാനുള്ള ശേഷി മനുഷ്യനുണ്ട്. എന്നാൽ യന്ത്രങ്ങൾക്ക് അതില്ല. പക്ഷേ ഇപ്പോഴിതാ ആ കഴിവും റോബട്ടുകൾക്കു ലഭിച്ചിരിക്കുന്നു. അതിനു സഹായിച്ചതാകട്ടെ നിർമിത ബുദ്ധിയും (ആർടിഫിഷ്യൽ ഇന്റലിജൻസ്). അനാവശ്യ വസ്തുക്കളോ അജ്ഞാത വസ്തുക്കളോ കണ്ടെത്തിയാൽ അവയെ തിരിച്ചറിഞ്ഞ് വേണ്ടതു ചെയ്യാൻ കഴിവുള്ള റോബട്ടിനെ നിർമിച്ചതാകട്ടെ യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) ഗവേഷകരും.

‘ബുദ്ധിയുള്ള’ റോബട്ടുകളെ നിർമിക്കുമ്പോൾ നിലവിൽ രണ്ടു കാര്യങ്ങളാണ് എൻജിനീയർമാർ പഠിപ്പിക്കുക. ‘ടാസ്ക്–സ്പെസിഫിക് ലേണിങ്’ എന്നതാണ് അതിലൊരു രീതി. ഫാക്ടറികളിലാണ് ഇത്തരം റോബട്ടുകളുടെ ഉപയോഗം. ഏതെങ്കിലും പ്രത്യേകതരം ജോലി ഇവയെ പഠിപ്പിച്ചിട്ടുണ്ടാകും. അതായത്, നട്ടും ബോൾട്ടും മുറുക്കുന്ന പരിപാടി. പോലെ. അതിനിടയ്ക്ക് ഒരു സ്ക്രൂ ഇളക്കാൻ കമാൻഡ് കൊടുത്താൽ ‘ജബ ജബാ’ എന്നങ്ങനെ നില്‍ക്കും അവ. ഒരു അൽഗോരിതം വഴി റോബട്ടിനെ ‘പരീശീലിപ്പിക്കുന്ന’ രീതിയുമുണ്ട്. ഈ വിഭാഗത്തിൽപ്പെട്ടവയ്ക്ക് വിവിധ ആകൃതിയും വലുപ്പവുമുള്ള വസ്തുക്കളെ തിരിച്ചറിഞ്ഞ് അതിനനുസരിച്ചു പ്രവർത്തിക്കാൻ സാധിക്കും. പക്ഷേ എന്തെങ്കിലും ‘കോംപ്ലിക്കേറ്റഡ്’ ടാസ്ക് കൊടുത്താൽ ഈ റോബട്ടുകളും വലഞ്ഞു പോകും. ഇവയെ കവച്ചുവയ്ക്കുന്ന കഴിവുമായാണ് ഇപ്പോൾ പുതിയ റോബട്ടിന്റെ വരവ്. അതിനവയെ സഹായിക്കുന്നതാകട്ടെ എംഐടിയിലെ കംപ്യൂട്ടർ സയൻസ് ആൻഡ് ആർടിഫിഷ്യൽ ഇന്റലിജൻസ് ലാബറട്ടറിയിൽ തയാറാക്കിയ ‘ഡോൺ’ എന്ന പ്രോഗ്രാമും.

‘ഡെൻസ് ഓബ്ജക്ട്സ് നെറ്റ്സ്’ എന്നാണ് ഡോണിന്റെ മുഴുവൻ പേര്. ഈ ന്യൂറൽ നെറ്റ്‌വർക്ക് റോബട്ടുകളിൽ പ്രയോഗിച്ചാൽ അവയ്ക്ക് പ്രത്യേകമായൊരു ‘കഴിവു’ കിട്ടും. മറ്റൊന്നുമല്ല, മനുഷ്യനെപ്പോലെ എന്തും വേർതിരിച്ചറിയാനുള്ള ശേഷി (മുഴുവനായിട്ടൊന്നുമല്ല കേട്ടോ) പ്രത്യേക പരിശീലനത്തിലൂടെയാണ് ഇതു സാധ്യമാക്കുന്നത്. പരിശീലനത്തിനിടെ ഒരു വസ്തുവിനെ പല ആംഗിളുകളിലൂടെ ഇവ നോക്കിപ്പഠിക്കും. എന്നിട്ട് അവയിലെ ചില പ്രത്യേക പോയിന്റുകൾ മാത്രം ഓർത്തുവയ്ക്കും. അങ്ങനെ പല പോയിന്റുകളും ഓർത്ത് ഓരോ വസ്തുവിലേക്കുമുള്ള ഒരു വിഷ്വൽ റോഡ്മാപ്പ് മനസ്സിലുണ്ടാക്കും. ഈ പോയിന്റുകളെല്ലാം കൂട്ടിച്ചേർത്താൽ റോബട്ടിന് വസ്തുവിന്റെ ഒരു ത്രീ ഡി രൂപവും ‘മനസ്സിൽ’ കിട്ടും. ഇതെല്ലാം മനുഷ്യ സഹായമില്ലാതെ തന്നെ പഠിക്കാനും റോബട്ടിനു സാധിക്കും. ‘സെൽഫ്–സൂപ്പർവൈസ്ഡ് ലേണിങ്’ എന്നാണ് ഇതിനു ഗവേഷകർ നൽകിയിരിക്കുന്ന പേര്.

പഠനമെല്ലാം കഴിഞ്ഞ് റോബട്ടിന് ഏതെങ്കിലും ഒരു വസ്തു കാണിച്ചു കൊടുത്താൽ അതിലെ പോയിന്റുകളെ മനസ്സിലാക്കി തിരിച്ചറിയാൻ കഴിയും. അതായത് നേരത്തേ അതേ വസ്തുവിനെ കാണേണ്ടതു പോലുമില്ലെന്നർഥം. ക്യൂക്ക ഐഐഡബ്ല്യുഎ എൽആർബി എന്നറിയപ്പെടുന്ന റോബട്ടിക് കയ്യിലും ഈ ‘ഡോൺ’ സൂത്രം പരീക്ഷിച്ചിരുന്നു. പലതരം വസ്തുക്കൾ കൂട്ടിയിട്ടാലും അവയിൽ നിന്ന് ഓരോന്നിനെയും വേർതിരിച്ചെടുക്കാൻ ‘ഡോൺ’ വഴി സാധിച്ചു. ചുവപ്പ്, ബ്രൗൺ ഷൂവുകൾ കാണിച്ചു കൊടുത്തപ്പോൾ അവയും വേർതിരിച്ചറിയാൻ കഴിഞ്ഞു. അതോടെ പരീക്ഷണം ആദ്യഘട്ടം വിജയം. അടുത്ത ഘട്ടത്തിൽ ഇനി വീട്ടുജോലികൾക്ക് ഉൾപ്പെടെ എങ്ങനെ ഈ റോബട്ടിനെ ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകൻ പരിശോധിക്കുന്നത്. ബോംബുകളും മറ്റ് അജ്ഞാത അപകട വസ്തുക്കളും കണ്ടെത്തി നശിപ്പിക്കാൻ വരെ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. അതായത് പേരുപോലെത്തന്നെ ഡോൺ ആളു കേമനാണെന്നു ചുരുക്കം.