യന്തിരൻ വീണ്ടും വരുന്നു! പക്ഷേ സിനിമയിലല്ല...

പിങ്കി ബേബി

അമ്മേ, അടുക്കളയിൽ ജോലി ചെയ്തു മടുത്തോ, എങ്കിൽ പാചകം ചെയ്യാൻ ഞാൻ ഒരു റോബട്ടിനെ ഉണ്ടാക്കിത്തരട്ടെ? സർക്കാർ സ്കൂളിൽ ഹൈസ്കൂൾ തലത്തിൽ പഠിക്കുന്ന മകനോ മകളോ ഇങ്ങനെയൊരു ചോദ്യം ചോദിച്ചാൽ അമ്മമാർക്ക് ഇനി അത്ഭുതമുണ്ടാകില്ല. റോബട് ഉണ്ടാക്കുക മാത്രമല്ല, സുരക്ഷ ഉറപ്പാക്കാനുള്ള മൊബൈൽ ആപ്പും കിടിലൻ അനിമേഷൻ വിഡിയോയും ഗെയിമുകളും ഡ്രോണുമൊക്കെ അവർ ഇനി സ്വയമുണ്ടാക്കുമെന്നു പറയും മാതാപിതാക്കൾ.

കാരണം ഹൈസ്കൂൾ വിദ്യാർഥികൾക്കു സർക്കാർ ആരംഭിക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ കുട്ടിപ്പട്ടങ്ങൾ, പുതിയ സാങ്കേതികതയുടെ അനന്തവിഹായസിൽ തടസ്സങ്ങളൊന്നുമില്ലാതെ ഉയർന്നു പറക്കാൻ പോകുകയാണ്. ഈ അവധിക്കാലത്ത് എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് ആരംഭിക്കുന്ന പദ്ധതി വരുംവർഷങ്ങളിൽ തുടരും. ഐടിയിൽ താൽപര്യവും കഴിവും തെളിയിക്കുന്ന കുട്ടികൾക്കു മികച്ച പരിശീലനവും അറിവും അവസരവും നൽകുന്ന പദ്ധതിയാണു ലിറ്റിൽ കൈറ്റ്സ്. ജില്ലയിലെ 496 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. 27ന് മുൻപ് പങ്കെടുക്കേണ്ട സ്കൂളുകൾ കൈറ്റിന്റെ വെബ്‌സൈറ്റിൽ (www.kite.kerala.gov.in) റജിസ്റ്റർ ചെയ്യണം.

കുട്ടികൾ എപ്പോഴും കംപ്യൂട്ടറിൽ നോക്കിയിരിക്കുന്നെന്ന് ആവലാതിപ്പെടുന്നവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. എന്നാൽ ഈ അവധിക്കാലത്തോടെ കുട്ടികൾ കംപ്യൂട്ടർ വിദഗ്ധരാകുന്നതു കണ്ടു മാതാപിതാക്കൾ അഭിമാനിക്കും. ഭാവിയുടെ ടെക്നോളജി എന്നു വിശേഷിപ്പിക്കുന്ന റോബട്ടിക്സ് അടക്കമുള്ള മേഖലകളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കു മികച്ച പരിശീലനവും അറിവും നൽകുന്ന പദ്ധതിക്കാണ് കൈറ്റ് (കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) രൂപം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ റീജനൽ റിസോഴ്സ് സെന്ററിൽ ചേർന്ന യോഗത്തിൽ കൈറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ. അൻവർ സാദത്തും ജില്ലാ കോ–ഓർഡിനേറ്റർമാരും ഫിനാൻസ് എക്സിക്യൂട്ടിവ് ഓഫിസർമാരും പങ്കെടുത്തു. കൈറ്റ് നേരത്തെ വിഭാവനം ചെയ്ത പദ്ധതിക്ക് അന്തിമരൂപം നൽകാനായിരുന്നു യോഗം.

പറക്കാം ഐടിയുടെ ആകാശത്ത്
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒൻപതാം ക്ലാസിലേക്കു ജയിക്കുന്ന കുട്ടികൾക്കു വേണ്ടിയാണ് ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പാക്കുന്നത്. ഇവർ പത്താം ക്ലാസ് കഴിയുന്നതോടെ ഈ പരിശീലന പരിപാടി അവസാനിക്കും. വർഷം മുഴുവൻ തുടരുന്ന രീതിയിലാണു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. നെറ്റ്‌വർക്കിങ്, ആപ് ഡവലപ്മെന്റ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, മലയാളം കംപ്യൂട്ടിങ്, റോബട് നിർമാണം, സൈബർ സെക്യൂരിറ്റി, സൈബർ എത്തിക്സ്, വിഡിയോ എഡിറ്റിങ്, ഡോക്യുമെന്ററി മേക്കിങ്, അനിമേഷൻ തുടങ്ങിയ സാങ്കേതികവിദ്യയുടെ പുതിയ മേഖലകളിലെല്ലാം വിദഗ്ധ പരിശീലനം നൽകുന്നതാണു പദ്ധതി. ഈ അവധിക്കാലത്ത് ആരംഭിക്കുന്ന ഐടി കോഴ്സ് ഈ ബാച്ച് പത്താംക്ലാസ് പഠനം പൂർത്തിയാകുന്നതുവരെ തുടരും. പഠനത്തെയും സിലബസിനെയും ബാധിക്കാത്ത തരത്തിലാണു ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ ചിട്ടപ്പെടുത്തിയത്.

ജില്ലയിൽ 496 സ്കൂളുകൾ
ജില്ലയിൽ 496 സ്കൂളുകൾക്കു ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനായി അപേക്ഷിക്കാം. സ്കൂളിൽ 10 കംപ്യൂട്ടർ ഉണ്ടാവണമെന്നതാണു പ്രാഥമിക യോഗ്യത. സ്കൂൾ യൂണിറ്റിൽ 40 വിദ്യാർഥികൾക്കാണു പരിശീലനം ലഭിക്കുന്നത്. പദ്ധതിയിൽ ലക്ഷദ്വീപിലെ സ്കൂളുകളുടെ എണ്ണം കൂടി കണക്കിലെടുത്തിട്ടുണ്ടെന്ന് ജില്ലാ കോ–ഓർഡിനേറ്റിങ് ഓഫിസർ സി.എസ്. ജയദേവൻ പറയുന്നു. ജില്ലയിൽ മാത്രമായി 476 സ്കൂളുകൾക്ക് അപേക്ഷിക്കാം. കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകളെ ക്ലബ് ചെയ്ത്, യൂണിറ്റ് നൽകുന്ന കാര്യത്തിൽ പിന്നീടു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്യപ്രാപ്തിക്കു മാനദണ്ഡങ്ങൾ
കംപ്യൂട്ടർ പഠനത്തോടു പ്രത്യേക താൽപര്യമുള്ള കുട്ടികളിലേക്കും പദ്ധതിയെ ഗൗരവത്തോടെ മാത്രം സമീപിക്കുന്ന സ്കൂളുകളിലേക്കും മാത്രം പദ്ധതിയെ എത്തിക്കാൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലഭിക്കാൻ പ്രത്യേക മാനദണ്ഡങ്ങൾ സർക്കാർ ഏർപ്പെടുത്തുന്നുണ്ടെന്ന് സി.എസ്. ജയദേവൻ പറയുന്നു. കുട്ടികൾക്ക് സാങ്കേതികവിദ്യകൾ പഠിക്കാനുള്ള അഭിരുചിയുണ്ടോയെന്നു പരിശോധിക്കാൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി വിജയിക്കുന്നവരെയാണു പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. 27നു മുൻപ് കൈറ്റ്സ് വെബ്‌സൈറ്റിലൂടെ സ്കൂളുകൾ അപേക്ഷിക്കണം. ഐടി മേളകളിലും സയൻസ് മേളകളിലുമുള്ള സ്കൂളുകളുടെ നേട്ടം യൂണിറ്റ് ലഭിക്കാൻ പ്രയോജനപ്പെടും. മാർച്ച് ഒന്നിനു സർക്കാർ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 25 ശതമാനത്തിനു മുകളിലുള്ള കുട്ടികൾക്കാണു കോഴ്സിൽ അവസരം ലഭിക്കുക. മാർച്ച് രണ്ടു വരെ കുട്ടികൾക്കു പരീക്ഷയ്ക്കായി അപേക്ഷിക്കാം. മൂന്നിന് ഓൺലൈനായി പരീക്ഷ നടക്കും. മാതാപിതാക്കളുടെ അനുമതി പത്രം കോഴ്സിനു നിർബന്ധം.

പ്രയോജനമേറെ
രാജ്യത്തെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരുടെ പരിശീലനമാണു കുട്ടികൾക്ക് ലഭിക്കുക. ഐഐടി, എൻഐടി, എൻജിനീയറിങ് കോളജുകളിലെ പ്രഫസർമാർ, ഫ്രീലാൻസ് പ്രഫസർമാർ എന്നിവർ ക്ലാസെടുക്കും. ഇതിനു വിദഗ്ധരുടെ പാനൽ സർക്കാർ തയാറാക്കും. ആദ്യം സ്കൂളിന്റെ ചുമതലയുള്ള അധ്യാപകർക്കാണു പരിശീലനം. സ്കൂളിൽ എൻസിസിയോ എൻഎസ്എസോ റെഡ് ക്രോസോ പോലുള്ള യൂണിറ്റായാണു ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുക. യൂണിറ്റുള്ള സ്കൂളുകൾക്കു നിർബന്ധമായി സൈൻ ബോ‍ഡ് ഉണ്ടാകണം. ഇതിനുള്ള ചെലവ് സർക്കാർ വഹിക്കും. അംഗങ്ങളായ കുട്ടികൾക്ക് ഐഡന്റിറ്റി കാർഡ് നൽകും. തുടർപഠന മേഖല തിരഞ്ഞെടുക്കാനും അഭിരുചി അറിയാനും പുത്തൻ അറിവു ലഭിക്കാനും മാത്രമല്ല, പുതിയ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ സമയത്തും ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് പ്രയോജനപ്പെടും. റോബട് ഉണ്ടാക്കാം, ഡ്രോൺ പറത്താം കുട്ടികളുടെ അഭിരുചി അനുസരിച്ച് ഓരോ വിഭാഗങ്ങളായി തിരിച്ചാവും പരിശീലനം. ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, വിഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളിൽ താൽപര്യവും പ്രാവീണ്യവും കാണിക്കുന്ന കുട്ടികളെ ഒരുമിച്ചിരുത്തും. പ്രോഗ്രാമിങ്, സോഫ്‌ട്‌വെയർ, ആപ് ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതാണ് അടുത്ത വിഭാഗം. ഡ്രോൺ നിർമാണവും റോബട് നിർമാണവും ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ്‌വെയറിൽ ഉൾപ്പെടും. മലയാളം കംപ്യൂട്ടിങ്, മലയാളം വിക്കി തുടങ്ങിയവ കൈകാര്യം ചെയ്യുന്ന വിഭാഗവുമുണ്ട്. സൈബർ എത്തിക്സും സൈബർ സെക്യൂരിറ്റിയും ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളുമെല്ലാം കുട്ടികളെ പഠിപ്പിക്കും.

മാതാപിതാക്കൾ അറിഞ്ഞു മാത്രം
മാതാപിതാക്കളുടെ പൂർണ പിന്തുണയോടെ മാത്രമാണു പരിശീലന പരിപാടിയിൽ പങ്കെടുക്കാനാകുക. അവധിക്കാലത്തും ക്ലാസുകൾ നടത്തുന്നതുകൊണ്ടാണിത്. മാതാപിതാക്കൾക്കായും ഏകദിന ക്യാംപ് നടത്തും. കുട്ടികളുടെ പഠനനിലവാരം കൃത്യമായി അറിയിക്കും.

അധ്യാപിക വേണം
ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്ന എല്ലാ മിക്സഡ് സ്കൂളുകളിലും അധ്യാപക കോ– ഓർഡിനേറ്റർമാരിലൊരാൾ വനിതയാവണമെന്നു നിർബന്ധമാണ്. രണ്ടു വനിതാ പ്രതിനിധികളെ അനുവദിക്കും. ഇൻഫോ പാർക്, ടെക്നോ പാർക്ക്, സ്റ്റാർട്ടപ് സംരംഭങ്ങളുടെ ആസ്ഥാനങ്ങൾ എന്നിവ സന്ദർശിക്കാനുള്ള യാത്രകളും സ്കൂളിൽ താമസിച്ചുള്ള പഠന ക്യാംപുകളും പദ്ധതിയുടെ ഭാഗമായുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണു വനിതാ അധ്യാപകരെ ചുമതലപ്പെടുത്തുന്നത്. കോ–ഓർഡിനേറ്റർമാരായ അധ്യാപകർക്ക് പ്രത്യേക ഓണറേറിയം സർക്കാർ നൽകും. മാർച്ചിൽ അധ്യാപകർക്കുള്ള പരിശീലനം ആരംഭിക്കും.

ഹൈടെക് സ്കൂളുകൾക്ക് ഹൈടെക് കുട്ടികൾ
ഹൈടെക് സ്കൂളുകൾക്കായി ഹൈടെക് കുട്ടികളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവും സർക്കാരിന്റെ ഈ പദ്ധതിക്കുണ്ട്. ഹൈടെക് സ്കൂളിന് അഞ്ചു വർഷത്തെ വാറന്റിയിൽ നൽകുന്ന കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കേടുവരാതെ സംരക്ഷിക്കുന്നതിനു പ്രാപ്തരായിരിക്കും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ. ഉപകരണങ്ങൾ കൃത്യമായി പ്രവർത്തിപ്പിക്കുന്നതു സംബന്ധിച്ചും ലിറ്റിൽ കൈറ്റ്സ് ക്ലാസുകളിൽ ലഭിക്കുന്ന വിവരങ്ങൾ എല്ലാ കുട്ടികളിലേക്കുമെത്തിക്കുന്നതിനായും ഇവർ മറ്റുള്ളവർക്കായി ക്ലാസുകൾ സംഘടിപ്പിക്കും.